അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.പി നസീമ ടീച്ചര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: വനിതാ ലീഗ് സംസ്ഥാന ട്രഷററും അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ കൊളവയലിലെ പി.പി നസീമ ടീച്ചര്‍ (50) അന്തരിച്ചു. റിട്ട. അധ്യാപകന്‍ മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഭാര്യയാണ്. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. പണ്ഡിത കുടുംബത്തില്‍ നിന്നുള്ള അംഗമായ നസീമ കാഞ്ഞങ്ങാട് ഖാസിയായിരുന്ന പരേതനായ കെ.എച്ച് മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെ കൊച്ചുമകളാണ്. ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായിരുന്നു. 2015-20 കാലഘട്ടത്തിലാണ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പദം വഹിച്ചത്. നാല് തവണ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചു. നസീമ പ്രസിഡണ്ടായ കാലത്ത് ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നു. നല്ല പ്രാസംഗിക കൂടിയാണ്. ജില്ലയില്‍ വനിതാലീഗ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ചു. മക്കള്‍: മന്‍സൂര്‍, നസ്‌റിയ. സഹോദരങ്ങള്‍: അബ്ദുസ്സലാം, മറിയം, സഫിയ, മൈമൂന, നഫീസ, നാസര്‍, ഫൗസിയ, ബഷീര്‍, പരേതനായ പി.പി കുഞ്ഞബ്ദുല്ല (മാധ്യമ പ്രവര്‍ത്തകന്‍).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it