കാസര്‍കോട്: ഒരു വശത്ത് ആസ്പത്രി, നഗരസഭ ശ്മശാനം, ക്ഷേത്രം, അംഗന്‍വാടി, മറുവശത്ത് റേഷന്‍ കട, മസ്ജിദ്. ദേശീയപാത നുള്ളിപ്പാടിയില്‍ അടിപ്പാത ഇല്ലാതായാല്‍ ഇവിടങ്ങളിലേക്കൊക്കെ എത്തിച്ചേരേണ്ടവര്‍ ഇത്തിരി കഷ്ടപ്പെടും. വിദ്യാനഗര്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് മറുവശത്തേക്ക് പോകണമെങ്കില്‍ പുതിയ ബസ് സ്റ്റാന്റിന്റെ സര്‍ക്കിള്‍ വരെ പോയി യു ടേണ്‍ എടുക്കേണ്ടി വരും. പുതിയ ബസ്സ്റ്റാന്റ് ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആസ്പത്രിയിലോ ക്ഷേത്രത്തിലേക്കോ പോകണമെങ്കില്‍ അണങ്കൂര്‍ വരെ വന്ന് അടിപ്പാതയിലൂടെ കയറി പോവേണ്ടി വരും. വലിയ വാഹനങ്ങളാണെങ്കില്‍ വിദ്യാനഗര്‍ വരെ പോവേണ്ടി വരും. ആസ്പത്രിയിലേക്ക് അടിയന്തരമായി എത്തേണ്ട രോഗികളും വലയും. വെറും നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിയിരുന്ന ഇടങ്ങളിലേക്ക് ഇനി വാഹനം പിടിച്ച് ഒരു കിലോ മീറ്ററിലധികം സഞ്ചരിക്കേണ്ടി വരും.
നുള്ളിപ്പാടിയില്‍ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും ആസ്പത്രി ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ സമര രംഗത്തിറങ്ങി 310 ദിവസം പിന്നിട്ടു. സമരപ്പന്തല്‍ കെട്ടി ദേശീയപാതയില്‍ രാപ്പകല്‍ സമരം തുടങ്ങി 12 ദിവസം പിന്നിട്ടു. അടിപ്പാത പണിയണമെന്ന ആവശ്യം ദേശീയപാത നിര്‍മാണപ്രവൃത്തി ആരംഭിച്ചതു മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. അടിപ്പാത പണിയുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇത് പാലിച്ചില്ലെന്ന് സമരസമിതി പറയുന്നു. പുതിയ ബസ്സ്റ്റാന്റ് പരിസരം വഴി നിര്‍മിക്കുന്ന മേല്‍പ്പാലം നുള്ളിപ്പാടി ആയുര്‍വേദ ആസ്പത്രി വരെ നീളുമെന്ന് പറഞ്ഞെങ്കിലും അത് നടന്നില്ലെന്ന് സമര സമിതി ചെയര്‍മാനും കാസര്‍കോട് നഗരസഭ കൗണ്‍സിലറുമായ പി. രമേശ് പറഞ്ഞു. അടിപ്പാതയില്ലെങ്കില്‍ റേഷന്‍ കടയിലേക്കും ആസ്പത്രിയിലേക്കും ഉള്‍പ്പെടെ ഇരുവശങ്ങളിലേക്കും പോകണമെങ്കില്‍ 100 രൂപയ്ക്കടുത്ത് ഓട്ടോ പിടിച്ച് പോകേണ്ട അവസ്ഥവരുമെന്നും നാടിനെ പിളര്‍ത്തുന്ന ദേശീയപാത നിര്‍മാണം അംഗീകരിക്കാനാവില്ലെന്നും സമര സമിതി കണ്‍വീനര്‍മാരായ ഹാരിസ് നുള്ളിപ്പാടിയും അനില്‍ ചെന്നിക്കരയും പറഞ്ഞു. നാല് തവണ ഇതേ വിഷയത്തില്‍ അധികൃതരുമായി ചര്‍ച്ച നടത്തി. ആദ്യഘട്ടത്തില്‍ ചര്‍ച്ച നടത്തിയതിന് ശേഷം ശ്മശാനത്തിലേക്കും പോകുന്ന ഭാഗത്ത് അടിപ്പാത നിര്‍മിക്കാനുള്ള പ്രാഥമിക നടപടികള്‍ കരാര്‍ കമ്പനി നടത്തിയിരുന്നുവെന്നും എന്നാല്‍ പിന്നീട് നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നുവെന്നും സമരസമിതി കുറ്റപ്പെടുത്തുന്നു.
രോഗികള്‍ക്കും ജീവനക്കാര്‍ക്കും തിരിച്ചടിയാവും; ഡോ. എം.എ മുഹമ്മദ് അഫ്സല്‍
നുള്ളിപ്പാടിയില്‍ അടിപ്പാത നിര്‍മിച്ചില്ലെങ്കില്‍ കെയര്‍വെല്‍ ആസ്പത്രിയിലേക്ക് എത്തിച്ചേരേണ്ട രോഗികളും ജീവനക്കാരും വലയുമെന്ന് കെയര്‍വെല്‍ ആസ്പത്രി എം.ഡി എം.എ മുഹമ്മദ് അഫ്സല്‍ പറഞ്ഞു. ആസ്പത്രിയില്‍ 170 ജീവനക്കാരുണ്ട്. 60 നഴ്സിംഗ് വിദ്യാര്‍ഥികള്‍ ഉണ്ട്. ചികിത്സയ്ക്കായി എത്തുന്ന രോഗികളും. മുപ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആസ്പത്രിയിലേക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ചികിത്സയ്ക്കായി എത്തുന്നുണ്ട്. അടിപ്പാതയില്ലെങ്കില്‍ കാസര്‍കോട് വഴി വരുന്ന വലിയ ആംബുലന്‍സുകള്‍ക്ക് അണങ്കൂര്‍ അടിപ്പാത വഴി വരാനാവില്ല. വിസ്താരം കുറവായതിനാല്‍ വിദ്യാനഗറിലെത്തി വരേണ്ടി വരും. രോഗികള്‍ക്ക് യഥാസമയം ചികിത്സ കിട്ടുന്നതിന് ബുദ്ധിമുട്ട് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.