ഔദാര്യമല്ല; അവകാശമാണ് സക്കാത്ത്

സമത്വത്തിന്റെ സന്ദേശമാണ് ഇസ്ലാമിന്റെത്. ഇസ്ലാം സ്രഷ്ടാവില്‍ ഏകത്വവും സൃഷ്ടികളില്‍ സമത്വവും പരിചയപ്പെടുത്തി. അത് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാനങ്ങളില്‍ നോക്കുക. എല്ലാത്തിലും കാണാം ഏകത്വ, സമത്വ അധ്യാപനങ്ങള്‍. ജാതി, വര്‍ഗ, വര്‍ണ, സ്വത്ത്, വിവേചനങ്ങളില്ല. എല്ലാവരും ശഹാദത് കലിമയും അഞ്ച് നേരത്തെ നിസ്‌കാരവും നോമ്പും സകാത്തും ഹജ്ജും നിര്‍വഹിക്കണം. നിസ്‌കാര നിര്‍വഹണത്തിലോ ജമാഅത്തായി നിര്‍വഹിക്കുന്നിടത്തോ വൈജാത്യമില്ല. അറിവുള്ളവന്റെ നേതൃത്വത്തില്‍ ബാക്കിയെല്ലാം മറന്ന് ഒരുമിച്ച് നില്‍ക്കണം. സ്ത്രീക്കും പുരുഷനും നിസ്‌കാരത്തില്‍ യാതൊരു ഇളവുമില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് […]

സമത്വത്തിന്റെ സന്ദേശമാണ് ഇസ്ലാമിന്റെത്. ഇസ്ലാം സ്രഷ്ടാവില്‍ ഏകത്വവും സൃഷ്ടികളില്‍ സമത്വവും പരിചയപ്പെടുത്തി. അത് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാനങ്ങളില്‍ നോക്കുക. എല്ലാത്തിലും കാണാം ഏകത്വ, സമത്വ അധ്യാപനങ്ങള്‍. ജാതി, വര്‍ഗ, വര്‍ണ, സ്വത്ത്, വിവേചനങ്ങളില്ല. എല്ലാവരും ശഹാദത് കലിമയും അഞ്ച് നേരത്തെ നിസ്‌കാരവും നോമ്പും സകാത്തും ഹജ്ജും നിര്‍വഹിക്കണം. നിസ്‌കാര നിര്‍വഹണത്തിലോ ജമാഅത്തായി നിര്‍വഹിക്കുന്നിടത്തോ വൈജാത്യമില്ല.
അറിവുള്ളവന്റെ നേതൃത്വത്തില്‍ ബാക്കിയെല്ലാം മറന്ന് ഒരുമിച്ച് നില്‍ക്കണം. സ്ത്രീക്കും പുരുഷനും നിസ്‌കാരത്തില്‍ യാതൊരു ഇളവുമില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് അവരുടെ ശാരീരിക പ്രത്യേകതകളെ പരിഗണിച്ച് ചില ഇളവുകളും സൗകര്യങ്ങളും നല്‍കുന്നുണ്ട്.
മാനുഷിക പരിഗണനയിലൂന്നിയ ഇളവുകളാണിവ എന്നതൊഴിച്ചാല്‍ സമത്വം നിസ്‌കാരത്തിലുണ്ട്. നോമ്പിന്റെ കാര്യത്തിലും ഹജ്ജിന്റെ കാര്യത്തിലും സാമൂഹികതയും സമത്വവും പകല്‍ പോലെ വ്യക്തമാണ്. ഒരേ മാതാപിതാക്കളുടെ മക്കള്‍ക്കിടയിലും വ്യത്യാസങ്ങളുണ്ട്. ഒരു കൈയിലെ അഞ്ചു വിരലുകള്‍ എല്ലാം വ്യത്യസ്തമാണല്ലോ? പൂര്‍ണമായ സമത്വം ഒരിക്കലും നടപ്പാകില്ല. എല്ലാവരും പുരുഷന്മാരാകണമെന്നോ സ്ത്രീകളാകണമെന്നോ ശഠിക്കാന്‍ പറ്റില്ല. എല്ലാവരും ഒരേ തരം ജോലി മാത്രമേ ചെയ്യാവൂ, ഒരേ ശൈലിയിലേ സംസാരിക്കാവൂ, ജീവിക്കാവൂ എന്നും പറയാനാകില്ല. സ്ഥലം, കാലം, ശരീരം, സാഹചര്യങ്ങള്‍ എന്നിവക്കനുസരിച്ച് മനുഷ്യര്‍ക്കിടയില്‍ വൈവിധ്യങ്ങളും വൈജാത്യങ്ങളും സ്വാഭാവികം. ഇത് ഒഴിവാക്കാനാകില്ല. അപകടകരമായതാണ് ചില അസമത്വങ്ങള്‍. അവകള്‍ തുടച്ച് നീക്കേണ്ടതാണ്. അതിന് പ്രതിവിധികള്‍ അനിവാര്യമാണ്. നിയമങ്ങളും നയങ്ങളും വേണം ഇത്തരം അസമത്വത്തിന്റെ ഉന്മൂലനത്തിന്.
സാമ്പത്തിക രംഗത്തുള്ള അസമത്വമാണ് മനുഷ്യര്‍ക്കിടയില്‍ ഏറ്റവും അപകടകരമായത്. ഈ അസമത്വത്തിന്റെ നിര്‍മാര്‍ജനത്തിന് ഇസ്ലാം മുന്നോട്ടു വെച്ച ശ്രദ്ധേയമായ ബദലാണ് ദാനധര്‍മങ്ങള്‍. അതായത് സകാത്തും സ്വദഖയും. സകാത്ത് നിര്‍ബന്ധവും സ്വദഖ സുന്നത്തും.
സമ്പത്ത് ചിലരില്‍ കുന്നുകൂടുമ്പോഴാണ് മനുഷ്യര്‍ക്കിടയില്‍ ശക്തമായ അസമത്വം രൂപപ്പെടുന്നത്. സമ്പാദന ശേഷി എല്ലാവര്‍ക്കും ഒരുപോലെയുണ്ടാകില്ല. സമ്പത്ത് ചൂഷണത്തിലൂടെയും അല്ലാതെയും ഉണ്ടാക്കാം. ചൂഷണരീതികളെ നിശിതമായി വിലക്കിയ ഇസ്ലാം സാമ്പത്തിക അസമത്വത്തിന്റെ സകല സാധ്യതകളും അടച്ചുകളയുന്നു. സമ്പത്തിനെ ചിലരിലേക്ക് മാത്രമാക്കി ഊറ്റി വറ്റിക്കുന്ന മാരക ചൂഷണമായ പലിശ, ലോട്ടറി, ഇന്‍ഷ്വറന്‍സ്, ചൂതാട്ടം, വാതുവെപ്പ്, മണിചെയിന്‍ ബിസിനസ്, പൂഴ്ത്തിവെപ്പ്, ഊഹക്കച്ചവടം തുടങ്ങിയ സകല സാമ്പത്തിക ചൂഷണങ്ങളെയും ഇസ്ലാം വിലക്കുന്നു. ദരിദ്ര -മുതലാളിമാര്‍ക്കിടയിലുള്ള അകലം കുറക്കാന്‍ വേണ്ടിയുള്ളതാണ് സകാത്ത്. സാമ്പത്തിക വളര്‍ച്ചയിലൂന്നിയുള്ള സാമൂഹിക നീതി ത്വരിതപ്പെടുത്തുകയാണ് സകാത്ത്. പ്രത്യക്ഷത്തില്‍ സകാത്തിന്റെ വിഹിതം ചെറുതാണെങ്കിലും സാമ്പത്തിക മേഖലയില്‍ അതിന്റെ സ്വാധീനവും പ്രതിഫലനവും അത്ര ചെറുതല്ല. സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങള്‍ക്കെല്ലാം ഒറ്റമൂലിയാണ് സകാത്ത് സമ്പ്രദായം. സകാത്ത് പണക്കാരന്റെ ഔദാര്യമല്ല. അര്‍ഹരുടെ അവകാശമാണത്. അതുകൊണ്ട് തന്നെയാണ് സകാത്ത് സ്വീകരിക്കുന്നത് ഒരു തരം താഴ്ന്ന ഏര്‍പ്പാടല്ലാതായിത്തീരുന്നതും. ഇസ്ലാമിനെ പോലെ ദരിദ്രര്‍ക്ക് വേണ്ടി ഒരു സ്ഥിരനിക്ഷേപം നിര്‍ണയിച്ച പ്രത്യയശാസ്ത്രങ്ങളോ പ്രസ്ഥാനങ്ങളോ ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ദാരിദ്ര്യത്തെ താത്കാലികമായി ശമിപ്പിക്കുക മാത്രമല്ല സകാത്തിലൂടെ പരസ്പര സഹായ-സഹകരണ ബോധവും ഉണ്ടാകുന്നു.
വിവിധ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും പദ്ധതികളും സര്‍ക്കാറുകള്‍ നടത്താറുണ്ട്. എന്നാല്‍ അവയൊന്നും യഥാര്‍ഥ അവകാശികള്‍ക്കു കൃത്യമായി ലഭ്യമാകുന്നില്ല എന്നതാണ് വാസ്തവം. നൂറ് രൂപയുടെ സര്‍ക്കാര്‍ ദാനം സാധാരണക്കാര്‍ക്ക് എത്തുമ്പോള്‍ ചുരുങ്ങുന്നു. പക്ഷേ, സകാത്ത് നേരിട്ട് തന്നെ അവകാശികളിലേക്ക് എത്തുന്നു. സകാത്ത് അതിന്റെ അവകാശികള്‍ക്ക് തന്നെ നല്‍കണം. അവകാശികള്‍ക്ക് നല്‍കാത്ത ദാനം സകാത്തായി പരിഗണിക്കുകയില്ലല്ലോ.
ഇസ്ലാമിക ഖിലാഫത്തും ഭരണക്രമവും നിലവിലില്ലാത്ത സ്ഥലങ്ങളില്‍ പോലും സ്വയം പ്രേരിതമായി നേരിട്ട് സകാത്ത് വിതരണം നടത്തുകയാണ് ചെയ്യുന്നത്. കേവലം ഒരു സാമൂഹികക്ഷേമ പ്രവര്‍ത്തനമോ സാമ്പത്തിക വിക്രയമോ അല്ല സകാത്ത്. അത് വിശ്വാസിക്ക് ആരാധനയാണ്.
സകാത്ത് നല്‍കുന്ന സാമ്പത്തിക സുരക്ഷയുടെ മികച്ച ഉദാഹരമാണ് ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായം പോലും സ്വീകരിക്കാന്‍ ദരിദ്രരില്ലാത്ത ഒരവസ്ഥ സൃഷ്ടിക്കാന്‍ ഒന്നാം നൂറ്റാണ്ടിയിലെ ഇസ്ലാമിക ഭരണകൂടത്തിന് സാധിച്ചിരുന്നു എന്നത്. ഇസ്ലാമിക ഭരണത്തിന്റെ പ്രാരംഭം തൊട്ടേ യമനില്‍ ഗവര്‍ണറായിരുന്ന മുആദുബ്നു ജബല്‍(റ), ഉമര്‍(റ) ഉലീഫയായ ആദ്യവര്‍ഷം തന്നെ യമനിലെ സകാത്ത് മുതലിലെ മൂന്നിലൊരു ഭാഗം കേന്ദ്രത്തിന് അയച്ച് കൊടുത്തു. ഉമര്‍(റ)കഥയറിയാതെ ഗവര്‍ണര്‍ക്കെഴുതി 'നികുതി പിരിക്കാനോ ജിസ്യ പിരിക്കാനോ അല്ല, ധനികരില്‍ നിന്ന് പിരിച്ച് ദരദ്രര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ വേണ്ടിയാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്തിലെ ദരിദ്രരുടെ അവശതകള്‍ പരിഹരിക്കാതെയാണ് ഈ പണം കേന്ദ്രത്തിലേക്കയച്ചതെന്നാണ് ഉമര്‍(റ)ധരിച്ചത്. മറുപടിയായി ഗവര്‍ണര്‍ എഴുതി 'എന്റെ പക്കലില്‍ നിന്നും ധനം വാങ്ങാന്‍ അര്‍ഹതയുള്ള ഒരാളേയും ലഭിക്കാത്തത് കൊണ്ടാണ് ബാക്കി പണം ഞാന്‍ അങ്ങോട്ടയച്ചത്'. എന്നാല്‍, അടുത്ത വര്‍ഷം സകാത്തിന്റെ പകുതി ഭാഗവും സ്വീകരിക്കാനാളില്ലാതെ കേന്ദ്രത്തിലേക്കയക്കേണ്ടി വന്നു. മൂന്നാം വര്‍ഷവും ഇതാവര്‍ത്തിച്ചു എന്നതാണ് ചരിത്രം. ഇസ്ലാമിന് മാത്രമാണ് ഇത്തരമൊരു പൈതൃകം അവകാശപ്പെടാനുണ്ടാവുക. ഇസ്ലാമിലെ ദാരിദ്ര ഉന്മൂലന പ്രകൃയയുടെ പ്രയോഗിക തെളിവാണിത്.
സാമ്പത്തിക സുരക്ഷയുടെ കാര്യത്തില്‍ ഇസ്ലാമിക സ്വത്തവകാശ നിയമവും ഇരു പിടി മുന്നില്‍ തന്നെയാണ് നിലകൊള്ളുന്നത്. ഇസ്ലാമിന്റെ മികച്ച സംഭാവനയാണ് സ്വത്തവകാശം എന്നാണ് പ്രമുഖര്‍ നിരീക്ഷിക്കുന്നത്. പ്രൊഫ: റുംസി പറയുന്നു:'സ്വത്തു പിന്തുടര്‍ച്ചാവകാശത്തെ സംബന്ധിച്ച ഏറ്റവും സംശുദ്ധവും ശാസ്ത്രീയവും സുതാര്യവുമായ ചട്ടങ്ങളാണ് മുഹമ്മദന്‍ ലോ ഉള്‍കൊള്ളുന്നെന്ന കാര്യത്തില്‍ തര്‍ക്കമില്ല'. സ്ത്രീക്ക് പുരുഷന്റെ പകുതി അവകാശം നിര്‍ണ്ണയിച്ചതു വ്യക്തമായ അന്യായമല്ലെ എന്ന് വിമര്‍ശിക്കുന്നവരുണ്ട്.
സത്യത്തില്‍ സ്ത്രീകള്‍ക്കു തീരെ അനന്തരവകാശമില്ലെന്നു വിധിച്ചിരുന്ന കാലത്താണ് മാതാപിതാക്കളുടെ സ്വത്തില്‍ പെണ്‍മക്കള്‍ക്കും അവകാശമുണ്ടന്ന് പ്രഖ്യാപിക്കുന്നത് എന്ന് നാം ഓര്‍ക്കണം. രാജ്യത്തെ ദാരിദ്രതയുടെ പ്രധാന കാരണം അധികാരികളുടെ അഴിമതികള്‍ ആണെന്ന് സാമ്പത്തിക വിദഗ്ധനായ ഡോ: അമര്‍ത്യസന്‍ പറയുകയുണ്ടായി. ഭരണകര്‍ത്താക്കളുടെ അഴിമതിയും ആഡംഭര ജീവിതത്തെയും ഇസ്ലാമിനെ പോലെ ശക്തമായി എതിര്‍ക്കുന്ന മറ്റൊരു മതമോ പ്രത്യയശാസ്ത്രമോ ലോകത്തില്ല. ഇസ്ലാമിലെ രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ് തന്റെ അസര്‍ബൈജാനിലെ സൈന്യാധിപനായ ഉത്ബത്തു ബ്നു ഫര്‍ദിന് അയച്ച കത്ത് ഇപ്രകാരമാണ് 'ഉത്ബാ ഈ സമ്പത്ത് നിന്റെ മാതാവിന്റെയോ പിതാവിന്റെയോ അദ്ധ്വാനത്തില്‍ നിന്നുണ്ടായതല്ല, അതു കൊണ്ട് അതില്‍ നിന്ന് സമുദായത്തെ ഭക്ഷിപ്പിക്കുക, ആഢംബരത്തേയും പട്ടുവസ്ത്രത്തേയും നീ ഒഴിവാക്കുക.' സക്കാത്തിന്റെ നടത്തിപ്പിന് ശക്തമായ പദ്ധതികള്‍ മുന്നോട്ടു വെച്ച ഇസ്ലാം അനുബന്ധ സാമ്പത്തിക അപകടങ്ങളെയും അസമത്വങ്ങളേയും ശക്തമായി എതിര്‍ക്കുന്നതാണ് നാം ഇവിടെ കാണുന്നത്.
സമ്പത്തിന്റെ യഥാര്‍ഥ ഉടമസ്ഥനും സൃഷ്ടികളുടെ യജമാനനും അല്ലാഹുവാണല്ലോ.
സൃഷ്ടിജാലങ്ങളില്‍ നിശ്ചയിച്ച ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി സ്രഷ്ടാവ് ഉണ്ടാക്കിയ യുക്തിപൂര്‍ണമായ ക്രമീകരണങ്ങളില്‍ ഒന്നാണ് സകാത്ത്.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മതം മുന്നോട്ടു വെക്കുന്ന ശക്തമായ ബദലാണ് സകാത്ത് സമ്പ്രദായം. പാവപ്പെട്ടവന്ന് പണക്കാര്‍ നല്‍കുന്ന ഔദാര്യമല്ല സകാത്ത്.അത് അവരുടെ അവകാശമാണ്. അത് വീട്ടേണ്ടവര്‍ വീട്ടിയേ മതിയാകൂ.
സാമ്പത്തിക രംഗത്ത് കൊവിഡ് വിതച്ച വിനാശങ്ങള്‍ക്ക് ഒരു പരിഹാരമാവട്ടെ ഈ ദാനധര്‍മ്മങ്ങള്‍.

-ഹാരിസ് സഖാഫി കൊമ്പോട്

Related Articles
Next Story
Share it