ഭാഷാനിഘണ്ടു ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്തവര്‍ കാണുമോ? എന്നാല്‍ ഭാഷാര്ത്ഥങ്ങളെ ത്രസിപ്പിക്കുന്ന കഥയായോ ഉദ്വേഗജനകമായ നോവലായോ അനുഭവക്കുറിപ്പുകളായോ എഴുതിയാലോ. റഹ്മാന് തായലങ്ങാടിയുടെ ‘വാക്കിന്റെ വടക്കന്‍ വഴികള്‍’ എന്ന പുസ്തകം ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ സാധിക്കുന്ന മാജിക്കല്‍ രചനയാണ്. നാട്ടുഭാഷയില്‍ രചിച്ച മനോഹരമായ ഫിക്ഷനായോ കാസര്‍കോടിന്റെ ഭാഷാ വൈവിധ്യത്തെ കോര്‍ത്തിണക്കിയ വാക്കുമൊഴികളായോ പുസ്തകത്തെ വിലയിരുത്താം. നാട്ടുമൊഴികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന നവകാലത്ത് അവയെ രേഖപ്പെടുത്തുക എന്ന ചരിത്രനിയോഗത്തെ, ഏതുതരം വായനക്കാരനും രസിപ്പിക്കുന്ന രീതിയിലുള്ള ആഖ്യാനശൈലിയില്‍ രചിക്കാന്‍ തന്റെ സ്വതസിദ്ധമായ എഴുത്ത് രീതിയും നര്‍മ്മബോധവും റഹ്മാന് തായലങ്ങാടിയെ ഏറെ സഹായിച്ചിട്ടുണ്ട്.
സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന അതിലേറെ ഭാഷകള്‍ സംസാരിക്കുന്ന കാസര്‍കോട്, മലയാളത്തില്‍ തന്നെ പലതരം നാട്ടുമൊഴികളാണ്. പൂര്‍വ്വകാലത്ത് പ്രയോഗിച്ചിരുന്ന ഇന്ന് അന്യംനിന്നുപോയ പലവാക്കുകളും അവയുടെ പ്രയോഗരീതിയും പറയുന്ന, നിഘണ്ടു മാതൃകയിലല്ലാത്ത എന്നാല്‍ ആ ധര്‍മ്മം നിര്‍വഹിക്കുന്ന മലയാളത്തിന്റെ പുതിയ പരീക്ഷണ രീതിയാണ് വാക്കിന്റെ വടക്കന്‍ വഴികള്‍. ഗൃഹാതുരത്വമുണര്‍ത്തുന്ന കാസര്‍കോടന്‍ നാട്ടുമൊഴികളാണ് പുസ്തകം പറയുന്നതെങ്കിലും ഏതൊരു മലയാളിക്കും ആസ്വദിച്ചുവായിക്കാവുന്ന ശൈലിയാണ് റഹ്മാന് തായലങ്ങാടി അവലംബിച്ചിരിക്കുന്നത്.
നാട്ടുഭാഷകള്‍ ദേശചരിത്രത്തിന്റെ അടയാളങ്ങള്കൂടിയാണ്. സൗന്ദര്യവും താളവും ഇടകലര്‍ന്ന വടക്കിന്റെ മുസ്ലിംഭാഷാ വൈവിധ്യങ്ങളോടുകൂടിയുള്ളതാണ്. ഒരു മുസ്ലിം പേര് തന്നെ പ്രായത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന കൗതുകം ഗ്രന്ഥകാരന് വിവരിക്കുന്നത് കാണുക. ഫാത്തിമ പാത്തിബിയും പാത്തിഞ്ഞയും ബിയ്യാത്തുവും ബിയ്യാത്തിഞ്ഞയുമാകുന്നു. ആയിഷ ബീവിയാണ് ആച്ചിബിയും ഐച്ചുമ്മയും.
ആയിസാബിയും ആച്ചിഞ്ഞയും വേറെയുണ്ട്. അങ്ങനെ എത്ര ആയിഷമാരാണ്. ഖദീജ പ്രായമുള്ളതാണെങ്കില് കഞ്ചിഞ്ഞയാകും അല്ലെങ്കില്‍ ഖദീസയും കഞ്ചീബിയും.
സുഗന്ധം പരത്തുന്ന നമ്മുടെ നാട്ടുഭാഷയ്ക്ക് അമ്മിഞ്ഞപാലിന്റെ രുചിയുണ്ടെന്നാണ് ഗ്രന്ഥകാരന് പറയുന്നത്. മധുരമില്ലാത്ത ചായക്ക് ചപ്പ എന്നാണ് കാസര്‍കോട്ടുകാര്‍ പറയുക. കേരളത്തില്‍ മറ്റെവിടെയും മധുരം ചേര്‍ക്കാത്തതിന് സ്വന്തമായി ഒരുവാക്കില്ലന്ന് റഹ്മാന് തായലങ്ങാടി കണ്ടെത്തുന്നു. പുഴുവിനെ നാട്ടുഭാഷയില്‍ പുതു എന്ന് വിളിക്കുന്നതിന്റെ സുഖം മറ്റെന്ത്പേരിനുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. പഴം തിന്നാല്‍ തോലിന് പകരം ചൂളി കളയുന്ന കാസര്‍കോട്ടുകാര്‍ പഴംപൊരിക്ക് ബേക്കാച്ചി എന്നാണ് പറയുന്നതെന്നും ഒരു ചായപീടികയില്‍ കയറിയാല്‍ നിങ്ങള്‍ക്കവിടെ വിചിത്രപേരുകളിലുള്ള പലഹാരം കിട്ടുമെന്നും രസകരമായരീതിയില്‍ വാക്കിന്റെ വടക്കേ വഴികളില്‍ പറയുന്നു. മലയാളത്തിലെ ‘ഴ’ ഉച്ഛരിക്കാന്‍ അറിയാത്തവരല്ല കാസര്കോട്ടുകാരെന്നും എങ്കിലും മഴക്ക് പകരം മയ എന്നും വാഴക്ക് പകരം വായ എന്നും കോഴിക്ക് പകരം കോയി എന്നും വിളിക്കുന്നത് അവയിലെ നാട്ടുമൊഴിയുടെ സൗന്ദര്യം കൊണ്ടാണെന്നും റഹ്മാന് തായലങ്ങാടി വിവരിക്കുന്നു.
അടുത്ത സുഹൃത്തിനെ ലങ്കോട്ടിദോസ്ത് എന്ന് വിളിക്കുന്നതുപോലെ, ചെറിയ കുട്ടികള്‍ മീനിനെ ഉമ്മിയെന്നു വിളിക്കുന്നതുപോലെ ഏറെ രസകരവും കൗതുകകരവുമായ വാക്കുകളിലൂടെയും അന്യമായിക്കൊണ്ടിരിക്കുന്ന ശീലങ്ങളുടെയും സംസ്കാരങ്ങളുടെയും ഓര്മ്മപ്പെടുത്തലുകളിലൂടെയും പുസ്തകം കടന്നുപോകുന്നു. കാസര്‍കോട്ടെ വാമൊഴികളില്‍ അറബിയുടെയും പേര്‍ഷ്യന്‍ ഭാഷകളുടെയും ഉര്ദുവിന്റെയും തുളുവിന്റെയും കന്നഡയുടെയും തമിഴിന്റെയും സ്വാധീനമുള്ളതായി സൂക്ഷ്മ നിരീക്ഷണത്തില്‍ ബോധ്യമാകുന്നതായി അദ്ദേഹം പറയുന്നു. ബണ്ണാത്തനും കുണ്ടച്ചനും എന്താണെന്നും ബിപാളെ എന്തെന്നും പോയിപ്പോയി എന്നു പറയുന്നതിന്റെ അര്‍ത്ഥമെന്തെന്നും മുട്ടനാടിന് ഇവിടെ കുട്ടനാട് എന്ന പേരുണ്ടെന്നും അറിയാന്‍ വാക്കിന്റെ വടക്കന്‍ വഴികള്‍ വായിക്കണം.
നീണ്ട 34 വര്‍ഷം ചന്ദ്രികയില്‍ ബ്യൂറോ ചീഫായും സബ് എഡിറ്ററായും ചീഫ് സബ് എഡിറ്ററായും സേവനമനുഷ്ഠിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രഭാഷകനുമായ റഹ്മാന് തായലങ്ങാടിയുടെ വാക്കിന്റെ വടക്കന്‍ വഴികള്‍ ഹുബാഷിക പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്. വില 250 രൂപ
-കെ.പി.എസ് വിദ്യാനഗര്‍