നീലേശ്വരം: ഉത്തരമലബാര്‍ ജലോത്സവം ആവേശം പകരുന്നതായി. അച്ചാംതുരുത്തി-കോട്ടപ്പുറം പാലത്തിലും പുഴയുടെ ഇരുകരകളിലുമായി നാടിന്റെ നാനാഭാഗത്തുനിന്നുമെത്തിയ നൂറുകണക്കിനാളുകളാണ് ആവേശം പകര്‍ന്ന് തടിച്ചുകൂടിയത്. ഹൗസ് ബോട്ടുകളിലും തോണികളിലുമായി പുഴയിലും പലരും ആവേശം പകരാന്‍ എത്തി. അതിനിടെയുണ്ടായ അപ്രതീക്ഷിത മഴയും ഇടിമിന്നലും പ്രതീക്ഷയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി. ഇന്നലെ നിര്‍ത്തിവെച്ച മത്സരങ്ങള്‍ ഇന്ന് രാവിലെ മുതല്‍ നടന്നു. 15 ആള്‍ തുഴയും വനിതകളുടെ ഫൈനലും 25 ആള്‍ തുഴയും മത്സരവുമാണ് ഇന്ന് നടന്നത്.
14 ടീമുകള്‍ ഇഞ്ചോടിഞ്ച് പൊരുതിയ 15 പേര്‍ തുഴയും പുരുഷവിഭാഗം മത്സരത്തില്‍ എ.കെ.ജി. പൊടോത്തുരുത്തി ജേതാക്കളായി. കൃഷ്ണപിള്ള കാവുംചിറക്കാണ് രണ്ടാം സ്ഥാനം. എ.കെ.ജി. മയ്യിച്ച മൂന്നാംസ്ഥാനം നേടി. 15 പേര്‍ തുഴയും വനിതകളുടെ ഒന്നും രണ്ടും പാദ മത്സരം പൂര്‍ത്തിയാക്കി കലാശപ്പോരാട്ടത്തിന് തയ്യാറെടുക്കവെയാണ് അപ്രതീക്ഷിതമായി ഇടിമിന്നലും മഴയുമുണ്ടായത്.
ജലോത്സവം നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരമേഖലയ്ക്ക് മുതല്‍ക്കൂട്ടാകുംവിധം ഉത്തരമലബാര്‍ ജലോത്സവം മാറണമെന്നും വരുംവര്‍ഷം ഇതിലും മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അച്ചാംതുരുത്തി പാലത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ജലോത്സവം അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.
സംഘാടകസമിതി ചെയര്‍മാന്‍ എം. രാജഗോപാലന്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, സബ് കലക്ടര്‍ പ്രതീക് ജെയിന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത, ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.വി. പ്രമീള, വി.വി. സജീവന്‍, പി.വി. മുഹമ്മദ് അസ്ലം, വി.കെ. ബാവ, ബി.ആര്‍.ഡി.സി. മാനേജിങ് ഡയറക്ടര്‍ ഷിജിന്‍ പറമ്പത്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകുമാര്‍, ഡി.ടി.പി.സി. സെക്രട്ടറി ശ്യാം കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.