കാസര്‍കോട്: പ്രധാനമന്ത്രി നൂറുവട്ടം പ്രചരണത്തിന് വന്നാലും കേരളത്തില്‍ ബി.ജെ.പിക്ക് ഒരു സീറ്റും ലഭിക്കാന്‍ പോകുന്നില്ലെന്നും ഉത്തരേന്ത്യന്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊവ്വല്‍, മൊഗ്രാല്‍, അണങ്കൂര്‍ എന്നിവിടങ്ങളില്‍ നടന്ന യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ജനങ്ങള്‍ വളരെ സമാധാനത്തോടെയാണ് ജീവിച്ചതെന്നും ബ്രിട്ടീഷുകാര്‍ ചെയ്തതു പോലെ രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കാസര്‍കോട് ജില്ലക്ക് വേണ്ടി ഇടതു സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും കാസര്‍കോട്ട് ഇന്ന് കാണുന്ന വികസനങ്ങളെല്ലാം നടന്നത് യു.ഡി.എഫ് കാലത്താണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. പൊവ്വലില്‍ നടന്ന യോഗത്തില്‍ മൊയ്തു ബാവാഞ്ഞി അധ്യക്ഷത വഹിച്ചു. എബി കലാം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.ബി ഷാഫി, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.ബി മുഹമ്മദ്ക്കുഞ്ഞി, ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. മൊഗ്രാലില്‍ അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. കെ. മഞ്ജുനാഥ ആള്‍വ സ്വാഗതം പറഞ്ഞു. അണങ്കൂരില്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. കെ. ഖാലിദ് സ്വാഗതം പറഞ്ഞു.