മൊഗ്രാല്‍: ജില്ലയിലെ ടൂറിസം പദ്ധതികള്‍ ബേക്കല്‍ കോട്ടയില്‍ മാത്രം ഒതുങ്ങുന്നുവെന്ന് ആക്ഷേപം. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുള്ള ടൂറിസം പ്രദേശങ്ങളിലെ വികസന പദ്ധതികള്‍ പ്രഖ്യാപനത്തിലും തറക്കല്ലിടല്‍ മാമാങ്കത്തിലും ഒതുങ്ങി നില്ക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്.
മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ടൂറിസം പദ്ധതികള്‍ക്ക് പതിറ്റാണ്ടുകളായി കാലതാമസം നേരിടുന്നു. ഇവിടങ്ങളിലെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ കനിയാത്തതാണ് തടസ്സമായി നില്‍ക്കുന്നത്.
മഞ്ചേശ്വരം കണ്വതീര്‍ത്ഥ അടക്കമുള്ള കടലോര- പുഴയോര ടൂറിസം പദ്ധതികള്‍ ഒന്നും ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണനയില്‍ പോലുമില്ല. കുമ്പളയിലെ ചരിത്ര പൈതൃകം വിളിച്ചോതുന്ന ആരിക്കാടി കോട്ട നാശത്തിന്റെ വക്കിലാണ്. ഇത് സംരക്ഷിക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്.
ടൂറിസം വികസനത്തിന് ഏറെ സാധ്യത കല്‍പ്പിച്ച അനന്തപുരം ശ്രീപത്മനാഭ ക്ഷേത്രം സ്ഥിതിചെയ്യുന്ന അനന്തപുരം പ്രദേശം ഇപ്പോഴും അവഗണനയിലാണ്. യക്ഷഗാന കലാ കേന്ദ്രത്തിനും ഇതുവരെ ജീവന് വെച്ചിട്ടില്ല.
ജില്ലയിലെ ടൂറിസം പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ വര്‍ഷം ജില്ലയിലെത്തിയ ടൂറിസം ഡയറക്ടര്‍ സന്ദര്‍ശനം നടത്തിയത് ബേക്കല്‍ കോട്ടയിലും, റാണിപുരം മാത്രമായിരുന്നുവെന്നാണ് ആക്ഷേപം.
കിദൂര്‍ ഗ്രാമീണ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം തുടങ്ങിയിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. ഫണ്ടില്ലെന്ന കാരണത്താല്‍ നിര്‍മ്മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. ആരിക്കാടി ടൂറിസം വില്ലേജ് പദ്ധതി, മൊഗ്രാല്‍ പുഴയോര ഇക്കോ ടൂറിസം പദ്ധതി, മണ്ഡലത്തിലെ കടലോര ടൂറിസം പദ്ധതികള്‍, പുത്തിഗെ പഞ്ചായത്തിലെ മണിയമ്പാറ നോ ണക്കല്ലിലെ സിറിയ അണക്കെട്ട് പ്രദേശമൊക്കെ അവഗണന നേരിടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
യക്ഷഗാന കലാകേന്ദ്രത്തിന് കഴിഞ്ഞവര്‍ഷത്തെ ബഡ്ജറ്റില്‍ സര്‍ക്കാര്‍ തുക ഉള്‍ക്കൊള്ളിച്ചിരുന്നു. ഈ ടൂറിസം പദ്ധതിയും പൂര്‍ത്തിയാക്കാന്‍ കാലതാമസമെടുക്കുന്നു. കുമ്പളയിലെ ആരിക്കാടി കോട്ട, അനന്തപുരം തുടങ്ങിയ ഇടങ്ങള്‍ ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചാല്‍ കുമ്പളയുടെ വികസനത്തിന് വലിയ മുന്നേറ്റമുണ്ടാക്കാനാ വുമെന്ന് മൊഗ്രാല്‍ ദേശീയവേദി അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ്സില്‍ മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കുമെന്ന് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ അറിയിച്ചു.