എത്ര കണ്ടാലും മതിവരില്ല; മാനൂരി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം

കാഞ്ഞങ്ങാട്: ഈ ദൃശ്യഭംഗി കണ്ടാല്‍ മതിവരില്ല. പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നുകരാന്‍ മാനൂരിച്ചാല്‍ സഞ്ചാരികളെ മാടിവിളിക്കുന്നു. കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ ചായ്യോത്തിനടുത്ത മാനൂരിച്ചാലിലെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തില്‍ അലഞ്ഞുചേരാന്‍ നൂറുകണക്കിനാളുകളാണെത്തുന്നത്. മണ്‍സൂണ്‍ വെള്ളച്ചാട്ടമായതിനാല്‍ മഴക്കാലത്ത് മാത്രമെ ഈ മനോഹരദ്യശ്യം ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ കനത്ത മഴയില്‍ പാറക്കെട്ടുകളില്‍ നിന്നൊഴുകിവരുന്ന വെള്ളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും വെള്ളച്ചാട്ടത്തില്‍ കുളിക്കാനും ഇവിടെ ആളുകളുടെ തിരക്കാണ്.കൂടുതല്‍ വിസ്തൃതിയില്‍ പരന്ന് കിടക്കുന്നതിനാല്‍ നിരവധി ആളുകള്‍ക്ക് ഒരേസമയം വെള്ളച്ചാട്ടത്തിന് കീഴെനിന്ന് ആസ്വദിക്കാന്‍ കഴിയും. നീലേശ്വരത്ത് നിന്നും […]

കാഞ്ഞങ്ങാട്: ഈ ദൃശ്യഭംഗി കണ്ടാല്‍ മതിവരില്ല. പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നുകരാന്‍ മാനൂരിച്ചാല്‍ സഞ്ചാരികളെ മാടിവിളിക്കുന്നു. കിനാനൂര്‍ - കരിന്തളം പഞ്ചായത്തിലെ ചായ്യോത്തിനടുത്ത മാനൂരിച്ചാലിലെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തില്‍ അലഞ്ഞുചേരാന്‍ നൂറുകണക്കിനാളുകളാണെത്തുന്നത്. മണ്‍സൂണ്‍ വെള്ളച്ചാട്ടമായതിനാല്‍ മഴക്കാലത്ത് മാത്രമെ ഈ മനോഹരദ്യശ്യം ആസ്വദിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ കനത്ത മഴയില്‍ പാറക്കെട്ടുകളില്‍ നിന്നൊഴുകിവരുന്ന വെള്ളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും വെള്ളച്ചാട്ടത്തില്‍ കുളിക്കാനും ഇവിടെ ആളുകളുടെ തിരക്കാണ്.
കൂടുതല്‍ വിസ്തൃതിയില്‍ പരന്ന് കിടക്കുന്നതിനാല്‍ നിരവധി ആളുകള്‍ക്ക് ഒരേസമയം വെള്ളച്ചാട്ടത്തിന് കീഴെനിന്ന് ആസ്വദിക്കാന്‍ കഴിയും. നീലേശ്വരത്ത് നിന്നും വെള്ളരിക്കുണ്ട് ചെറുപുഴ റൂട്ടില്‍ എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചായ്യോത്തും അവിടെ നിന്നും കാഞ്ഞിരപ്പൊയില്‍ റൂട്ടില്‍ രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാനൂരിയിലും എത്താം.
റോഡരികില്‍ സൂചനാ ബോര്‍ഡുകള്‍ ഇല്ലെങ്കിലും ആളുകള്‍ നടന്ന് പോയി തെളിഞ്ഞ വഴിയിലൂടെ ചെറിയ ഇറക്കമിറങ്ങിയാല്‍ പ്രകൃതി അണിയിച്ചൊരുക്കിയ മാനൂരി വെള്ളച്ചാട്ടം കാണാം. മുമ്പ് കാട് മൂടിക്കിടന്ന ഈ പ്രദേശം പുറം ലോകം അറിഞ്ഞു തുടങ്ങിയിട്ട് അധിക കാലമായില്ല. ഇപ്പോള്‍ ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും പ്രദേശത്തേക്ക് ആളുകളുടെ ഒഴുക്കാണ്.
ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും കുടുംബത്തോടൊപ്പം വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കുവാനും അതില്‍ കുളിക്കുവാനും ധാരാളം ആളുകളെത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ കൂടി ഒരുക്കുകയാണെങ്കില്‍ ഭാവിയില്‍ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറാന്‍ സാധ്യതയുള്ള സ്ഥലമാണ് വെള്ളരിക്കുണ്ട് താലൂക്കിലെ മാനൂരി വെള്ളച്ചാട്ടം.

Related Articles
Next Story
Share it