സി.പി.ഐ നേതാവ് വെടിയേറ്റ് മരിച്ച കേസില്‍ തോക്ക് കണ്ടെത്താനായില്ല; റിമാണ്ടില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ്

ബേക്കല്‍: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് സി.പി.ഐ നേതാവ് മരിച്ച കേസില്‍ നിര്‍ണായക തെളിവായ തോക്ക് കണ്ടെത്തിനായില്ല. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശിയും സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായ എം മാധവന്‍ നമ്പ്യാര്‍ (65) തോക്കുകെണിയില്‍ നിന്നും വെടിയേറ്റ് മരിച്ച കേസില്‍ സുപ്രധാന തെളിവായ തോക്ക് കരിച്ചേരി പുഴയില്‍ വലിച്ചെറിഞ്ഞിരുന്നുവെന്ന് പ്രതി പനയാല്‍ ബട്ടത്തൂര്‍ കരുമ്പാലക്കാലയിലെ ശ്രീഹരി(28) പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പൊലീസ് തോക്കിന് വേണ്ടി പുഴയില്‍ […]

ബേക്കല്‍: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് സി.പി.ഐ നേതാവ് മരിച്ച കേസില്‍ നിര്‍ണായക തെളിവായ തോക്ക് കണ്ടെത്തിനായില്ല. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശിയും സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗവുമായ എം മാധവന്‍ നമ്പ്യാര്‍ (65) തോക്കുകെണിയില്‍ നിന്നും വെടിയേറ്റ് മരിച്ച കേസില്‍ സുപ്രധാന തെളിവായ തോക്ക് കരിച്ചേരി പുഴയില്‍ വലിച്ചെറിഞ്ഞിരുന്നുവെന്ന് പ്രതി പനയാല്‍ ബട്ടത്തൂര്‍ കരുമ്പാലക്കാലയിലെ ശ്രീഹരി(28) പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പൊലീസ് തോക്കിന് വേണ്ടി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയില്‍ ശക്തമായ ഒഴുക്കുണ്ടെന്നും അതുകൊണ്ടുതന്നെ തിരച്ചില്‍ തുടരാന്‍ ബുദ്ധിമുട്ടാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ ശ്രീഹരിയെ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ത്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തിരുന്നു. ശ്രീഹരിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു. കര്‍ഷകന്‍ കൂടിയായ മാധവന്‍ നമ്പ്യാരുടെ മരണവുമായി ബന്ധപ്പെട്ട് ശ്രീഹരിക്കെതിരെ ബേക്കല്‍ പൊലീസ് ബോധപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരുന്നത്. തോട്ടത്തില്‍ ചക്ക പറിക്കാനെത്തിയപ്പോഴായിരുന്നു മാധവന്‍ നമ്പ്യാര്‍ക്ക് വെടിയേറ്റത്. കാട്ടുപന്നിയെ ലക്ഷ്യമാക്കി ശ്രീഹരി ഇവിടെ വെച്ചിരുന്ന തോക്കാണ് അപകടം വരുത്തിയത്. മാധവന്‍ നമ്പ്യാര്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. വയലില്‍ തോക്ക് കെണി വെച്ചിട്ടുണ്ടെന്ന് ശ്രീഹരി നേരത്തെ പറഞ്ഞിരുന്നെന്നും അതെടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നെന്നുമാണ് മാധവന്‍ നമ്പ്യാരുടെ മരണമൊഴിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് ശ്രീഹരിയെ ചോദ്യം ചെയ്തപ്പോള്‍ മാധവന്‍ നമ്പ്യാരുടെ സമ്മതത്തോടെയാണ് തോക്ക് വെച്ചതെന്ന് മൊഴി നല്‍കി.

Related Articles
Next Story
Share it