ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല; കൈക്കൂലി ആരോപണത്തില്‍ എന്‍.സി.ബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ ബുധനാഴ്ച ചോദ്യം ചെയ്യും

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്നും തീരുമാനമായില്ല. ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ബുധനാഴ്ചയും വാദം കേള്‍ക്കും. ഇന്നും എന്‍സിബിക്കെതിരെ ആര്യന്‍ ഖാന്‍ കോടതിയില്‍ രംഗത്തെത്തി. തന്റെ വാട്സ്ആപ്പ് ചാറ്റുകള്‍ അന്വേഷണസംഘം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും തനിക്കെതിരെ യാതൊരു തെളിവുകളും എന്‍സിബിയുടെ കൈവശമില്ലെന്നും ആര്യന്‍ പറഞ്ഞു. അതേസമയം കേസിലെ കൈക്കൂലി ആരോപണത്തില്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ ബുധനാഴ്ച ചോദ്യം ചെയ്യും. എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള […]

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്നും തീരുമാനമായില്ല. ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ബുധനാഴ്ചയും വാദം കേള്‍ക്കും. ഇന്നും എന്‍സിബിക്കെതിരെ ആര്യന്‍ ഖാന്‍ കോടതിയില്‍ രംഗത്തെത്തി. തന്റെ വാട്സ്ആപ്പ് ചാറ്റുകള്‍ അന്വേഷണസംഘം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും തനിക്കെതിരെ യാതൊരു തെളിവുകളും എന്‍സിബിയുടെ കൈവശമില്ലെന്നും ആര്യന്‍ പറഞ്ഞു.

അതേസമയം കേസിലെ കൈക്കൂലി ആരോപണത്തില്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ ബുധനാഴ്ച ചോദ്യം ചെയ്യും. എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമീറിനെ ചോദ്യം ചെയ്യുക. സമീറിനെതിരെ ആരോപണം ഉന്നയിച്ച് സാക്ഷികളെയും ബുധനാഴ്ച ചോദ്യം ചെയ്യും.

അതിനിടെ സമീര്‍ വാങ്കഡെയ്‌ക്കെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. വാങ്കഡെ ദീപിക പദുകോണ്‍ ഉള്‍പ്പെടെ നിരവധിപ്പേരെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഗുരുതര വെളിപ്പെടുത്തലുകളുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്തെത്തി. വാങ്കഡെയ്ക്ക് എതിരെ ആരോപണങ്ങള്‍ നിരത്തിയ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ജീവനക്കാരന്റെ കത്ത് മന്ത്രി നവാബ് മാലിക്ക് പുറത്തുവിട്ടു. ലഹരിമരുന്ന് കൊണ്ടുവെച്ചത് എന്‍സിബിയാണെന്ന് ആരോപിക്കുന്ന കത്താണ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടത്.

ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ് ഉള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ പണം തട്ടിയെന്നും കത്തില്‍ പറയുന്നതായി നവാബ് മാലിക് ആരോപിച്ചു. ഇത് ലഹരിമരുന്ന് മാഫിയയുമായുള്ള സമീര്‍ വാങ്കഡെയുടെ ബന്ധമാണ് കാണിക്കുന്നത്. 26 കേസുകളില്‍ നിയമം പാലിക്കാതെയാണ് സമീര്‍ ഇടപെട്ടത്. നിരവധിപേരെ കള്ളക്കേസില്‍ കുടുക്കിയതായും എന്‍സിബി ജീവനക്കാരന്റെ കത്തില്‍ പറയുന്നതായും നവാബ് മാലിക് പറയുന്നു.

കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ആര്യന്‍ ഖാനെ വിട്ടയക്കാനായി കേസിലെ സാക്ഷിയായ കെ പി ഗോസാവിയും എന്‍സിബി ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയും പണം കൈപ്പറ്റിയെന്നായിരുന്നു കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സെയില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. സാം ഡിസൂസ എന്നയാളുമായി കോടികളുടെ ഇടപാടാണ് ഗോസാവി നടത്തിയതെന്നും ഇതില്‍ എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കിയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ആകെ 25 കോടി രൂപയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും കേസിലെ സാക്ഷിയാക്കിയ തന്നില്‍ നിന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ വെള്ള പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയെന്നും പ്രഭാകര്‍ ആരോപിച്ചിരുന്നു.

Related Articles
Next Story
Share it