ഒരു സാക്ഷിയുടെ തുറന്നുപറച്ചില്‍...

വികസനത്തിന്റെ പാകമെത്താത്ത, ഇന്നും അവഗണനയുടെ ആട്ടുകല്ലിലരയുന്ന അത്യുത്തര കേരളത്തില്‍ നിന്നുള്ള പ്രതിനിധിയാണ് പ്രൊഫ. കെ.കെ അബ്ദുല്‍ ഗഫാര്‍. ഉന്നതിയിലേക്ക് ഓടിക്കയറാന്‍ പടവുകള്‍ പോലുമില്ലാതിരുന്ന ഒരു കാലത്ത് നിന്ന് ഉന്നത വിദ്യഭ്യാസത്തിന്റെ ആകാശത്തേക്ക് ഓടിക്കയറിയ ഒരാള്‍. വിദ്യഭ്യാസത്തോട് മുഖംതിരിഞ്ഞുനിന്നിരുന്ന ഒരു സമൂഹത്തിലായിരുന്നു അബ്ദുല്‍ഗഫാറിന്റെ ജനനം. എങ്കിലും അദ്ദേഹത്തിന് വിദ്യാഭ്യാസത്തോട് വലിയ ആര്‍ത്തിയായിരുന്നു. വാപ്പയുടെ പിന്തുണ മാത്രമായിരുന്നു പിന്‍ബലം. മംഗലാപുരത്തെ പ്രശസ്തമായ സെന്റ് അലോഷ്യസ് കോളേജിലും തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലും ചെന്ന് പഠിച്ചു. എം.എസ്.സിക്ക് ഒന്നാംറാങ്ക് നേടി. തിരുവനന്തപുരത്തേക്കുള്ള വഴികളിലെ […]

വികസനത്തിന്റെ പാകമെത്താത്ത, ഇന്നും അവഗണനയുടെ ആട്ടുകല്ലിലരയുന്ന അത്യുത്തര കേരളത്തില്‍ നിന്നുള്ള പ്രതിനിധിയാണ് പ്രൊഫ. കെ.കെ അബ്ദുല്‍ ഗഫാര്‍. ഉന്നതിയിലേക്ക് ഓടിക്കയറാന്‍ പടവുകള്‍ പോലുമില്ലാതിരുന്ന ഒരു കാലത്ത് നിന്ന് ഉന്നത വിദ്യഭ്യാസത്തിന്റെ ആകാശത്തേക്ക് ഓടിക്കയറിയ ഒരാള്‍. വിദ്യഭ്യാസത്തോട് മുഖംതിരിഞ്ഞുനിന്നിരുന്ന ഒരു സമൂഹത്തിലായിരുന്നു അബ്ദുല്‍ഗഫാറിന്റെ ജനനം. എങ്കിലും അദ്ദേഹത്തിന് വിദ്യാഭ്യാസത്തോട് വലിയ ആര്‍ത്തിയായിരുന്നു. വാപ്പയുടെ പിന്തുണ മാത്രമായിരുന്നു പിന്‍ബലം. മംഗലാപുരത്തെ പ്രശസ്തമായ സെന്റ് അലോഷ്യസ് കോളേജിലും തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലും ചെന്ന് പഠിച്ചു. എം.എസ്.സിക്ക് ഒന്നാംറാങ്ക് നേടി. തിരുവനന്തപുരത്തേക്കുള്ള വഴികളിലെ പുഴകള്‍ക്കധികവും പാലമില്ലായിരുന്നു അന്ന്. ഷൊര്‍ണൂരിന് അപ്പുറത്ത് ഒരു ലോകമുണ്ടെന്ന് കാസര്‍കോട്ടുകാര്‍ക്ക് അധികമായ അറിവൊന്നുമില്ലായിരുന്നു അക്കാലത്ത്.
പഠനത്തോടുള്ള അത്യാര്‍ത്തി തന്നെയായിരുന്നു അബ്ദുല്‍ഗഫാറിന്റെ ബലം. പാഠപുസ്തകങ്ങളിലെ അധ്യായങ്ങള്‍ കൊണ്ട് അദ്ദേഹം സ്വപ്‌നങ്ങള്‍ നിറച്ചു.
അഞ്ചുപതിറ്റാണ്ട് കാലം എഞ്ചിനീയര്‍മാരെ വാര്‍ത്തെടുക്കുന്ന കോളേജുകളിലെ അധ്യാപകനായി, പ്രൊഫസറായി, പ്രിന്‍സിപ്പലുമായി. കൊല്ലം ടി.കെ.എം കോളേജില്‍ നിന്ന് തുടങ്ങി കോഴിക്കോട് ആര്‍.ഇ.സി, യെമനിലെ ഏഡന്‍ വഴി ഭട്ക്കല്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് വരെ നീണ്ട അധ്യാപനത്തിന്റെ സംഭവബഹുലമായ പതിറ്റാണ്ടുകള്‍. കര്‍ണാടക പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗത്വം പടിക്കലെത്തിയെങ്കിലും ആരോ മുഖമടച്ച് വാതിലടച്ചുകളഞ്ഞു. ഇതിനിടയ്ക്ക് കേരളത്തെ നടുക്കിയ രാജന്‍ കേസിലും നേര്‍സാക്ഷിയാകേണ്ടിവന്നു അദ്ദേഹത്തിന്. ഈച്ചരവാര്യറുടെ കലങ്ങിയ കണ്ണുകള്‍ അഞ്ചുപതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും അബ്ദുല്‍ഗഫാറിന്റെ ഹൃദയത്തിന്റെ വിങ്ങലാണ്. ഓര്‍മ്മകള്‍ കൈപിടിച്ചുവലിക്കുമ്പോഴും തിരിഞ്ഞുനോക്കാന്‍ ചിലപ്പോഴെങ്കിലും അദ്ദേഹം മടികാട്ടാറുണ്ട്. മുന്നില്‍ തെളിയുന്ന രാജന്റെ മുഖമോര്‍ത്താണത്. രാജന്‍ പ്രൊഫ. അബ്ദുല്‍ഗഫാറിന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നു.
കോളേജ് ഹോസ്റ്റലില്‍ നിന്ന് രാജനെ പൊലീസ് പിടിച്ചുകൊണ്ടുപോയതിന്റെ പിറ്റേന്ന് അബ്ദുല്‍ഗഫാര്‍ കക്കയം ക്യാമ്പിന്റെ, ദുരൂഹതയുടെ കരിഞ്ഞ ഗന്ധമുള്ള അകത്തളങ്ങളിലേക്ക് കയറിചെല്ലുമ്പോള്‍ അവിടെ രാജന്റെ നിശ്വാസം കേട്ടിരുന്നു. ജീവന്‍ പിടയുന്നതിന്റെ നേര്‍ത്ത ശബ്ദങ്ങള്‍. പിന്നീട് അവന്റെ പൊടിപോലും കണ്ടിട്ടേയില്ല. അബ്ദുല്‍ഗഫാര്‍ മാത്രമല്ല, അവന് പ്രിയപ്പെട്ട മറ്റാരും. വാര്യര്‍ പോലും.
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരും മുന്‍മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയും അടക്കമുള്ളവര്‍ പ്രൊഫ. അബ്ദുല്‍ഗഫാറിന്റെ ഉറ്റമിത്രങ്ങളായിരുന്നു. പിന്നേയും കുറേ സൗഹൃദങ്ങള്‍. പലതും രാജ്യാതിര്‍ത്തി കടന്നവ.
കോളേജുകളെ നയിക്കാന്‍ വേണ്ടി സ്ഥാപന മേധാവികള്‍ അബ്ദുല്‍ ഗഫാറിന്റെ പിന്നാലെ നിരയായി നില്‍ക്കുന്ന കാഴ്ചകളും കണ്ടു. എല്ലാവര്‍ക്കും സ്ഥാപനാധിപനായി അബ്ദുല്‍ഗഫാറിനെ തന്നെ വേണം. അച്ചടക്കമില്ലാതെ കൂത്തരങ്ങുകളായി തീര്‍ന്ന കോളേജുകളെ നന്നാക്കിയെടുക്കാന്‍ പലരും പ്രൊഫ. അബ്ദുല്‍ഗഫാറിന്റെ സഹായം തേടി. നാട്ടിലും അന്യനാട്ടിലും ദേശത്തും അന്യദേശത്തുമൊക്കെ അദ്ദേഹം വിവിധ സ്ഥാപനങ്ങളുടെ അമരക്കാരനായി. പരീക്ഷകളില്‍ സംപൂജ്യരായി നാണം കെട്ട് നടുവൊടിഞ്ഞ് വീണ കോളേജുകളെ അബ്ദുല്‍ഗഫാര്‍ എന്ന പ്രിന്‍സിപ്പല്‍ നന്നാക്കിയെടുത്ത് നട്ടെല്ല് വിരിച്ച് നടക്കാന്‍ പ്രാപ്തമാക്കി. ഒരു ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധിപന്‍ എങ്ങനെയായിരിക്കണമെന്ന് ജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചുകാണിച്ചു. കഠിനമായ പ്രയത്‌നത്തിന്റെ മധുരതരമായ പരിസമാപ്തിയായിരുന്നു പ്രൊഫ. അബ്ദുല്‍ഗഫാറിന്റെ വിജയ വഴികളിലൊക്കെ തെളിഞ്ഞുകണ്ടത്. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന, ആരേയും കൂസാത്ത, ഏതൊരു ഉന്നതന് മുന്നിലും നട്ടെല്ല് വളയ്ക്കാത്ത, ശരിയുടെ പക്ഷത്ത് മാത്രം ഉറച്ച് നില്‍ക്കുന്ന പോരാളിയുടെ വിജയമായിരുന്നു പ്രൊഫ. അബ്ദുല്‍ഗഫാറിന്റെ ജീവിതമുടനീളം കാണാന്‍ കഴിയുക.
തന്റെ ജീവിതം ഒരു പുസ്തകത്തിലേക്ക് പകര്‍ത്തി എഴുതണമെന്ന് പ്രൊഫ. അബ്ദുല്‍ഗഫാര്‍ ആഗ്രഹിച്ചു. സംഭവബഹുലവും അടിമുടി ജിജ്ഞാസകരവുമായ ആ ജീവിതത്തെ പകര്‍ത്തിയെഴുതാന്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കാണ് അവസരം കിട്ടിയത്. കെ.എം അഹ്മദ് മാഷായിരുന്നു പ്രൊഫ. അബ്ദുല്‍ഗഫാറിന്റെ ജീവിതം എഴുതേണ്ടിയിരുന്നത്. അബ്ദുല്‍ഗഫാര്‍ തന്റെ ജീവചരിത്രം എഴുതാന്‍ വേണ്ടി ആദ്യം സമീപിച്ചതും അഹ്മദ് മാഷിനെ തന്നെ. എന്നാല്‍ പത്രപ്രവര്‍ത്തനത്തിന്റെ തിരക്കൊഴിയാത്തതിനാല്‍ അഹ്മദ് മാഷ് അല്‍പം സമയം ആവശ്യപ്പെടുകയായിരുന്നു.
പക്ഷെ വിധി മറ്റൊന്നായി. പെടുന്നനെയുണ്ടായ അസുഖത്തെ തുടര്‍ന്ന്, 2010 ഡിസംബര്‍ 16ന് അഹ്മദ് മാഷ് ഈ ലോകത്തോട് വിട പറഞ്ഞു.
പിന്നീട് ആ വലിയ ദൗത്യം എനിക്ക് ഏറ്റെടുക്കേണ്ടിവന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു ടാസ്‌ക്കായിരുന്നു. ദിവസങ്ങളോളം നീണ്ട അഭിമുഖം. ഓര്‍മ്മകളുടെ ചരട് ഇടയ്‌ക്കൊക്കെ മുറിഞ്ഞുവീഴുമ്പോഴും പിന്നിട്ട ഇന്നലെകളെ ചേര്‍ത്തുപിടിച്ച് എന്നോട് പങ്കുവയ്ക്കാന്‍ പ്രൊഫ. അബ്ദുല്‍ഗഫാര്‍ ആവത് ശ്രമിച്ചിട്ടുണ്ട്. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിന് നേരെ എതിര്‍വശത്തെ 'അഭിമാന്‍' ഫ്‌ളാറ്റിലിരുന്ന് അദ്ദേഹം പലതവണ ജീവിതത്തിന്റെ ഇന്നലെകളുടെ കെട്ടഴിച്ചു. ആ ജീവിത വഴിയിലെ മാധുര്യവും കയ്പ്പും എന്റെ മുമ്പില്‍ ഒന്നൊന്നായി വിളമ്പി. പലപ്പോഴും അഭിമുഖം സന്ധ്യയും പിന്നിട്ട് ഇരുട്ടിലേക്ക് നീണ്ടു. നേര്‍ മുന്നിലെ അലോഷ്യസ് കോളേജിലേക്ക് നോക്കി ഓര്‍മ്മകളുടെ ചെറുപ്പത്തെ അദ്ദേഹം തിരികെ പിടിച്ചു വലിച്ച് എന്റെ മുന്നിലിട്ടു.
ഇടയ്ക്ക് ഞങ്ങള്‍ അലോഷ്യസിന്റെ അങ്കണത്തിലേക്ക് നടന്നു. അവിടെ ഏറെ നേരം ചുറ്റിക്കറങ്ങി. കോണിപ്പടികളില്‍ ചാരിനിന്ന്, ആറുപതിറ്റാണ്ട് അപ്പുറത്തെ കാമ്പസിന്റെ മാധുര്യം അദ്ദേഹം വീണ്ടും നുകര്‍ന്നെടുത്തു. അബ്ദുല്‍ഗഫാര്‍ ജനിച്ച ചൗക്കി കുന്നിലെ പഴയ തറവാട് വീട്ടിലും ഞങ്ങള്‍ സംഗമിച്ചു. അദ്ദേഹത്തിന്റെ സ്വന്തം വീടായ 'ചെമ്പക'ത്തില്‍ ഞങ്ങള്‍ പല തവണ ഒന്നിച്ച് ഇരുന്നു. അങ്ങനെ വീണ്ടും വീണ്ടും ഓര്‍ത്തെടുത്ത് അബ്ദുല്‍ഗഫാര്‍ എന്റെ മുന്നിലിട്ടുതന്ന ആ വലിയ ജീവിതത്തിന്റെ പകര്‍പ്പാണ് 'ഞാന്‍ സാക്ഷി'. പേര് പോലെ തന്നെ രാജനെ തേടിപ്പോയ ഒരധ്യാപകന്റെ സാക്ഷിപറച്ചില്‍ തന്നെയാണ് ഈ ആത്മകഥയിലെ ഹൈലൈറ്റ്‌സ്. ഒരു അധ്യാപകന് പ്രഥമമായി ഉണ്ടാകേണ്ട ദൗത്യബോധം എന്താണെന്നും ഭാവിയെ കുറിച്ചുള്ള സുന്ദരമായ സ്വപ്‌നങ്ങളുമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ മുന്നിലെത്തുന്ന ഓരോ വിദ്യാര്‍ത്ഥിയേയും എങ്ങനെയാണ് നോക്കിക്കാണേണ്ടതെന്നും പ്രൊഫ. അബ്ദുല്‍ ഗഫാര്‍ 'ഞാന്‍ സാക്ഷി'യിലൂടെ വിളിച്ചുപറയുന്നുണ്ട്.


-ടി.എ ഷാഫി

Related Articles
Next Story
Share it