നൈജീരിയക്കാരന്
രണ്ടു വര്‍ഷം മുമ്പ് ഗ്ലാസ്ഗോ റോയല്‍ കോളേജിന്റെ ഫെല്ലോഷിപ് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. പ്രസിദ്ധമായ ഗ്ലാസ്ഗോ യൂണിവേര്സിറ്റിയിലെ ബ്യൂട്ട് ഹാളിലാണ് പരിപാടി. ജീവിതത്തിലെ അപൂര്‍വ്വ നിമിഷം. വര്‍ണ്ണപ്പകിട്ടാര്‍ന്ന, പ്രൗഢ ഗംഭീരമായ പരിപാടി. നാട്ടില്‍ താലപ്പൊലിയേന്തി സ്വീകരിക്കുക എന്ന പോലെ. സ്കോട്ട്ലന്റ് കാരുടെ പരമ്പരാഗതമായ, വിസ്മയിപ്പിക്കുന്ന ഒരു ചടങ്ങായിരുന്നു അത്. കഴിഞ്ഞ ഇരുന്നൂറിലധികം കൊല്ലങ്ങളായി മുടക്കമില്ലാതെ നടക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞാനല്ഭുതപ്പെട്ടു. ഇന്ത്യയില്‍ നിന്നും ഞാന്‍ കൂടാതെ മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. വൈകുന്നേരം 6.30നാണ് പരിപാടി. നവംബറില്‍ ഗ്ലാസ്ഗോ തണുത്ത് […]
രണ്ടു വര്‍ഷം മുമ്പ് ഗ്ലാസ്ഗോ റോയല്‍ കോളേജിന്റെ ഫെല്ലോഷിപ് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. പ്രസിദ്ധമായ ഗ്ലാസ്ഗോ യൂണിവേര്സിറ്റിയിലെ ബ്യൂട്ട് ഹാളിലാണ് പരിപാടി. ജീവിതത്തിലെ അപൂര്‍വ്വ നിമിഷം. വര്‍ണ്ണപ്പകിട്ടാര്‍ന്ന, പ്രൗഢ ഗംഭീരമായ പരിപാടി. നാട്ടില്‍ താലപ്പൊലിയേന്തി സ്വീകരിക്കുക എന്ന പോലെ. സ്കോട്ട്ലന്റ് കാരുടെ പരമ്പരാഗതമായ, വിസ്മയിപ്പിക്കുന്ന ഒരു ചടങ്ങായിരുന്നു അത്. കഴിഞ്ഞ ഇരുന്നൂറിലധികം കൊല്ലങ്ങളായി മുടക്കമില്ലാതെ നടക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞാനല്ഭുതപ്പെട്ടു. ഇന്ത്യയില്‍ നിന്നും ഞാന്‍ കൂടാതെ മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. വൈകുന്നേരം 6.30നാണ് പരിപാടി. നവംബറില്‍ ഗ്ലാസ്ഗോ തണുത്ത് […]
രണ്ടു വര്‍ഷം മുമ്പ് ഗ്ലാസ്ഗോ റോയല്‍ കോളേജിന്റെ ഫെല്ലോഷിപ് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. പ്രസിദ്ധമായ ഗ്ലാസ്ഗോ യൂണിവേര്സിറ്റിയിലെ ബ്യൂട്ട് ഹാളിലാണ് പരിപാടി. ജീവിതത്തിലെ അപൂര്‍വ്വ നിമിഷം. വര്‍ണ്ണപ്പകിട്ടാര്‍ന്ന, പ്രൗഢ ഗംഭീരമായ പരിപാടി. നാട്ടില്‍ താലപ്പൊലിയേന്തി സ്വീകരിക്കുക എന്ന പോലെ. സ്കോട്ട്ലന്റ് കാരുടെ പരമ്പരാഗതമായ, വിസ്മയിപ്പിക്കുന്ന ഒരു ചടങ്ങായിരുന്നു അത്. കഴിഞ്ഞ ഇരുന്നൂറിലധികം കൊല്ലങ്ങളായി മുടക്കമില്ലാതെ നടക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞാനല്ഭുതപ്പെട്ടു. ഇന്ത്യയില്‍ നിന്നും ഞാന്‍ കൂടാതെ മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. വൈകുന്നേരം 6.30നാണ് പരിപാടി.
നവംബറില്‍ ഗ്ലാസ്ഗോ തണുത്ത് മരവിക്കും. എനിക്കാണെങ്കില്‍ സന്തോഷം കൊണ്ടു മനസ്സ് ചൂടുപിടിക്കുകയാണ്. ജീവിതത്തിലെ അനര്‍ഘനിമിഷം. എന്റെ സുഹൃത്ത് പ്രേംനവാസ് യൂണിവേര്സിറ്റി കവാടത്തില്‍ തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അതിഥികളെ കാത്തിരിക്കുന്ന വളണ്ടിയര്‍മാര്‍, കോണ്‍വക്കേഷന്‍ ഗൗണ്‍ അണിയാന്‍ സഹായിച്ചു. തൊട്ടടുത്ത് ഓപണ്സ്റ്റുഡിയോയുണ്ട്, ഗൗണ്‍ അണിഞ്ഞ് ഫോട്ടോയെടുക്കാന്‍. അതു കഴിഞ്ഞ് കുടിക്കാന്‍ മദ്യമല്ലാത്ത പാനീയങ്ങള്‍. പിന്നീട് അവിടെ ഹാളിന് പുറത്ത് നില്‍ക്കണം. ആകെക്കൂടി ഉത്സവപ്രതീതി.
കൃത്യം ആറര മണിയായപ്പോള്‍ അനൗണ്‍സ്മെന്റ് വന്നു. പുതുതായി കോളേജിലേക്ക് പ്രവേശനം ലഭിച്ചവരൊക്കെ രണ്ടു വരിയായി നില്ക്കാന്. തുടര്‍ന്ന് മനസ്സിന് കുളിര്മയേകുന്ന പതിഞ്ഞ ശബ്ദത്തിലുള്ള ഇമ്പമാര്‍ന്ന മ്യൂസിക്. നിശ്ശബ്ദതയുടെ ഭംഗിയും എനിക്കാസ്വദിക്കാനായി. നേര്‍ത്ത ശബ്ദത്തില്‍ അനൗണ്‍സ്മെന്റ് വരവായി. ശ്രദ്ധിക്കുക, ലോകത്തിലെത്തന്നെ ഏറ്റവും പുരാതനമായ ബിരുദദാന ചടങ്ങിന്റെ പരിപാടികള്‍ തുടങ്ങാറായി. അതിനു മുമ്പേയുള്ള ജാഥതുടങ്ങുകയാണ്. പിന്നീട് സ്കോട്ലാന്റിന്റെ പരമ്പരാഗത വസ്ത്രമണിഞ്ഞ രണ്ടുപേര്‍. രണ്ടു ഭാഗത്തായി. മുമ്പില്‍ ഒരു പുരുഷനും ഒരു സ്ത്രീയും. ഗൗണ്‍ അണിഞ്ഞവരും റോയല്‍ കോളേജിന്റെ അധികാരികളും രണ്ടു വരിയായി പുറകെ നില്‍ക്കണം. സ്ത്രീയുടെ കയ്യില്‍ സ്കോട്ലാന്റിന്റെ പരമ്പരാഗത അധികാരദണ്ഡ്. നമ്മുടെ നാട്ടില്‍ കാണുന്ന ശിരസ്തദാറുടെ വേഷമണിഞ്ഞ ആളുടെ കയ്യില്‍ ബ്യൂഗിളും. നിശ്ശബ്ദം നിശ്ചലം. പതിഞ്ഞ സ്വരത്തിലുള്ള സംഗീതം ഉച്ചഭാഷിണിയിലൂടെ ഒഴുകുന്നു. ബ്യൂട്ട് ഹാളിന് പുറത്തെ ഘടികാരത്തില്‍ ഏഴുമണിയടിച്ചതും ബ്യൂഗിളില്‍ നിന്ന് മ്യൂസിക്ക് വന്നതും ഒരുമിച്ച്. അധികാര ദണ്ഡില്‍ നിന്നും പ്രതിഫലിക്കുന്ന പ്രകാശ രശ്മികള്‍ ചുറ്റും വര്‍ണ്ണരാചികള്‍ വരച്ചു. എന്റെ മനസ്സിലും. ജാഥ അടി വെച്ചടിവെച്ചു നീങ്ങുകയാണ്. അകമ്പടിയായി താളാത്മകമായി ബ്യൂഗിളില്‍ നിന്നുള്ള മ്യൂസിക്കും. ഹാളിലേക്കെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റു അതിഥികളൊക്കെ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു.
ഹാളിനകത്ത് സീറ്റ്ഘടന ഓരോ വിഭാഗക്കാര്‍ക്കായി അക്ഷരമാല അനുസരിച്ച് വിന്യസിച്ചിരിക്കുന്നു. ഞാന്‍ അബ്ദുല്‍ ആയത് കൊണ്ട് ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യ അക്ഷരം. ആദ്യ വരിയില്‍ തന്നെ പേരെഴുതി വച്ചിട്ടുണ്ടായിരുന്നു. അധികാര ദണ്ഡ്പിടിച്ചുള്ള സ്ത്രീയും മ്യൂസിക്മാനും സ്റ്റേജില്‍ കയറി. അവര്ക്കടയാളപെടുത്തിയ സ്ഥലത്ത് നിന്നു. പിറകെ റോയല്‍ കോളേജിന്റെ ഔദ്യോഗിക ഭാരവാഹികളും. സ്വാഗതപ്രസംഗം കഴിഞ്ഞു നേരെ ബിരുദദാന ചടങ്ങിലേക്ക്. എന്റെ കഴിഞ്ഞ ഇരുപത് വര്‍ഷത്തെ സ്വപ്ന സാക്ഷാല്‍ക്കാരം. ദൈവസ്തോത്രങ്ങള്‍ മനസ്സിലുരിവിട്ടു. മനസ്സില്‍ ആഹ്ലാദത്തിന്റെ തിരയടി.
എരിയാല്‍ അബ്ദുല്‍ സത്താര്‍ അബ്ദുറഹിമാന് എന്ന് സ്കോട്ലാന്റ് ആക്സന്റിലുള്ള ഇംഗ്ലീഷില്‍ പേരു വിളിച്ചപ്പോള്‍ ഞാന്‍ സ്റ്റേജിലേക്ക് നീങ്ങി. കൂടെ ഒരാള്‍ അനുഗമിക്കും. റോയല്‍ കോളേജിന്റെ പ്രസിഡണ്ട് അഭിനന്ദിക്കുകയും വൈസ് പ്രസിഡണ്ട് ബിരുദം കൈമാറുകയും ചെയ്തു. ഇതൊരു ലൈവ് പരിപാടിയായിരുന്നു. കാസര്‍ക്കോട്ടെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന എന്റെ സഹപ്രവര്‍ത്തകര്‍ക്കും കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും ഈ പരിപാടി തല്‍സമയം കാണാനായി.
എന്റെ ഗ്ലാസ്ഗോ യാത്ര തുടങ്ങുന്നത് മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്നാണ്. മംഗലാപുരത്തു നിന്നും മുബൈ-ലണ്ടന്‍- ഗ്ലാസ്ഗോ വഴിയാണേറ്റവും എളുപ്പമെന്നറിഞ്ഞു. അത് കൊണ്ട് ആ വഴി തിരഞ്ഞെടുത്തു. യാത്രകള്‍ എനിക്കെന്നും ഹരമാണ്. പ്രത്യേകിച്ചും ഒറ്റയ്ക്കുള്ള യാത്രകള്‍. യാത്രകള്‍ നമ്മെ പഠിപ്പിക്കുകയും ജീവിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക മാത്രമല്ല ജീവിതത്തെ നേരിടുവാനും പ്രാപ്തരാക്കുന്നു.
യാത്ര തുടങ്ങിയത് ഉച്ചയ്ക്ക്് രണ്ടു മണിക്കായിരുന്നു. മുബൈക്ക് രണ്ടു മണിക്കൂറില്‍ താഴെ മതി യാത്രാസമയം. ലണ്ടനിലേക്കുള്ള വിമാനം പുലര്‍ച്ചെ രണ്ടര മണിക്കും. യാത്രകളിലെ കാത്തിരിപ്പും യാത്രയുടെ ഭാഗമാണല്ലോ. അതെനിക്കിഷ്ടവും. മുംബൈയിലിറങ്ങി പ്രാദേശിക വിമാനത്താവളത്തില്‍ നിന്നും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീങ്ങണം. വൈകിട്ട് നാലര തൊട്ട് രാവിലെ രണ്ടര മണി വരെയുണ്ട് സമയം. എന്റെ ജോലിയുടെ ഭാഗമായും കാത്തിരിപ്പ് എന്നത് മുഷിപ്പിക്കുന്ന ഒന്നല്ല. കാത്തിരിപ്പും ജീവിതത്തിന്റെ തന്നെ ഭാഗമാണല്ലോ? കാത്തിരിപ്പ് വെറുതെ പാഴാക്കാറില്ല. ആസ്വദിക്കാന്‍ വഴികള്‍ കണ്ടെത്തും.
ഇവിടെ പത്ത് മണിക്കൂര്‍ കയ്യിലുണ്ട്. പ്രാദേശിക എയര്‍പോര്‍ട്ടിലെ കാത്തിരിപ്പ് സ്ഥലത്തെ സ്വസ്ഥമായിയിരിക്കാന് പറ്റുന്ന ഒരു മൂല തിരഞ്ഞെടുത്തു. ലഗേജുമെടുത്തവിടേക്ക് നീങ്ങി. നല്ല വൃത്തിയും വെടിപ്പുമുള്ള സ്ഥലം. എയര്‍ പോര്ട്ടിലാവുമ്പോള് പറയേണ്ടതില്ലല്ലോ? സമയം കളയാനുള്ള വഴിയും ഞാന്‍ മനസ്സില്‍ വരച്ചിട്ടു. മാന്‍ വാച്ചിങ്ങ്! ജീവിത യാത്രയിലെ സഹജീവികളുടെ ബദ്ധപ്പാടുകളും തത്രപ്പാടുകളും ഉല്‍ക്കണ്ഠകളും ദൂരെ നിന്നും വീക്ഷിക്കുക. അപ്രതീക്ഷിതമായി യാത്രകളിലെപ്പോഴെങ്കിലുമായി വീണു കിട്ടുന്ന സൗഹൃദം എന്റെ സമ്പാദ്യത്തിന്റെ ഭാഗമായിട്ടുമുണ്ട്.
മാന്‍ വാച്ചിങ്ങ് എന്നത് ഡസ്മണ്ട് മോറിസിന്റെ പ്രസിദ്ധമായ പുസ്തകമാണ്. അദ്ദേഹത്തിന്റെ യാത്രകളില്‍ കണ്ട മനുഷ്യ സ്വഭാവത്തിന്റെയും ശരീരഭാഷയുടെയും വൈവിദ്ധ്യമാര്‍ന്ന കണ്ടെത്തലുകള്‍.
വായിച്ചത് പലതും മറന്നു പോകുന്നു എന്ന തോന്നല്‍. ജീവിതത്തിന്റെ ഉരസലുകള്‍ക്കിടയില്‍ പെട്ട് ഓര്‍മ്മകള്‍ക്ക് തേയ്മാനം വരുന്നതും യാദൃച്ഛികമല്ല. സ്വാഭാവികം.
ഞാനെന്റെ കാത്തിരിപ്പിന് അര്‍ത്ഥം നല്കാന് തുടങ്ങി. ഉച്ചക്കത്തേതും വൈകുന്നേരത്തെയും പ്രാര്‍ത്ഥനകള്‍ ഒന്നിച്ചു തന്നെ ചെയ്യാന്‍ അംഗസ്നാനം ചെയ്ത് ഒരു മൂലയിലേക്കൊതുങ്ങി. പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. വിമാനക്കമ്പനികളുടെ നഷ്ടം നികത്താന്‍ യാത്രയില്‍ ഭക്ഷണം നല്കുന്ന പരിപാടി നിര്‍ത്തിയിരുന്നു. പ്രത്യേകിച്ചും പ്രാദേശികവും ചെറിയ ദൈര്‍ഘ്യവുമുള്ള റൂട്ടുകളില്‍. എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ ഷമീമ പൊതിഞ്ഞു തന്ന പത്തിരിയും കറിയും കോഴി പൊരിച്ചതും ബാഗിലുണ്ട്. പുറത്തെടുത്ത് പേപ്പര്‍ പാത്രങ്ങളില്‍ വെക്കാന്‍ നേരത്ത് ഒരു ചെറുപ്പക്കാരന് വന്ന് അഭിവാദ്യം ചെയ്തു. ഇംഗ്ലീഷിലാണ് സംസാരം. നൈജീരിയക്കാരനാണെന്നും ഇന്ത്യയിലേക്കെന്തോ ആവശ്യത്തിന് വന്നതാണെന്നും രാത്രി വിമാനത്തില്‍ തിരിച്ചു പോവുകയാണെന്നും പറഞ്ഞു. അയാള്‍ക്ക് പ്രത്യഭിവാദ്യം ചെയ്യുകയും ഞാന്‍ കേരളത്തില്‍ നിന്നാണെന്നും പറഞ്ഞു. അതോടൊപ്പം ഞാന്‍ എന്റെ ജോലി തുടരുകയും ചെയ്തു. ഭക്ഷണ പൊതി അഴിച്ച് പാത്രത്തിലേക്ക് മാറ്റാന്‍ തുടങ്ങി. അപ്പോള്‍ അയാള്‍ വിഷയം മാറ്റി. അയാള്‍ക്ക് വളരെയധികം വിശപ്പുണ്ടെന്നും ഭക്ഷണം വേണമെന്നും. അതിനു വിരോധമില്ലെന്നും ഭാര്യ അധികം തന്നിട്ടുണ്ടെന്നും ഒരാളുടേത് മൂന്ന് പേര്‍ക്ക് കഴിക്കാമെന്നും മൂന്ന് പേരുടെത് ഒരാള്‍ക്ക് കഴിക്കാന്‍ പറ്റില്ലല്ലോ എന്നും തമാശ പറഞ്ഞു. കൈകഴുകി വരാന്‍ പറഞ്ഞു. കൈ കഴുകേണ്ടതില്ലെന്നും വൃത്തിയുണ്ടെന്നും അയാള്‍. അങ്ങനെയാണെങ്കില്‍ കൂടെയിരിക്കാമെന്ന് പറഞ്ഞ് ഒരു പാത്രമെടുത്ത് കൊടുത്തു. അയാള്‍ അത് സ്വീകരിച്ചില്ല. എന്റെ പാത്രത്തില്‍ നിന്നു തന്നെ കഴിക്കണമെന്നയാള്‍ക്ക് നിര്‍ബ്ബന്ധം. കാത്തിരിപ്പ് സ്ഥലത്ത് വിമാനങ്ങളൊന്നുമിറങ്ങാത്ത സമയമായത് കൊണ്ട് വിജനമായിരുന്നു. എനിക്ക് ഉള്‍ഭയം ഉണ്ടായെങ്കിലും ധൈര്യസമേതം പറഞ്ഞു, വേണമെങ്കില്‍ ഭക്ഷണം മതിയാവോളം കഴിക്കാം. വേറെ പാത്രത്തില്‍. എന്റെ പാത്രത്തില്‍ നിന്നു തന്നെ കഴിക്കണമെന്ന ആഗ്രഹം ഒഴിവാക്കിയേക്കണം. അയാളുടെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനാണെന്നും എന്റെ കൂടെ ഭക്ഷണം കഴിച്ചാലെന്താണ് പ്രശ്നം എന്നായി അയാള്‍. പണക്കാരനല്ല അവിടത്തെ പ്രസിഡന്റാണെങ്കില്‍ പോലും എന്റെ പാത്രത്തില്‍ നിന്നും നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന പ്രശ്നമേയില്ല എന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു.
അതു കേട്ടപ്പോള്‍ അയാള്‍ എങ്ങോട്ടൊ പോയി. ഞാന്‍ എന്റെ ഭക്ഷണം കഴിച്ചു ബാക്കിയുള്ളതൊക്കെ കളഞ്ഞു. സ്വസ്ഥമായിരുന്നു. എവിടെ നിന്നോ വന്നിറങ്ങിയ യാത്രക്കാരുടെ തിരക്കുകള്‍ വീക്ഷിക്കുവാന്‍ തുടങ്ങി. അതിനിടയില്‍ നേരത്തെ കണ്ട നൈജീരിയക്കാരന് ഒരു പെപ്സിയും സാന്ഡ്വിച്ചുമായതാ വീണ്ടും വരുന്നു. കുശലം തുടര്‍ന്നു. വിശപ്പു മാറിയോ എന്നു ചോദിച്ചു. പിന്നീട് പറഞ്ഞു നിങ്ങള്‍ കേരളക്കാര് അതിസമര്‍ത്ഥരും വളരെ നല്ലവരുമാണ്. എനിക്ക് ഭക്ഷണം ആവശ്യമുണ്ടായിരുന്നില്ല. വേണമെങ്കില്‍ എനിക്ക് സാന്ഡ്വിച്ച് നേരത്തെ വാങ്ങിക്കാമായിരുന്നു. നിങ്ങളുടെ പ്രതികരണം അറിയാന്‍ വേണ്ടി അങ്ങനെ പറഞ്ഞു എന്നേയുള്ളു. അയാളുടെ ചിന്താഗതി എന്തായിരുന്നുവെന്ന് ഇന്നും അജ്ഞാതമാണ്. അവിടെ നിന്നു ഞാന്‍ എന്റെ വഴിക്കും അയാള്‍ അയാളുടെ വഴിക്കും പിരിഞ്ഞു. ജീവിതത്തില്‍ ഇനി ഒരിക്കലും കണ്ടുമുട്ടാന്‍ സാധ്യതയില്ലാത്ത നൈജീരിയക്കാരന്!