എറണാകുളം: കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സി.ഒ.എ) സംസ്ഥാന പ്രസിഡണ്ടായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണാര്‍ത്ഥം എന്‍.എച്ച് അന്‍വര്‍ ട്രസ്റ്റ് നല്‍കി വരുന്ന അഞ്ചാമത് ടെലിവിഷന്‍ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌കാരത്തിന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദ ഐഡം ചീഫ് എഡിറ്ററുമായ സി.എല്‍. തോമസ് അര്‍ഹനായി. 25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സാറ്റലൈറ്റ് ന്യൂസ് ചാനല്‍ വിഭാഗത്തില്‍ മികച്ച മാധ്യമ പ്രവര്‍ത്തകയായി ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ തിരഞ്ഞെടുത്തു. പതിനായിരം രൂപയും ശില്‍പവുമാണ് പുരസ്‌കാരം. കേബിള്‍ ടി.വി ചാനലുകളിലെ മികച്ച മാധ്യമ പ്രവര്‍ത്തകനായി കണ്ണൂര്‍ വിഷന്‍ ബ്യൂറോ ചീഫ് മനോജ് മയ്യിലിനെ തിരഞ്ഞെടുത്തു. ടി.സി.വി ന്യൂസ് തൃശൂര്‍ ബ്യൂറോ ചീഫ് മുകേഷ് ലാല്‍ പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹനായി. കേബിള്‍ ടി.വി ചാനലുകളിലെ മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിക്കുള്ള പുരസ്‌കാരത്തിന് വയനാട് വിഷന്‍ ചാനലിലെ വി.കെ രഘുനാഥ് അവതരിപ്പിക്കുന്ന ട്രൂ സെന്‍സ് അര്‍ഹമായി. കേബിള്‍ ടി.വി ചാനലുകളിലെ മികച്ച പ്രോഗ്രാം പ്രൊഡ്യൂസറായി വയനാട് വിഷന്‍ ചാനലിലെ ശ്രുതി കെ. ഷാജിയെ തിരഞ്ഞെടുത്തു. വേരുകള്‍ എന്ന പരിപാടിയാണ് ശ്രുതിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കേബിള്‍ ടി.വി ചാനലുകളിലെ മികച്ച വിഷ്വല്‍ എഡിറ്ററായി വയനാട് വിഷന്‍ ചാനലിലെ സഞ്ജയ് ശങ്കരനാരായണനും മികച്ച ക്യാമറാ പേഴ്സണായി വയനാട് വിഷന്‍ ചാനലിലെ അനീഷ് നിളയെയും തിരഞ്ഞെടുത്തു.
ഡോ. സി.എസ് വെങ്കിടേശ്വരന്‍ ചെയര്‍മാനും എം.എസ് ബനേഷ്, എന്‍. ഹരികുമാര്‍ എന്നിവരുമടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
23ന് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്തില്‍ നടക്കുന്ന കേരളവിഷന്‍ സംരംഭക കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് എന്‍.എച്ച് അന്‍വര്‍ ട്രസ്റ്റ് ചെയര്‍മാന്‍ എസ്.കെ അബ്ദുല്ല, മാനേജിംഗ് ട്രസ്റ്റി കെ. വിജയകൃഷ്ണന്‍, ട്രഷറര്‍ അബൂബക്കര്‍ സിദ്ദിഖ്, സെക്രട്ടറി കെ.വി രാജന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.