ചെങ്കല്ലുകള്‍ക്ക് വില പലതരം; കെട്ടിട നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍
ബദിയടുക്ക: ചെങ്കല്‍ ക്വാറി ഉടമകള്‍ പലതരം വില ഈടാക്കാന്‍ തുടങ്ങിയതോടെ കെട്ടിട നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍. കഴിഞ്ഞ കാലങ്ങളില്‍ ക്വാറി ഉടമകള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി നിരന്തരം സമരം ചെയ്ത് ഒരു നിയന്ത്രണവുമില്ലാതെ ചെങ്കല്ലുകള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഉടമകളുടെ സംഘടന ഇടപ്പെട്ട് കൊണ്ട് ഒരേ വില നിശ്ചയിച്ചിരുന്നു. കല്ലൊന്നിന് 18രൂപ മുതല്‍ 20രൂപയാണ് നേരത്തെ ഈടാക്കിയിരുന്നത്. എന്നാല്‍ അതിന് വിപരീതമായാണ് നിലവിലുള്ള വില. കല്ലൊന്നിന് 25രൂപ മുതല്‍ 28രൂപ വരെയാണ് ക്വാറി ഉടമകള്‍ ഈടാക്കുന്നത്. ഏജന്റുമാരാകട്ടെ ആവശ്യക്കാരില്‍ നിന്ന് മുപ്പത് രൂപയും അതില്‍ കൂടൂതലും ഈടാക്കുന്നതായും പരാതിയുണ്ട്. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. കല്ലിന് വില കൂട്ടൂന്നതല്ലാതെ തൊഴിലാളികള്‍ക്ക് കൂലി കൂട്ടാന്‍ ഉടമകള്‍ തയ്യാറാവുന്നില്ലത്രെ. ലോഡ് ഒന്നിന് കയറ്റിറക്ക് കൂലിയായി തൊഴിലാളിക്ക് ലഭിക്കുന്നത് 33 പൈസ മാത്രം. നിലവിലെ വില വര്‍ധന നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിയിരിക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഭവന നിര്‍മ്മാണ ധനസഹായം ലഭിച്ച നിര്‍ധനരായ കുടുംബങ്ങള്‍ ചെങ്കല്ലിന് വില കൂട്ടിയതോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പാതിവഴിയില്‍ പ്രവര്‍ത്തനം നിലക്കുകയും പദ്ധതി പ്രവര്‍ത്തനം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകുമെന്ന ആശയങ്കയിലാണ് ചുമതലയുള്ള നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍.
സീതാംഗോളിയിലെ ചെങ്കല്‍ ക്വാറികളിലൊന്ന്