പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ കാത്തിരിപ്പ് കേന്ദ്രമില്ല; ദുരിതം
പയ്യന്നൂര്‍: പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ അപേക്ഷകര്‍ക്കും ഒപ്പം വരുന്നവര്‍ക്കും കാത്തിരിക്കാന്‍ മതിയായ സൗകര്യമൊരുക്കാത്തതില്‍ ദുരിതം. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരത്താണ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പാസ്‌പോര്‍ട്ട് അപേക്ഷകരില്‍ നല്ലൊരു ശതമാനം പേരും പയ്യന്നൂര്‍ സേവാകേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തില്‍ സേവാകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഏറെ കാലത്തെ മുറവിളിക്ക് ശേഷമാണ് ജില്ലയ്ക്ക് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവദിച്ചത്. പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും ഇത് സംബന്ധിച്ചുള്ള മറ്റുള്ള ആവശ്യങ്ങള്‍ക്കും അക്ഷയ വഴി അപേക്ഷകള്‍ നല്‍കിയാല്‍ പയ്യന്നൂര്‍ സേവാകേന്ദ്രത്തിലേക്കാണ് ടോക്കണ്‍ ലഭിക്കുന്നത്. ജില്ലയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പയ്യന്നൂര്‍ സേവാകേന്ദ്രത്തിലേക്ക് ടോക്കണ്‍ ലഭിച്ചാല്‍ അറിയിപ്പിലുള്ള പ്രകാരം അരമണിക്കൂര്‍ മുമ്പ് തന്നെ സേവാകേന്ദ്രത്തില്‍ എത്തി അവിടെയുള്ള അധികൃതര്‍ക്ക് അറിയിപ്പ് നല്‍കണം. കൈകുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകളും പ്രായമായവരും ഇവിടെ എത്തിയാല്‍ അനുവദിച്ച സമയത്ത് മാത്രമേ അകത്ത് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. അംഗപരിമിതിയുള്ളവര്‍ക്ക് സഹായത്തിന് ഒരാളെ അകത്ത് കൊണ്ടുപോകാന്‍ അനുവദിക്കുന്നുണ്ടെങ്കിലും മറ്റ് അപേക്ഷകര്‍ക്ക് അതുവരെ പുറത്ത് കാത്തിരിക്കേണ്ടി വരുന്നു. എന്നാല്‍ സേവാകേന്ദ്രത്തിന് പുറത്ത് ഇരിപ്പിട സൗകര്യങ്ങളോ കുടിവെള്ള സൗകര്യങ്ങമോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യമോ ഇല്ല. ഇതേ കുറിച്ച് അധികൃതരോട് പരാതി പറഞ്ഞാല്‍ മുഖവിലക്കെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ദൂരദിക്കുകളില്‍ നിന്നെത്തുന്ന പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ സംഘടനകളും മുന്നോട്ട് വരണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.