യാഥാര്‍ത്ഥ്യമാകുമോ അഡ്ക്കസ്ഥല പുഴയില്‍ നെറോളിലൊരു പാലം
പ്രദേശവാസികളുടെ കാത്തിരിപ്പ് തുടര്‍ക്കഥയാകുന്നു
പെര്‍ള: എന്ന് യാഥാര്‍ത്ഥ്യമാകും അഡ്ക്കസ്ഥല പുഴയില്‍ നെറോളില്‍ ഒരു പാലം. ഇവിടെയൊരു പാലമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാതെ മാറി മാറി വരുന്ന ഭരണാധികാരികളെ ശപിച്ച് കഴിയുകയാണ് ഒരു പ്രദേശത്തെ നാനൂറോളം കുടുംബങ്ങള്‍. ഇവര്‍ക്ക് കാലവര്‍ഷം തുടങ്ങിയാല്‍ അക്കരെ ഇക്കരെ കടന്നെത്തണമെങ്കില്‍ കിലോ മീറ്ററുകള്‍ താണ്ടണം. സംസ്ഥാനത്തിന്റെ വടക്കെ അറ്റത്ത് അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു പ്രദേശത്തെ ജനങ്ങളാണ് ഒരു തൂക്കുപാലമെങ്കിലും അനുവദിക്കാന്‍ അധികൃതര്‍ തയ്യാറാവുമെന്ന കാത്തിരിപ്പ് തുടരുന്നത്.
എന്‍മകജെ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പെടുന്ന നെറോളു, ബാക്കിലപ്പദവ്, എറുഗല്ലു, സായ പ്രദേശവാസികളാണ് സഞ്ചാരയോഗ്യമായ നടപ്പാലം പോലുമില്ലാതെ ദുരിത ജീവിതം നയിക്കുന്നത്.
മാനം കറുക്കുമ്പോള്‍ ഇവിടത്തുകാരുടെ നെഞ്ചിടിപ്പേറുന്നു. കാലവര്‍ഷം തുടങ്ങിയാല്‍ കുത്തിയൊഴുകുന്ന പുഴ കടന്ന് മറു കരയെത്തണമെങ്കില്‍ പെടാപ്പാട് പെടണം. അക്കരെയും ഇക്കരെയുമുള്ള കുടുംബങ്ങളെ കാണണമെങ്കില്‍ കീലോ മീറ്ററുകളോളം ചുറ്റി സഞ്ചരിക്കണം. കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തുകാര്‍ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് പെര്‍ള ടൗണിനെയാണ്. വേനല്‍ കാലത്ത് വെള്ളം കുറയുമ്പോള്‍ പുഴകടന്ന് കാല്‍ നടയായി മുന്നോ നാലോ കീലോ മീറ്ററുകള്‍ക്കിടയില്‍ ടൗണിലേക്ക് എത്തിപ്പറ്റാം. എന്നാല്‍ മഴക്കാലമായാല്‍ നെറോളു, എറുഗല്ലു, സായ, സേരാജെ, അഡ്യനടുക്ക, അഡ്ക്കസ്ഥല വഴി പന്ത്രണ്ട് കീലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കണം പെര്‍ള ടൗണിലെത്താന്‍. അല്ലെങ്കില്‍ ജീവന്‍ പണയംവെച്ച് കുത്തിയൊഴുകുന്ന പുഴ കടക്കണം. ഇത് പലപ്പോഴും അപകടത്തിന് വഴിവെക്കുന്നു. സ്ത്രീകള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കുമാണ് ദുരിതമേറെയും. അതേസമയം ആര്‍ക്കെങ്കിലും അസുഖം പിടിപെട്ടാല്‍ ചുമന്നുകൊണ്ടുവേണം മറുകരയെത്താന്‍. മാത്രവുമല്ല ബാക്കിലപ്പദവ് മുതല്‍ അഡ്യനടുക്ക വരെയുള്ള റോഡ് പൂര്‍ണമായും പൊട്ടി പൊളിഞ്ഞ് കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ വാടകക്ക് വിളിച്ചാല്‍പോലും ഇതുവഴി കടന്നുവരാന്‍ മടിക്കുന്നു. കര്‍ണ്ണാടകയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമായത്‌കൊണ്ടുതന്നെ ജനപ്രതിനിധികള്‍ ഈ പ്രദേശത്തെ തീര്‍ത്തും അവഗണിക്കുന്നതായാണ് ആരോപണം. തിരഞ്ഞെടുപ്പുവരുമ്പോള്‍ പല വാഗ്ദാനങ്ങളുമായി കടന്നുവരുന്നവര്‍ പിന്നീട് തിരിഞ്ഞ് നോക്കാറില്ലത്രെ. പ്രദേശവാസികളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ ജനപ്രതിനിധികള്‍ മുന്നോട്ടു വരണമെന്നാണ് ആവശ്യം.