പാതിവഴിയില്‍ നിലച്ച് ലൈഫ് ഭവന പദ്ധതി വീടുകള്‍ കാടുകയറി നശിക്കുന്നു

നീര്‍ച്ചാല്‍: നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച ലൈഫ് ഭവന പദ്ധതിയിലെ പല വീടുകളും കാടുകയറി നശിക്കുന്നു. അര്‍ഹരായവര്‍ക്ക് ഇന്നും വാടക മുറികളും ഷെഡ്ഡുകളുമാണ് ആശ്രയം. ബദിയടുക്ക പഞ്ചായത്തിലെ ഏണിയര്‍പ്പില്‍ ഭൂരഹിത കേരളം പദ്ധതി പ്രകാരം സ്ഥലം ലഭിച്ചവര്‍ക്ക് ലൈഫ് ഭവന പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിന് പഞ്ചായത്തില്‍ നിന്നും ധനസഹായം ലഭിച്ചിരുന്നു. അതില്‍ ചിലര്‍ക്ക് ആദ്യഘട്ട ധനസഹായവും മറ്റ് ചിലര്‍ക്ക് രണ്ടാംഘട്ടവും ഏതാനും പേര്‍ക്ക് പൂര്‍ണ്ണമായും ധനസഹായം ലഭിച്ചു. അതില്‍ ചിലര്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചുവെങ്കിലും മറ്റു ചിലര്‍ വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനാവാതെ പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടിലാണ്. ഇത്തരത്തില്‍ പദ്ധതിയില്‍പ്പെട്ട ഏകദേശം ഇരുപതോളം വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവാതെ കാടുകയറി നാശത്തിന്റെ വക്കില്‍ എത്തി നില്‍ക്കുന്നത്. സംസ്ഥാനത്ത് യു.ഡി.എഫ് ഭരണ കാലത്ത് ഭൂരഹിത കേരളം പദ്ധതി പ്രകാരം അര്‍ഹരെ കണ്ടെത്തി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികളില്‍ മൂന്ന്, അഞ്ച് സെന്റ് എന്നിങ്ങനെ സ്ഥലം പതിച്ചു നല്‍കിയിരുന്നു. പിന്നീട് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിയുടെ പേര് മാറ്റി ലൈഫ് ഭവന പദ്ധതിയാക്കി. ഇതേ തുടര്‍ന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അര്‍ഹരെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിക്കുകയും മാനദണ്ഡങ്ങള്‍ പ്രകാരം സ്വന്തമായി ഭൂമിയും വാസയോഗ്യമല്ലാത്ത വീടുള്ളവരും വാടക മുറിയിലും ഷെഡ്ഡുകളിലും താമസിക്കുന്നവരെയും കണ്ടെത്തി അവരെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ പലരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും പഞ്ചായത്ത്, റവന്യു അധികൃതരെയും സ്വാധീനിച്ച് മാനദണ്ഡങ്ങള്‍ മറികടന്ന് പട്ടികയില്‍ ഇടം നേടുകയും സ്ഥലവും വീട് വെക്കാനുള്ള ധനസഹായവും കൈപ്പറ്റി എന്നാണ് ആക്ഷേപം.

ചിലര്‍ സര്‍ക്കാര്‍ വീട് നിര്‍മ്മാണത്തിന് നിശ്ചയിച്ച വിസ്തീര്‍ണ്ണം പോലും മറികടന്ന് രണ്ട് നിലകളുള്ള വീടുകള്‍ പണിയുകയും ചെയ്തു. ലൈഫ് പദ്ധതിയില്‍ ധനസഹായം ലഭിച്ച പലരും വാടകയ്ക്ക് നല്‍കിയവരുമുണ്ട്. പല നിര്‍ധന കുടുംബത്തില്‍പ്പെട്ടവരും ധനസഹായം പൂര്‍ണ്ണമായും ലഭിക്കാത്തതിനാല്‍ വീട് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇന്നും വാടക മുറികളിലും ഷെഡ്ഡുകളിലും കഴിയുകയാണ്. പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച വീടുകള്‍ പലതും കാടുകയറി നശിക്കുമ്പോള്‍ ചിലത് സാമൂഹ്യ ദ്രോഹികളുടെ താവളമായും മാറുന്നുണ്ട്.



Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it