കുമ്പളയില്‍ വികസനം വഴിമുട്ടി

നഗരമധ്യത്തില്‍ കാടുകയറി; പൊട്ടിയ ഓവുചാല്‍ സ്ലാബ് നന്നാക്കിയില്ല

കുമ്പള: കുമ്പളയില്‍ വികസനം വഴി മുട്ടി. നഗര മധ്യത്തില്‍ കാടുമൂടുകയും ചാലുകള്‍ പൊട്ടിപ്പൊളിയുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ വ്യാപാരികള്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ്. കുമ്പള ടൗണിന്റെ പല ഭാഗങ്ങളിലും കാടുകള്‍ പടര്‍ന്ന് പന്തലിച്ചതും ഓവുചാലുകള്‍ പൊട്ടിപ്പൊളിഞ്ഞതും ജനങ്ങള്‍ക്ക് ദുരിതമായി മാറി. കുമ്പള ബസ് സ്റ്റാന്റിന്റെ എതിര്‍ വശത്ത് കാടുകള്‍ വളര്‍ന്നതോടെ ഇഴജന്തുക്കളുടെ ശല്യവും ഏറി വരുന്നതായി വ്യാപാരികള്‍ പറയുന്നു.

രാത്രി ഏഴ് മണിയോടെ ബസ്സ്റ്റാന്റില്‍ ബസുകള്‍ കയറാത്തത് കാരണം യാത്രക്കാര്‍ ബസുകള്‍ കാത്തുനില്‍ക്കുന്നത് കാടുകയറിയ ഈ സ്ഥലത്തിന് സമീപമാണ്. കുമ്പള ടൗണിന്റെ ഹൃദയ ഭാഗത്ത് സര്‍വീസ് റോഡിന് സമീപം ലോറി കടന്നുപോകുമ്പോള്‍ ഓവുചാല്‍ തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ വ്യാപകമായ പ്രതിഷേധമുയരുന്നുണ്ട്.

ഓവുചാലില്‍ നിന്ന് പുറത്തേക്ക് വരുന്ന ദുര്‍ഗന്ധം കാരണം വ്യാപാരികള്‍ മാസ്‌ക്ക് ധരിച്ചാണ് കച്ചവടം ചെയ്യുന്നത്.

പല ഓവുചാലുകളും തകര്‍ന്നിട്ടുണ്ട്. ഇതിനെതിരെയും കുമ്പള ഓട്ടോ സ്റ്റാന്റ്, ബസ് സ്റ്റാന്റ്, ബസ് സ്റ്റാന്റ് കോംപ്ലക്സ്, മൂത്രപ്പുര തുടങ്ങിയവ നടപ്പാക്കണമെന്നാവശ്യപ്പെട്ടുമാണ് കുമ്പള പഞ്ചായത്ത് ഓഫിസിലേക്ക് വ്യാപാരികള്‍ മാര്‍ച്ച് നടത്താനൊരുങ്ങുന്നത്. അടുത്തയാഴ്ച മാര്‍ച്ച് നടത്തുമെന്ന് അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തില്‍ മുന്നറിയിപ്പ് നല്‍കി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it