പ്രവൃത്തിയില്‍ കൃത്രിമമെന്ന് ആരോപണം; ഗോളിയടുക്കയില്‍ കുടിവെള്ളം പാഴാകുമ്പോഴും അധികൃതര്‍ക്ക് മൗനം
ബദിയടുക്ക: പ്രവൃത്തിയിലെ കൃത്രിമം മൂലം കുടിവെള്ളം പാഴാകുന്നതായി ആരോപണം. എന്നിട്ടും അധികൃതര്‍ക്ക് മൗനമെന്നും ആക്ഷേപം. കേരള ജലവകുപ്പിന്റെ കീഴില്‍ ബോവിക്കാനം സെക്ഷനില്‍ നിന്നും വിതരണം ചെയ്യുന്ന കുടിവെള്ള പദ്ധതിക്കെതിരെയാണ് കൃത്രിമ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിച്ചാണ് ജല വിതരണം നടത്തുന്നത്. ഇതുകാരണം ബദിയടുക്ക പഞ്ചായത്തിലെ ഗോളിയടുക്കയിലും പരിസരങ്ങളിലുമാണ് പൈപ്പ് പൊട്ടി കുടിവെള്ളം വ്യാപകമായി പാഴാകുന്നത്. നേരത്തെ പള്ളത്തടുക്ക പുഴയിലെ തലമ്പാടി കുടിവള്ള വിതരണ പദ്ധതിയില്‍ നിന്നും ജലവിതരണം നടത്തിയിരുന്നു. 2004ല്‍ എല്‍.ഐ.സിയുടെ സാമ്പത്തിക സഹായത്തോടെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ജലവിതരണം ചെയ്യുന്നതിനായി പദ്ധതി നടപ്പില്‍ വരുത്തുകയായിരുന്നു. ആ കാലയളവില്‍ സ്ഥാപിച്ച പൈപ്പിലൂടെ ജലവിതരണം നടത്തിയിരുന്നുവെങ്കിലും പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടിപോകുന്നതിനാല്‍ പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ല. ഇതേതുടര്‍ന്ന് ഗുണഭോക്താക്കളുടെ നിരന്തര പരാതിയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് ഗോളിയടുക്കയിലും പരിസരങ്ങളിലും പഴയ പൈപ്പുകള്‍ മാറ്റി പുതിയവ ഘടിപ്പിക്കുയായിരുന്നു. ഇവയില്‍ പലതും ഗുണനിലവാരമില്ലാത്തതും, പൈപ്പുകള്‍ക്ക് ചില സ്ഥലങ്ങളില്‍ ടാപ്പ് സ്ഥാപിച്ചില്ലെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആഴ്ചകളായി വെള്ളം പാഴാകുമ്പോഴും അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അതേസമയം വീടുകളിലേക്ക് കണക്ഷന്‍ നല്‍കി മീറ്റര്‍ സ്ഥാപിച്ചവര്‍ക്ക് വെള്ളം എത്തുന്നില്ലെങ്കിലും മുടങ്ങാതെ ബില്ല് എത്താറുണ്ട്. ബില്‍ തുക അടച്ചില്ലെങ്കില്‍ പിഴ വേറെയും. പദ്ധതി പ്രവര്‍ത്തനത്തിലെ കൃത്രിമം ചൂണ്ടികാട്ടി വിജിലന്‍സിലും മറ്റും പരാതി നല്‍കുമെന്ന് പദ്ധതിയുടെ ഗുണഭോക്തക്കള്‍ പറഞ്ഞു.