കോടികള്‍ ചെലവഴിച്ച് പണിത ബേളയിലെ കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കും ടെസ്റ്റിംഗ് സ്റ്റേഷനും നശിക്കുന്നു

ഉദ്ഘാടനം നടത്തി അഞ്ചുവര്‍ഷം; മന്ത്രിമാരുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല

നീര്‍ച്ചാല്‍: സുതാര്യമായി ഡ്രൈവിംഗ് ടെസ്റ്റ് നടത്താനായി ബദിയടുക്ക പഞ്ചായത്തിലെ 18-ാം വാര്‍ഡ് ബേള കുമാരമംഗലത്ത് നിര്‍മ്മിച്ച കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കും കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുമാണ് അധികൃതരുടെ അനാസ്ഥ കാരണം നശിക്കുന്നു.

2020 ഫെബ്രുവരി 14ന് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം നടത്തി അന്നേ ദിവസം മാത്രം തുറന്നതല്ലാതെ പിന്നീട് തുറന്ന് പ്രവര്‍ത്തിച്ചില്ല. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഇവിടത്തെ സംവിധാനങ്ങളെല്ലാം തുരുമ്പെടുത്തും മറ്റും നശിക്കുകയാണ്. ഇതുസംബന്ധിച്ച് നിരന്തരം പത്രവാര്‍ത്തകളും പരാതികളും വരാന്‍ തുടങ്ങി. അതിനിടെ കാസര്‍കോട്ടെത്തിയ അന്നത്തെ മന്ത്രി ആന്റണി രാജു 2022 ഡിസംബറില്‍ ഇതിന്റെ എല്ലാ വിധ സാങ്കേതിക തടസ്സങ്ങളും നീക്കി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും നാളിതുവരെ നടപ്പിലായില്ല.

ബില്‍ കുടിശ്ശിക വന്നതോടെ കെ.എസ്.ഇ.ബി വൈദ്യുത ബന്ധം വിച്ഛേദിച്ചു. ബേളയില്‍ പണിത ഡ്രൈവിംഗ് ട്രാക്കിന് വൈദ്യുതി ബില്ലിനത്തില്‍ 2021ല്‍ 63,222 രൂപയാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്.

സി.സി.ടി.വി. നിരീക്ഷണത്തോടെ പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള പദ്ധതിയാണ് ഇവിടെ പാളുന്നത്. നാല് കോടിയിലേറെ രൂപ ചെലവഴിച്ചാണ് പദ്ധതി തുടങ്ങിയതെങ്കിലും അതിന്റെ ഗുണഫലം പൊതുജനങ്ങള്‍ക്ക് ഇതുവരെ ലഭ്യമാക്കാനായിട്ടില്ല. ഇന്നും കമ്പികള്‍ക്കിടയില്‍ വാഹനമോടിച്ച് ഡ്രൈവിംഗ് പരീക്ഷയെന്ന കടമ്പ കടക്കുകയാണ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍. ജര്‍മ്മന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതിയെങ്കിലും ഇതിന്റെ വിദഗ്ധര്‍ എത്താത്തതാണ് പ്രവര്‍ത്തനം നിശ്ചലമാകാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ സാങ്കേതികവിദ്യ ലഭ്യമാക്കാനായി ജര്‍മ്മന്‍ കമ്പനിയിലെ ഒരു എഞ്ചിനീയറെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ തുടക്കത്തില്‍ തന്നെ നിയമിച്ചിരുന്നെങ്കിലും ഇവിടെ ടെസ്റ്റ് ആരംഭിച്ചിരുന്നില്ല.

ഇവിടെയൊരുക്കിയ യന്ത്രസാമഗ്രികളെല്ലാം ഉപയോഗശൂന്യമാകുന്ന നിലയിലാണ്. നിലവില്‍ കമ്പികള്‍ സ്ഥാപിച്ച് പാറക്കട്ടയിലും വിദ്യാനഗര്‍ സ്റ്റേഡിയം പരിസരത്ത് റോഡിലും നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റിന് പകരം ആധുനിക സംവിധാനം ഒരുങ്ങുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അധികൃതരുടെ അനാസ്ഥകാരണം ഇത് നടപ്പിലാകാതെ പോവുകയാണ്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it