എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അനുവദിച്ച ആംബുലന്‍സ് നശിക്കുന്നു

ബദിയടുക്ക: ബദിയടുക്കയില്‍ പഞ്ചായത്ത് ഭരണ സമിതി യോഗ തീരുമാനങ്ങള്‍ പലതും കടലാസില്‍ മാത്രം ഒതുങ്ങുന്നതായി ആക്ഷേപം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച ആംബുലന്‍സ് മഴയും വെയിലും കൊണ്ട് നശിക്കുകയാണിവിടെ.

പഞ്ചായത്ത് ഓഫീസിന്റെ കോമ്പൗണ്ടിനകത്ത് യാതൊരു സുരക്ഷിതത്വവുമില്ലാതെ തുരുമ്പെടുക്കുന്ന വാഹനം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായാണ് ആക്ഷേപം. ഇതുസംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് ഉത്തരദേശം വാര്‍ത്ത നല്‍കിയിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട പഞ്ചായത്ത് ഭരണ സമിതി യോഗം ചേരുകയും തനത് ഫണ്ടില്‍ നിന്ന് ആംബുലന്‍സിന്റെ അറ്റകുറ്റ പ്രവര്‍ത്തനങ്ങളും പെയിന്റിംഗും നടത്തി ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലെ രോഗികളെ കൊണ്ടുപോകുന്നതിനായി കൈമാറുന്നതിന് സര്‍ക്കാര്‍ ഉത്തരവ് തേടുന്നതിനായി തീരുമാനിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ നടപടികളില്ലാതെ ആംബുലന്‍സ് ഇപ്പോഴും പഴയപടി അതേ സ്ഥലത്ത് പൊടിപിടിച്ച് നശിക്കുകയാണ്. ഭരണ സമിതി യോഗ തീരുമാനം കടലാസില്‍ ഒതുങ്ങിക്കിടക്കുകയാണ്. അധികൃതരുടെ മൂക്കിന് താഴെയാണ് ലക്ഷങ്ങള്‍ വിലയുള്ള വാഹനം തുരുമ്പെടുത്ത് നശിച്ചുകോണ്ടിരിക്കുന്നത്.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രോഗികളെ വീടുകളില്‍ നിന്നും വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ആസ്പത്രികളിലെത്തിക്കാന്‍ അനുവദിച്ച വാഹനം രോഗികളുടെ ആവശ്യങ്ങള്‍ക്ക് നല്‍കാതെ തുരുമ്പെടുത്ത് നശിക്കുമ്പോള്‍ രോഗികളോടുള്ള അവഗണനയായാണ് ഇത് വിരല്‍ ചൂണ്ടുന്നത്.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it