കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ ടീ സ്റ്റാളുകള്‍ അടച്ചുപൂട്ടി; ഹൈക്കോടതിയില്‍ ഹര്‍ജി, റെയില്‍വെക്ക് നോട്ടീസയച്ചു
കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ ക്യാന്റീനും ടീ സ്റ്റാളുകളും റഫ്രഷ്‌മെന്റ് സെന്ററുകളും അടച്ചുപൂട്ടി. ഒരു കുപ്പി വെള്ളം പോലും കിട്ടാതെ യാത്രക്കാര്‍ വലയുന്നു. സ്റ്റാളുകള്‍ അടച്ചുപൂട്ടി യാത്രക്കാര്‍ക്ക് ദുരിതം സൃഷ്ടിച്ചതിനെതിരെ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കാസര്‍കോട്-എറണാകുളം (വെയ്ക്) എന്ന കൂട്ടായ്മയുടെ പ്രസിഡണ്ട് അഷ്‌റഫ് അഡ്വ. അനസ് ഷംനാട് മുഖേന നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി റെയില്‍വെക്ക് നോട്ടീസയക്കുകയും ചെയ്തു. നിലവിലുള്ള ക്യാന്റീനുകളുടെ നടത്തിപ്പ് കാലയളവ് പൂര്‍ത്തിയായതിനാലാണ് ഇവ അടച്ചിട്ടത്. എന്നാല്‍ അടച്ചിടുന്നതിന് മുമ്പ് പുതിയത് തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചില്ല. പുതിയ ടെണ്ടര്‍ നടപടികള്‍ നടന്നുവരുന്നതേയുള്ളൂ. ഈ മാസം 18നാണ് ബാക്കി ഉണ്ടായിരുന്ന സ്റ്റാളും അടച്ചുപൂട്ടിയത്. ഭീമമായ തുകയാണ് റെയില്‍വെ ആവശ്യപ്പെടുന്നതെന്നും അതിനാന്‍ ആരും ആ തുകയ്ക്ക് നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് വിവരം.