പുതിയ കോവിഡ് ഭീഷണി; വീണ്ടും ജാഗ്രതയിലേക്ക്

ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈസിന്റെ വ്യാപനം ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലുമാണ് ജനിതക മാറ്റം സംഭവിച്ച കോവിഡ് അതിവേഗം പടരുന്നത്. ഒട്ടേറെ രാജ്യങ്ങള്‍ ബ്രിട്ടനുമായുള്ള വ്യോമ ഗതാഗതത്തിന് വിലക്ക് ഏര്‍പ്പെടുത്തി. സൗദി അറേബ്യയും ഒമാനും ഒരാഴ്ചത്തേക്ക് വ്യോമ, കര, നാവിക അതിര്‍ത്തികള്‍ അടച്ചു. ഇന്ത്യക്കും ബ്രിട്ടനുമിടയിലുള്ള വിമാന സര്‍വ്വീസുകള്‍ ബുധനാഴ്ച രാത്രി മുതല്‍ ഡിസംബര്‍ 31 വരെ നിര്‍ത്തിവെക്കുകയാണ്. ബുധനാഴ്ചക്ക് മുമ്പ് അവിടെ നിന്ന് […]

ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈസിന്റെ വ്യാപനം ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് രോഗം പടര്‍ന്നു പിടിക്കുന്നത്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലുമാണ് ജനിതക മാറ്റം സംഭവിച്ച കോവിഡ് അതിവേഗം പടരുന്നത്. ഒട്ടേറെ രാജ്യങ്ങള്‍ ബ്രിട്ടനുമായുള്ള വ്യോമ ഗതാഗതത്തിന് വിലക്ക് ഏര്‍പ്പെടുത്തി. സൗദി അറേബ്യയും ഒമാനും ഒരാഴ്ചത്തേക്ക് വ്യോമ, കര, നാവിക അതിര്‍ത്തികള്‍ അടച്ചു. ഇന്ത്യക്കും ബ്രിട്ടനുമിടയിലുള്ള വിമാന സര്‍വ്വീസുകള്‍ ബുധനാഴ്ച രാത്രി മുതല്‍ ഡിസംബര്‍ 31 വരെ നിര്‍ത്തിവെക്കുകയാണ്. ബുധനാഴ്ചക്ക് മുമ്പ് അവിടെ നിന്ന് വരുന്നവരെ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനക്ക് വിധേയമാക്കും. രോഗമുള്ളവരെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റും. മറ്റുള്ളവര്‍ നിര്‍ബന്ധമായും വീട്ടില്‍ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണം. കാനഡ, അര്‍ജന്റീന, റഷ്യ, ഹോങ്ക്‌കോങ്ങ് എന്നീ രാജ്യങ്ങളും ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡ്, റെയില്‍, സമുദ്ര, വ്യോമ പാതകളിലൂടെയെല്ലാം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വൈറസുകള്‍ രോഗവ്യാപനം വര്‍ധിപ്പിച്ചതായും മരണവും ആസ്പത്രിവാസവും കൂടുന്നതായും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. 501. വി2 എന്നാണ് വകഭേദം സംഭവിച്ച വൈറസുകള്‍ക്ക് പേര് നല്‍കിയിട്ടുള്ളത്. ബ്രിട്ടനില്‍ നേരത്തെ കണ്ടെത്തിയ പുതിയ വൈറസിനേക്കാള്‍ വ്യത്യസ്തമാണ് ദക്ഷിണാഫ്രിയക്കയില്‍ കണ്ടെത്തിയത്. എന്നാല്‍ കോവിഡ് വൈറസിനെതിരെ ഫലപ്രദമായ വാക്‌സിനുകള്‍ പുതിയ വൈറസിനെയും പ്രതിരോധിക്കുമെന്നത് മാത്രമാണ് അല്‍പ്പമൊരാശ്വാസം നല്‍കുന്നത്. പ്രാഥമിക വിവരങ്ങളനുസരിച്ച് പുതിയ വൈറസുകളാണ് കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തേക്കാള്‍ വേഗത്തില്‍ രണ്ടാം ഘട്ടത്തില്‍ രോഗം വ്യാപിക്കുന്നുണ്ട്. രോഗ ബാധിതരാവുന്നവരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. വൈറസുകള്‍ക്ക് ഉല്‍പ്പരിവര്‍ത്തനം സംഭവിക്കുന്നത് പുതിയ കാര്യമല്ല. കോവിഡ് വൈറസിന് ഇതുവരെ ഇന്‍ഫ്‌ളുവന്‍സ് വൈറസിനോളം മാറ്റം വന്നിട്ടില്ലെന്നും നിലവില്‍ അധിക ജാഗ്രത സ്വീകരിക്കേണ്ട ആവശ്യമില്ലെന്നുമാണ് യു.എസിലെ വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ട് തന്നെ വാക്‌സിനില്‍ ഓരോ വര്‍ഷവും മാറ്റം വരുത്തേണ്ട ആവശ്യം ഉണ്ടായേക്കില്ല. തെക്കന്‍ ഇംഗ്ലണ്ടില്‍ നിന്ന് സെപ്തംബറില്‍ സ്വീകരിച്ച സാമ്പിളുകളിലാണ് പുതിയ വൈറസ് കണ്ടെത്തിയത്. നിലവില്‍ ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ് എന്നിവിടങ്ങളിലും സമാനസ്വഭാവമുള്ള വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. പഴയ കോവിഡ് വൈറസിനേക്കാള്‍ 70 ശതമാനം വേഗത്തില്‍ പടരുന്നതാണ് ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ്. എന്നാല്‍ പഴയ വൈറസിനേക്കാള്‍ അപകടകാരിയല്ലെന്നാണ് കണക്കുകൂട്ടുന്നത്. പുതിയ വൈറസ് കൂടുതല്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കാന്‍ ശേഷിയുള്ളതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയതോടെയാണ് ലോകം കൂടുതല്‍ ജാഗ്രതയിലേക്ക് നീങ്ങിയത്. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമെന്നും നിയന്ത്രണാതീതമെന്നും അദ്ദേഹം പറയുന്നു. മനുഷ്യ ശരീരത്തിലെ സെല്ലുകളെ ആക്രമിക്കാനുള്ള ശേഷി ഈ വൈറസിന് കൂടുതലാണത്രെ. എന്തായാലും ലോക രാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയും വളരെ ജാഗ്രത പുലര്‍ത്തേണ്ടതിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. രാജ്യം പഴയ നിലയിലേക്ക് തിരിച്ചുപോയ്‌ക്കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ വൈറസിന്റെ ഉത്ഭവം എന്നത് ഭീതി വര്‍ധിപ്പിക്കുന്നു.

Related Articles
Next Story
Share it