ദുബൈ: പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താനുള്ള നിയമഭേദഗതിയുമായി യു.എ.ഇ. സൈബര്‍ നിയമമാണ് ഇത്തരത്തില്‍ ഭേദഗതി ചെയ്യുന്നത്. ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. നിയമഭേദഗതി ജനുവരി രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. വിവിധ സൈബര്‍ കുറ്റങ്ങള്‍ക്ക് ഒന്നര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെയാണ് പിഴയിട്ടിരിക്കുന്നത്.
ഡിജിറ്റല്‍ യുഗത്തില്‍ പൗരന്മാരുടെ അവകാശ സംരക്ഷണവും ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയലും ലക്ഷ്യമിട്ടാണ് നിയമം ഭേദഗതി ചെയ്തത്. സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ് ദേദഗതി ചെയ്തത്. ഓണ്‍ലൈന്‍, സാങ്കേതിക വിദ്യ എന്നിവ ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്തകളും അപവാദപ്രചാരണങ്ങളും നടത്തുന്നതും സൈബര്‍ നിയമപരിധിയില്‍ വരും.
കുറ്റ കൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും സോഫ്റ്റ്വെയറും കണ്ടുകെട്ടാനുള്ള അധികാരം കോടതിക്കുണ്ടായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ മനപൂര്‍വം നശിപ്പിച്ചാല്‍ അഞ്ച് ലക്ഷം ദിര്‍ഹം മുതല്‍ 30 ലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും. രാജ്യത്തിന് പുറത്തുനിന്നാണ് ചെയ്യുന്നതെങ്കിലും നടപടികളുണ്ടാകും. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ശാസ്ത്ര മേഖലയിലെും വിവരങ്ങള്‍ നശിപ്പിക്കുന്നതും കനത്ത ശിക്ഷക്കിടയാക്കും.
മറ്റുള്ളവരുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്ന രീതിയില്‍ അവരുടെ അനുവാദമില്ലാതെ ചിത്രമെടുക്കുന്നത് ഗുരുതര കുറ്റമാണ്. നേരത്തെ സ്വകാര്യ സ്ഥലങ്ങളിലായിരുന്നു നിയന്ത്രണം. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്, പാര്‍ക്ക് ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ ഫോട്ടോ എടുത്താലും കുടുങ്ങും. ഒരാളെ രഹസ്യമായി പിന്തുടരുന്നതിന് അയളുടെ വീഡിയോ റെക്കോഡ് ചെയ്യുന്നതും കുറ്റകരമാണ്. സെല്‍ഫി എടുക്കുന്നതിനോ ഫോട്ടോ എടുക്കുന്നതിനോ തടസമില്ലെന്നും എന്നാല്‍, അത് മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിക്കുന്നതാണെങ്കില്‍ നിയമലംഘനമാകുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.