ആദൂര്‍: ദേലമ്പാടി നൂജിബെട്ടുവില്‍ വീടിന്റെ ഓടിളക്കിമാറ്റി സ്വര്‍ണ്ണാഭരണവും പണവും ഉള്‍പ്പെടെയുള്ളവ കവര്‍ന്ന കേസില്‍ അയല്ക്കാരന് അറസ്റ്റില്‍. നൂജിബെട്ടുവിലെ ശ്രീധരനായക് (40) ആണ് അറസ്റ്റിലായത്. നൂജിബെട്ടുവിലെ നഫീസയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. ശനിയാഴ്ച വീട്ടുകാര്‍ കണ്ണൂരിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. വീടിന്റെ പിറക് വശത്തെ ഓടിളക്കുകയും അകത്തെ അലമാര തകര്‍ക്കുകയും ചെയ്ത നിലയിലായിരുന്നു. ഒന്നേമുക്കാല്‍ പവന് സ്വര്‍ണ്ണകമ്മല്‍, ഒരു ടാബ്, രണ്ട് എമര്‍ജെന്‍സി ലൈറ്റുകള്‍, ഭണ്ഡാരപെട്ടിയില്‍ സൂക്ഷിച്ച 7000 രൂപ എന്നിവാണ് കവര്‍ന്നത്. നേരത്തെ ഒരു മോഷണകേസില്‍ പ്രതിയായ ശ്രീധരനായകിനെ സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റംസമ്മതിച്ചത്. ആദൂര്‍ എസ്.ഐ കെ. വിനോദ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ എബ്രഹാം, സിവില്‍ പൊലീസ് ഓഫീസര്‍ അജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.