വാണിനഗര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് അവഗണന;രോഗികള്‍ക്ക് ദുരിതം

പെര്‍ള: എന്‍മകജെ പഞ്ചായത്തിലെ വാണിനഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പറയാനുള്ളത് അവഗണന മാത്രം. ആസ്പത്രി പ്രവര്‍ത്തനത്തിനായി പുതിയ കെട്ടിടം പണിത് ഉദ്ഘാടനം ചെയ്തുവെങ്കിലും തുറന്നതാകട്ടെ ഒരു ദിവസം. ആസ്പത്രിയുടെ പ്രവര്‍ത്തനമാകട്ടെ പഴയ കെട്ടിടത്തില്‍ തന്നെ. പേരിന് ആസ്പത്രിയാണെങ്കിലും ഇവിടെ ഡോക്ടറുടെ സേവനം ആഴ്ചയില്‍ ഒരു ദിവസം മാത്രം. ഏതെങ്കിലും ഒരു ദിവസം വന്നാല്‍വന്നു എന്ന മട്ടാണ്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്ള പ്രദേശമായ പഡ്രെ-വാണിനഗര്‍ പ്രദേശത്ത് നിന്നുമെത്തുന്ന രോഗികളാണ് ദുരിതമനുഭവിക്കുന്നത്. ആര്‍ദ്രം പദ്ധതി പ്രകാരം […]

പെര്‍ള: എന്‍മകജെ പഞ്ചായത്തിലെ വാണിനഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് പറയാനുള്ളത് അവഗണന മാത്രം. ആസ്പത്രി പ്രവര്‍ത്തനത്തിനായി പുതിയ കെട്ടിടം പണിത് ഉദ്ഘാടനം ചെയ്തുവെങ്കിലും തുറന്നതാകട്ടെ ഒരു ദിവസം. ആസ്പത്രിയുടെ പ്രവര്‍ത്തനമാകട്ടെ പഴയ കെട്ടിടത്തില്‍ തന്നെ. പേരിന് ആസ്പത്രിയാണെങ്കിലും ഇവിടെ ഡോക്ടറുടെ സേവനം ആഴ്ചയില്‍ ഒരു ദിവസം മാത്രം. ഏതെങ്കിലും ഒരു ദിവസം വന്നാല്‍വന്നു എന്ന മട്ടാണ്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്ള പ്രദേശമായ പഡ്രെ-വാണിനഗര്‍ പ്രദേശത്ത് നിന്നുമെത്തുന്ന രോഗികളാണ് ദുരിതമനുഭവിക്കുന്നത്. ആര്‍ദ്രം പദ്ധതി പ്രകാരം കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി വാണിനഗര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് 2024 മാര്‍ച്ച് നാലിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ആസ്പത്രി കെട്ടിടം കാഴ്ച വസ്തുവായി മാറികൊണ്ടിരിക്കുന്നു. ഫര്‍ണിച്ചറുകളും അനുബന്ധ സാധനങ്ങളും ലഭിക്കാത്തതാണ് പുതിയ കെട്ടിടത്തിലേക്ക് ആസ്പത്രിയുടെ പ്രവര്‍ത്തനം മാറ്റാത്തതിന് കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇവിടെ ചുമതലയുണ്ടായിരുന്ന ഡോക്ടര്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ അധിക ചുമതല നല്‍കി നിയമിച്ചതിന് ശേഷം പകരം ഡോക്ടറെ നിയമിച്ചിട്ടില്ല. രോഗികളുടെയും നാട്ടുകാരുടേയും പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബദിയടുക്ക സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനും സര്‍വ്വീസില്‍ നിന്ന് വിരമിച്ച മറ്റൊരു ഡോക്ടറെയും ഇവിടെ മാര്‍ച്ച് മാസത്തില്‍ നിയമിച്ചുവെങ്കിലും ചുമതല നല്‍കിയ അസി. സര്‍ജന് ജൂണ്‍ മാസത്തില്‍ വീണ്ടും ബദിയടുക്ക സി.എച്ച്.സിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതല നല്‍കി. ഇതിന് ശേഷം വാണിനഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനം ഒരു ദിവസമായി മാറുകയാണുണ്ടായത്. 2023 ജുലായ് മാസത്തില്‍ ഫാര്‍മസിസ്റ്റ് ഇവിടെ നിന്ന് സ്ഥലം മാറി പോയതിന് ശേഷം പകരം നിയമനം നടത്തിയിട്ടില്ല. എന്‍മകജെ പഞ്ചായത്തിലെ ആറും ഏഴും വാര്‍ഡില്‍പ്പെടുന്ന അമ്പതില്‍ കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും മറ്റു രോഗികള്‍ക്കും ഏക ആശ്രയമാണ് ഈ ആസ്പത്രി. സമീപത്ത് തന്നെ പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ പ്രിമെട്രിക് സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളും അസുഖം ബാധിച്ചാല്‍ ആശ്രയിക്കുന്ന ആസ്പത്രിയാണിത്. ഡോക്ടറും ഫാര്‍മസിസ്റ്റും മറ്റു ജീവനക്കാരുമില്ലാത്തതിനാല്‍ പ്രദേശത്തെ രോഗികള്‍ കര്‍ണ്ണാടക പുത്തൂരിലെയും വിട്ട്‌ളയിലെയും ആസ്പത്രികളെയാണ് ആശ്രയിക്കുന്നത്. പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ അടിയന്തരമായും ഡോക്ടറെയും മറ്റു ജീവനക്കാരെയും നിയമിച്ച് ആസ്പത്രിയുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles
Next Story
Share it