മാറിമാറി അധികാരത്തില്‍ വരുന്നവരുടെ ഭാഗത്തുനിന്ന് അവഗണന മാത്രം; റോഡ് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ അപര്യാപ്തം; ദേലംപാടി പഞ്ചായത്തിലെ നാനൂറോളം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു

ദേലംപാടി (കാസര്‍കോട്): മാറിമാറി അധികാരത്തില്‍ വരുന്നവരുടെ ഭാഗത്തുനിന്നുമുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ദേലംപാടി പഞ്ചായത്തിലെ 15- 16 വാര്‍ഡുകളിലുള്ള 400 ഓളം വോട്ടര്‍മാര്‍ തദ്ദേശതിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു. അടിസ്ഥാന വികസനത്തിന്റെ കാര്യത്തില്‍ മാറിമാറി വന്ന ഭരണകര്‍ത്താക്കള്‍ തങ്ങളുടെ ഗ്രാമത്തെ അവഗണിച്ചുവെന്നാണ് ഇവരുടെ പരാതി. വാര്‍ഡ് 15ല്‍പെട്ട നൂയിവീട്, അഡ്ഡന്തടുക്ക പ്രദേശ വാസികളും വാര്‍ഡ് 16ലെ കൊമ്പോട് നിവാസികളുമാണ് വോട്ട് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ഈ നാട്ടുകാര്‍ക്ക് പേരിന് പോലും ഒരു വികസനവും ലഭിച്ചിട്ടില്ല. ഈ നാട്ടിലേക്ക് […]

ദേലംപാടി (കാസര്‍കോട്): മാറിമാറി അധികാരത്തില്‍ വരുന്നവരുടെ ഭാഗത്തുനിന്നുമുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ദേലംപാടി പഞ്ചായത്തിലെ 15- 16 വാര്‍ഡുകളിലുള്ള 400 ഓളം വോട്ടര്‍മാര്‍ തദ്ദേശതിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു. അടിസ്ഥാന വികസനത്തിന്റെ കാര്യത്തില്‍ മാറിമാറി വന്ന ഭരണകര്‍ത്താക്കള്‍ തങ്ങളുടെ ഗ്രാമത്തെ അവഗണിച്ചുവെന്നാണ് ഇവരുടെ പരാതി. വാര്‍ഡ് 15ല്‍പെട്ട നൂയിവീട്, അഡ്ഡന്തടുക്ക പ്രദേശ വാസികളും വാര്‍ഡ് 16ലെ കൊമ്പോട് നിവാസികളുമാണ് വോട്ട് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ഈ നാട്ടുകാര്‍ക്ക് പേരിന് പോലും ഒരു വികസനവും ലഭിച്ചിട്ടില്ല. ഈ നാട്ടിലേക്ക് സ്വന്തമായി കേരളത്തില്‍ നിന്നും ഒരു റോഡ് പോലുമില്ല. നിലവില്‍ കര്‍ണാടകയിലെ പള്ളത്തൂര്‍ വഴിയാണ് ഇവിടത്തുകാര്‍ നൂജിബെട്ടുവിലക്ക് പോകുന്നത്. കേരള വനത്തിലൂടെ പഴക്കം ചെന്ന ബ്രിട്ടീഷ് കാലത്തെ റോഡ് നിലവിലുണ്ടങ്കിലും യാത്രാ സൗകര്യം കുറവാണ്. ഈ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കി തരണമെന്നാണ് ഇവിടത്തുകാരുടെ പ്രധാന ആവശ്യം.

കര്‍ണാടക വഴി നൂജിബെട്ടുവിലെത്താന്‍ നാട്ടുകാര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് എരിക്കടവ് പാലത്തിനെയാണ്. ലോക്ഡൗണ്‍ സമയത്ത് കര്‍ണാടക മണ്ണിട്ട് അടച്ച് യാത്ര തടസപ്പെടുത്തിയതുമൂലം ഏറെ ദുരിതം പേറിയതും ഈ നാട്ടുകാരാണ്. ലോക്ഡൗണ്‍ കാലത്ത് മാസങ്ങളോളമാണ് കേരളത്തിലായിരുന്നിട്ടും ഇവടത്തുകാര്‍ ഒറ്റപ്പെട്ടത്. വനത്തിലൂടെയുള്ള യഥാര്‍ഥ റോഡ് കേരള സര്‍ക്കാര്‍ നന്നാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്ത് അധികൃതരോ എം.എല്‍.എ യോ എം.പിയോ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

നിലവില്‍ കര്‍ണാടക വഴി നൂജിബെട്ടുവിലെത്താന്‍ നാട്ടുകാര്‍ ഉപയോഗിക്കുന്ന റോഡും എരിക്കടവ് പാലത്തിനുമെല്ലാം ഒരു കോട്ടയം ബന്ധമുണ്ട്. കാരണം കോട്ടയത്തുകാരനായ എം.എം മാത്യു എന്ന കര്‍ഷകന്‍ നൂജിബെട്ടുവില്‍ താമസമാക്കിയ കാലം. അന്ന് അദ്ദേഹം നാട്ടുകാരെയും കൂട്ടി മന്ത്രിയായിരുന്ന കെ.എം മാണിയെ കാണാന്‍ പാലായില്‍ പോയതും പാലം പണിയാനുള്ള അനുമതി വാങ്ങിയതും ഇവടത്തുകാര്‍ ഇന്നും ഓര്‍ക്കുന്നു. 2003ല്‍ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ദേലംപാടി പഞ്ചായത്ത് നൂജിബെട്ടുവില്‍ പണിത അംഗണ്‍വാടി കെട്ടിടം ഇപ്പോള്‍ അപകടത്തിലാണ്. താല്‍ക്കാലികമായി അടുത്തുള്ള ഒറ്റമുറി കമ്മ്യൂണിറ്റി ഹാളിലാണ് അംഗണ്‍വാടി പ്രവര്‍ത്തിക്കുന്നത്. വൈദ്യുതിയോ വെള്ളമോ ഇല്ല. വെള്ളത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത കുഴല്‍ കിണര്‍ ഉപയോഗിക്കാന്‍ പറ്റാത്തവിധം നശിച്ചിരിക്കുന്നു.

വനത്തോട് ചുറ്റപ്പെട്ട ഈ ഗ്രാമത്തില്‍ കാട്ടാന ശല്യവും മറ്റു വന്യമൃഗ ശല്യവും കൂടുതലാണ്. അതിനും പരിഹാരം വേണം. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പ് നല്‍കിയാല്‍ മാത്രമേ വോട്ട് എന്ന കടമ ഞങ്ങള്‍ നിര്‍വഹിക്കൂവെന്ന് നാട്ടുകാര്‍ പറഞ്ഞു. വോട്ട് ചോദിച്ച് കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ബി ഷെഫീഖിനോട് ഈ കാര്യങ്ങള്‍ നാട്ടുകാര്‍ പറയുകയും ചെയ്തു. വികസന കാര്യങ്ങളില്‍ രേഖാമൂലമുള്ള ഉറപ്പ് ആവശ്യമാണെന്നും ഈ കാര്യങ്ങളില്‍ ജില്ലയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Neglect by government; Voters will ready for boycott election

Related Articles
Next Story
Share it