മണ്ണിനും വേണ്ടേ ഒരു ചെക്കപ്പ്?

ആരോഗ്യമാണ് സമ്പത്ത്എന്നാണല്ലോ നമ്മള്‍ പറയുന്നത്. മനുഷ്യരെ സംബന്ധിച്ചെടുത്തോളം ഒരു ഹെല്‍ത്ത് ചെക്കപ്പിന് ആവശ്യകത കൂടിവരുകയാണ്. നമ്മളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയുവാന്‍ വേണ്ടി രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ ചെക്കപ്പ് നടത്താറുണ്ട്. അതുപോലെ തന്നെയാണ് മണ്ണിന്റെ ആരോഗ്യവും. മണ്ണറിഞ്ഞ് തന്നെ വേണം ഓരോ കര്‍ഷകനും കൃഷിയിറക്കാന്‍. വിളകളുടെ ഉത്പാദനക്ഷമത മണ്ണിന്റെ ആരോഗ്യത്തെകൂടി ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മണ്ണിന്റെ ആരോഗ്യം കൃഷിയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്നു. നമ്മുടെ കൃഷിഭൂമിയിലെ മണ്ണിന്റെ ഗുണം അനുസരിച്ചാകണം നമ്മുടെ കൃഷി രീതികള്‍ ക്രമീകരിക്കാന്‍. കൃത്യതയാര്‍ന്ന വളപ്രയോഗത്തിലൂടെ വിളകളുടെ ഉത്പാദനക്ഷമത […]

ആരോഗ്യമാണ് സമ്പത്ത്എന്നാണല്ലോ നമ്മള്‍ പറയുന്നത്. മനുഷ്യരെ സംബന്ധിച്ചെടുത്തോളം ഒരു ഹെല്‍ത്ത് ചെക്കപ്പിന് ആവശ്യകത കൂടിവരുകയാണ്. നമ്മളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ അറിയുവാന്‍ വേണ്ടി രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ ചെക്കപ്പ് നടത്താറുണ്ട്. അതുപോലെ തന്നെയാണ് മണ്ണിന്റെ ആരോഗ്യവും. മണ്ണറിഞ്ഞ് തന്നെ വേണം ഓരോ കര്‍ഷകനും കൃഷിയിറക്കാന്‍. വിളകളുടെ ഉത്പാദനക്ഷമത മണ്ണിന്റെ ആരോഗ്യത്തെകൂടി ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മണ്ണിന്റെ ആരോഗ്യം കൃഷിയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്നു. നമ്മുടെ കൃഷിഭൂമിയിലെ മണ്ണിന്റെ ഗുണം അനുസരിച്ചാകണം നമ്മുടെ കൃഷി രീതികള്‍ ക്രമീകരിക്കാന്‍.
കൃത്യതയാര്‍ന്ന വളപ്രയോഗത്തിലൂടെ വിളകളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുന്നു. മണ്ണിലെ പോഷകങ്ങളുടെ സമീകൃതമായ അളവിലെ വ്യത്യാസം വിളകളുടെ ഉത്പാദനക്ഷമതയെ ബാധിക്കുന്നു. ശാസ്ത്രീയമായ മണ്ണ്പരിശോധനയിലൂടെ മാത്രമേ മണ്ണില്‍ എത്ര അളവില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വിളകള്‍ക്ക് എത്ര മാത്രം അവ നല്‍കേണ്ടതുണ്ടെന്നും അറിയുവാന്‍ സാധിക്കുകയുള്ളൂ.
മണ്ണ് പരിശോധനയുടെ കൃത്യമായ ഫലം എത്ര കൃത്യമായി സാമ്പിളുകള്‍ എടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എങ്കില്‍ മാത്രമേ ശരിയായ വളപ്രയോഗ ശുപാര്‍ശ നമുക്ക് നടത്തുവാന്‍ സാധിക്കുകയുള്ളൂ. പരിശോധനയ്ക്കായി എടുക്കുന്ന മണ്ണുസാമ്പിള്‍ നിങ്ങളുടെ കൃഷിയിടത്തെ മുഴുവനായി പ്രതിനിധീകരിക്കേണ്ടതാണ്. അതിനാല്‍ കൃഷി സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മണ്ണുസാമ്പിള്‍ ശേഖരിക്കേണ്ടതാണ്. എന്നിട്ട് അവയെല്ലാം ഒരുമിച്ചാക്കി ഒറ്റ സാമ്പിള്‍ ആയിട്ട് വേണം നല്‍കുവാന്‍. മണ്ണ് എടുക്കുന്നതിന് മുമ്പ് നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അടുത്തിടെയായി വളപ്രയോഗം നടത്തിയ സ്ഥലങ്ങള്‍, ചതുപ്പുനിലം, മഴപെയ്ത് കുതിര്‍ന്ന് സ്ഥലങ്ങള്‍, വൃക്ഷങ്ങളുടെയോ വിളകളുടെ ചുവടുകള്‍, കമ്പോസ്റ്റു കുഴി, വളക്കുഴി എന്നിവിടങ്ങളില്‍നിന്ന് മണ്ണ് സാമ്പിള്‍ ശേഖരിക്കാതെ ശ്രദ്ധിക്കണം.
ഒരു ഹെക്ടര്‍ സ്ഥലത്തുനിന്ന് പത്ത് മുതല്‍ പതിനഞ്ച് സാമ്പിളുകള്‍ വരെ ശേഖരിക്കാവുന്നതാണ്. മണ്ണ് സാമ്പിള്‍ എടുക്കുന്ന സ്ഥലത്തുനിന്ന് കല്ലും ചവറും നീക്കംചെയ്യുക. തിരഞ്ഞെടുത്ത സ്ഥലത്തുനിന്ന് മണ്‍വെട്ടി ഉപയോഗിച്ച് ഢ ആകൃതിയില്‍ മണ്ണ് വെട്ടിമാറ്റണം. നെല്ല്, പച്ചക്കറികള്‍ തുടങ്ങിയവയ്ക്ക് 15 സെന്റീമീറ്റര്‍ താഴ്ച്ചയില്‍ മണ്ണ് വെട്ടി മാറ്റിയാല്‍ മതിയാകും എന്നാല്‍ തെങ്ങ് പോലെ ആഴത്തില്‍ വേര് ഇറങ്ങിയ മരങ്ങളോ ആണെങ്കില്‍ 30 മുതല്‍ 60 സെന്റീമീറ്റര്‍ ആഴത്തില്‍ മണ്ണ് എടുക്കാവുന്നതാണ് ആണ്. വെട്ടിമാറ്റിയ കുഴിയിലെ ഇരുവശങ്ങളിലും നിന്ന് മുകളറ്റം മുതല്‍ താഴെ വരെ 2 സെന്റീമീറ്റര്‍ കനത്തില്‍ വശങ്ങളില്‍ നിന്ന് മണ്ണ് മുറിച്ചെടുക്കുക.
ഇങ്ങനെ ശേഖരിച്ച മണ്ണ് സാമ്പിളുകള്‍ പോളിത്തീന്‍ ഷീറ്റില്‍ നിരത്തുക. അവയിലെ കല്ലുകളും വേരുകളും നീക്കം ചെയ്തതിനു ശേഷം നന്നായി യോജിപ്പിക്കുക. ഈ മണ്ണ് സമചതുര ആകൃതിയില്‍ നിരത്തുക. ഈ സമചതുരത്തെ നാലായി ഭാഗിച്ച് കോണോടു കോണ്‍ ചേര്‍ന്ന് ഭാഗത്തെ മണ്ണ് നീക്കം ചെയ്യുക. ഇതിനെ ചതുര്‍ വിഭജനം എന്നാണ് പറയുക. ശേഷിക്കുന്ന ഭാഗങ്ങള്‍ വീണ്ടും കൂട്ടിയോജിപ്പിച്ച് 4 ഭാഗങ്ങളാക്കി 2 ഭാഗങ്ങള്‍ നീക്കം ചെയ്യുക. മണ്ണിന്റെ സാമ്പിള്‍ അര കിലോ വരുന്നത് വരെ ഇത് ചെയ്തുകൊണ്ടേ ഇരിക്കണം. ഇങ്ങനെ ശേഖരിച്ച മണ്ണ് തണല്‍ പ്രദേശങ്ങളില്‍ വച്ച് ഉണക്കുക. ഉണക്കിയ മണ്ണ് ഒരു പോളിത്തീന്‍ കവറിലേക്ക് മാറ്റി സൂക്ഷിക്കുക. മണ്ണ് പരിശോധനയ്ക്കായി കൊടുക്കുമ്പോള്‍ സാമ്പിളിനോടൊപ്പം കര്‍ഷകന്റെ പേരും മേല്‍വിലാസവും കൃഷി ചെയ്യുന്ന വിള, സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം, സര്‍വ്വേ നമ്പര്‍, ജി.പി.എസ്. വിവരങ്ങള്‍, മുമ്പ് വളം നല്‍കിയതിന്റെ വിവരങ്ങള്‍, മണ്ണ് സാമ്പിള്‍ ശേഖരിച്ച ദിവസം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഷീറ്റ്കൂടെ നല്‍കേണ്ടതാണ്.
പരിശോധനക്കായി അതാത് ജില്ലകളിലെ മണ്ണ് പരിശോധന ലാബുകളില്‍ കൃഷിഭവന്‍ മുഖേനയോ നേരിട്ടോ എത്തിക്കാവുന്നതാണ്. കൃഷി വകുപ്പ് മണ്ണ് പരിശോധന ലാബുകള്‍ക്കു പുറമെ കേരളം കാര്‍ഷിക സര്‍വകലാശാലക്ക് കീഴിലുള്ള ലാബുകളിലും പരിശോധന നടത്താവുന്നതാണ്. പരിശോധനക്ക് ശേഷം സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുന്നു. സോയില്‍ ഹെല്‍ത്ത് കാര്‍ഡില്‍ മണ്ണ് പരിശോധനാ ഫലത്തിനോടൊപ്പം വിവിധ വിളകള്‍ കൃഷി ചെയ്യുന്നതിന് ആവശ്യമുള്ള രാസവളം, കുമ്മായം, സൂക്ഷ്മ മൂലകങ്ങള്‍ എന്നിവ നല്‍കുന്നതിന്റെ ശുപാര്‍ശയും ഉണ്ടാകും.

ഹൃദ്യഷാജി,
ഷമീര്‍ മുഹമ്മദ് ഇ
(പടന്നക്കാട് കാര്‍ഷിക കോളേജ്)

Related Articles
Next Story
Share it