നാടും നഗരവും ഗ്രാമങ്ങളും വീണ്ടും ആഘോഷരാവുകളിലേക്ക്. ഉത്സവ പറമ്പുകള്‍ നൃത്തച്ചുവടുകളുടെ അരങ്ങേറ്റത്തിലും അണിയറയിലും. എവിടെ ആനന്ദ ഭാരങ്ങളും സന്തോഷനാളുകളും. നവരാത്രി ആഘോഷത്തിലാണ് നാടെന്ന് വിവക്ഷ വിദ്യക്ക്
രാജകീയ വരവേല്‍പ്പ് നല്‍കുന്നു. ഇതുപോലെ അതിര്‍ വരമ്പില്ലാത്ത മനുഷ്യ കൂട്ടായ്മ ഏത് ആഘോഷത്തിലും ഇല്ല തന്നെ. നവരാത്രി ഉത്സത്തിന് ഭക്തമനസ്സുകളെല്ലാം
താമരത്താരാകുന്ന പുണ്യമുഹൂര്‍ത്തങ്ങള്‍. കൊല്ലൂരമ്മയെ വണങ്ങാന്‍ ഭക്തസഹസ്രങ്ങള്‍ ആറ്റുനോറ്റെത്തുന്ന നാളുകള്‍. ദക്ഷിണ മൂകാംബികയായ പനച്ചിക്കാട്ടും ദേവിയുടെ വരപ്രസാദം തേടി ലക്ഷങ്ങളെത്തുന്നു. ഏത് വേദാന്തവും ഈശ്വര ഇടങ്ങളും എത്തിച്ചേരുന്നത് വിജ്ഞാനത്തിലാണ്. വിശുദ്ധ ഖുറാനും ബൈബിളും അറിവിനാണ് പ്രാധാന്യം നല്‍കിയത്. വേദം എന്ന വാക്കിന്റെ അര്‍ത്ഥ പൊലിമ തന്നെ അറിവ്
എന്നാണല്ലോ. അറിവാണ് ലോകത്തിന്റെ നിലനില്‍പ്പിന് കാരണം. എഴുത്തിനിരുത്തുന്നതും അറിവിലേക്ക് നാക്ക് നീട്ടുന്നതും അത്തരത്തില്‍ മഹത്തായ ജീവിത വഴികളാണ്. ഇതിന് ബദല്‍ മാര്‍ഗ്ഗം വേറെയില്ല. ഈ സ്വീകാര്യതയും വേറെയില്ല. മഹാദേവിയാകുന്ന മഹാജ്ഞാനത്തിന്റെ മൂന്ന് വദനങ്ങളാണ് സൃഷ്ടിയും സ്ഥിതിയും സംഹാരവും. അതു തന്നെയാണ് ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാര്‍. ത്രിമൂര്‍ത്തികള്‍ മൂന്ന് കാലത്തെ അടയാളമാക്കുന്നു. മഹാദേവിയുടെ വിദ്യാസ്വരൂപവും അവതാരവുമാണ്.
സരസ്വതീ വിനയത്തിന്റെ, ലാളിത്യത്തിന്റെ വെണ്‍താമരയില്‍ അറിവിന്റെ അനുഗ്രഹമായി വിളങ്ങുമ്പോള്‍ നിരക്ഷരനും അറിവുള്ള മഹാത്മാവാകുന്നു. അതു കൊണ്ടാണ് വിദ്യാലയങ്ങളെ സരസ്വതി ക്ഷേത്രങ്ങളെന്നു പോലും വിളിപ്പേരില്‍ പ്രകീര്‍ത്തിക്കുന്നത്. അന്ധകാരത്തിന്റെ മറ നീക്കി അറിവിന്റെ പ്രകാശ ഗമനമാണ് നവരാത്രിയുടെ സങ്കല്‍പം. പ്രാദേശികഭേദങ്ങള്‍ക്ക് അപ്പുറം രാജ്യത്താകമാനം ഈ ആഘോഷത്തിന്റെ സമാനതകള്‍ കാണാം. ദേവീ പൂജ, ദുര്‍ഗാപൂജ, ആയുധപൂജ, സരസ്വതി പൂജ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ വെവ്വേറെ പേരുകളിലാണ് നവരാത്രിയാഘോഷം അറിയപ്പെടുന്നത്. ബംഗാളില്‍ ദുര്‍ഗയെ കേരളത്തില്‍ സരസ്വതിയെ ഗുജറാത്തില്‍ ദേവിയെ എന്നിങ്ങനെ പൂജാ സങ്കല്‍പങ്ങള്‍ക്ക് മാറ്റങ്ങളുണ്ട്.
ബംഗ്ലാദേശിലും ദുര്‍ഗ്ഗാ പൂജാ മഹോല്‍സവങ്ങളുണ്ട്. അവിടെ ഹിന്ദു ന്യൂനപക്ഷ വേട്ട നടക്കുന്നതിനാല്‍ ദുര്‍ഗ്ഗാ പൂജാ പന്തലുകള്‍ക്ക് സൈന്യം സംരക്ഷണമേര്‍പ്പെടുത്തിയത് കഴിഞ്ഞ വാരം ഇംഗ്ലീഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏതാണ്ട് 3500ലേറെ ദുര്‍ഗ്ഗാ പൂജാ പന്തലുകള്‍ ബംഗ്ലാദേശിലുണ്ട്. തിന്മ ഇരുട്ടും നന്മ പ്രകാശവുമാണ്. ഇരുട്ടിനെ പ്രകാശം കീഴടക്കണം. അക്രമങ്ങളും ഭയവും നിറക്കുന്ന ശക്തികള്‍ക്ക് എതിരെ മൗനം ഭജിക്കുന്ന അധികാര കേന്ദ്രങ്ങളിലെ അനങ്ങാപ്പാറാ നയമുള്ള മങ്ങിയ പ്രകാശമല്ല, അത് തെറ്റിനെ ചൂണ്ടിക്കാട്ടി തിരുത്തുന്നതാണ്. നവരാത്രിയിലെ പ്രകാശ ദേവീ സങ്കല്‍പത്തിന്റെ ആദിമരൂപം ഋഗ്വേദത്തില്‍ കാണാം. ‘പ്രാണോ ദേവി സരസ്വതി’ എന്നാരംഭിക്കുന്ന ദേവീസ്തുതിയില്‍ സരസ്വതി ശക്തിസ്വരൂപിണിയാണ്. സരസ്സു പോലുള്ളവള്‍ എന്നൊക്കെയാണ് അര്‍ഥം. സരസ്വതി വിദ്യാരൂപിണിയാണ്.
ദുര്‍ഗ പോരാളികളുടെ ജ്ഞാനദേവതയാണെങ്കില്‍ സരസ്വതി കലാകാരന്മാരുടെയും വിദ്യാര്‍ത്ഥികളുടെയും ഇഷ്ടദേവതയാണ്. ഓലയും നാരായവും വീണയുമെല്ലാം ഈ സങ്കല്‍പത്തിന്റെ പ്രതീകങ്ങളാണ്. ദുര്‍ഗയാവട്ടെ ആയുധധാരിണിയാണ്. ഭീകര രൂപിയും.
മഹാഭാരത യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് അര്‍ജ്ജുനന്‍ ദുര്‍ഗയെ ആരാധിച്ചു പ്രസാദിപ്പിക്കുന്നതായി ഭീഷ്മ പര്‍വ്വത്തില്‍ പരാമര്‍ശമുണ്ട്. സരസ്വതി സ്തുതി എന്നും അറിവിന്റെ ലോകത്ത് ഏറെ പ്രശസ്തമാണ്.
‘സരസ്വതി നമസ്തുഭം വരതേ
കാമരൂപിണി വിദ്യാരംഭം
കരിഷ്യാമി സിദ്ധിര്‍ഭവതു
മേ സദാ, സരസ്വതി മഹാദേവി
ത്രിഷ്ട ലോകേഷ്യ പൂജിതേ
കാമരൂപി കലാജ്ഞാനി
ജ്ഞാനോദേവി സരസ്വതി’
-സന്തോഷ് ഒഴിഞ്ഞവളപ്പ്