സാമ്പത്തികമായി ഞെരുക്കമുള്ളപ്പോഴും കേരളം പരിമിതികളെ അതിജീവിച്ചു മുന്നോട്ടു കുതിക്കുന്നു-മുഖ്യമന്ത്രി

നവകേരള സദസ്സിന് മഞ്ചേശ്വരത്ത് തുടക്കം കാസര്‍കോട്: സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാത്ത അവസ്ഥ ഉള്ളപ്പോഴും അവ അവഗണിച്ചു സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കാസര്‍കോട് മഞ്ചേശ്വരം പൈവളിഗെ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.57,000 കോടിയില്‍പ്പരം രൂപയാണ് വിവിധ മേഖലകളില്‍ കേരളത്തിന്റേത് വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്റെ കൈവശം എത്തേണ്ട തുകയാണിത്. ഈ സാമ്പത്തിക ഞെരുക്കം ചില പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷെ, അതെല്ലാം അതിജീവിച്ചു കൊണ്ട് സംസ്ഥാനം മുന്നോട്ട് […]

നവകേരള സദസ്സിന് മഞ്ചേശ്വരത്ത് തുടക്കം

കാസര്‍കോട്: സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കാത്ത അവസ്ഥ ഉള്ളപ്പോഴും അവ അവഗണിച്ചു സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കാസര്‍കോട് മഞ്ചേശ്വരം പൈവളിഗെ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
57,000 കോടിയില്‍പ്പരം രൂപയാണ് വിവിധ മേഖലകളില്‍ കേരളത്തിന്റേത് വെട്ടിക്കുറച്ചത്. സംസ്ഥാനത്തിന്റെ കൈവശം എത്തേണ്ട തുകയാണിത്. ഈ സാമ്പത്തിക ഞെരുക്കം ചില പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പക്ഷെ, അതെല്ലാം അതിജീവിച്ചു കൊണ്ട് സംസ്ഥാനം മുന്നോട്ട് കുതിക്കുകയാണ്. സാമ്പത്തികനില മെച്ചപ്പെടുത്തുകയാണ്- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷവരുമാനം 1,48,000 കോടി രൂപയില്‍ നിന്നും 2,28,000 കോടി രൂപയായി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷവരുമാനമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ആഭ്യന്തര വളര്‍ച്ചാനിരക്കില്‍ എട്ടു ശതമാനം വര്‍ധന കൈവരിച്ചു. തനതു വരുമാനം 26 ശതമാനത്തില്‍ നിന്നും 67 ശതമാനമായി ഉയര്‍ന്നു. ആഭ്യന്തര ഉല്‍പ്പാദനം 2016 ല്‍ 5,6,000 കോടി രൂപയായിരുന്നത് ഇപ്പോള്‍ 10,17,000 കോടി രൂപയായി വര്‍ധിച്ചു. നികുതി വരുമാനത്തില്‍ 23,000 കോടി രൂപയുടെ വര്‍ധനവുണ്ടായി-മുഖ്യമന്ത്രി കണക്കുകള്‍ സഹിതം വിശദീകരിച്ചു.
ആഗോളീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സാമ്പത്തിക നയത്തിന് ബദല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്. പണക്കാരനെ കൂടുതല്‍ പണക്കാരനും ദരിദ്രനെ പരമദരിദ്രനും ആക്കുന്ന നയമാണ് ആഗോളീകരണ നയം. എന്നാല്‍ സംസ്ഥാനം ശ്രമിക്കുന്നത് അതിദരിദ്രരെ പാടെ തുടച്ചുമാറ്റാനാണ്. 0.7 ശതമാനം മാത്രമാണ് കേരളത്തില്‍ അതിദാരിദ്ര്യം. അത്രയും ന്യൂനമായ സംഖ്യ വേണമെങ്കില്‍ എഴുതിത്തള്ളാമായിരുന്നു. എന്നാല്‍ അതിദരിദ്രനായ ഒരാള്‍ പോലും ഉണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് അതിദരിദ്രരായി കണ്ടത്തിയവരില്‍ 40 ശതമാനത്തില്‍ അധികം പേരെയും ആ പട്ടികയില്‍ നിന്നും മോചിപ്പിച്ചു കഴിഞ്ഞു.
മാനവവികസന സൂചിക, സാമ്പത്തിക അസമത്വ സൂചിക, ആരോഗ്യമേഖലയില്‍ പണം ചിലവഴിക്കല്‍, മാധ്യമ സ്വാതന്ത്ര്യം എന്നിവയിലൊക്കെ നല്ല അവസ്ഥയിലല്ല രാജ്യമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മതേതരത്വം, ഫെഡറലിസം എന്നിവ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്.
2016ന് മുമ്പുള്ള കേരളം അല്ല ഇപ്പോഴുള്ളതെന്നും ഇവിടെ നടക്കില്ല എന്ന് കരുതിയ നിരവധി വികസന പ്രവര്‍ത്തികള്‍ നടന്നുകഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റു വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്.
ഐ.ടി മേഖലയില്‍ 26,000 തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്നത് ഏഴു വര്‍ഷത്തിനുള്ളില്‍ 62,000 ആയി ഉയര്‍ന്നു. കാര്‍ഷിക മേഖലയിലെ വളര്‍ച്ചാനിരക്ക് നാലു ശതമാനമായി. 4,300 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപിച്ചത്. ഇതിന്റെ പ്രയോജനം 2300 സ്‌കൂളുകള്‍ക്ക് ലഭിച്ചു. മറ്റൊരു സംസ്ഥാനത്തിനും കഴിയാത്തവിധം 60 ലക്ഷം പേര്‍ക്കാണ് പ്രതിമാസം 1600 രൂപ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ആയി നല്‍കുന്നത്. വിവിധ മേഖലകളില്‍ ചിലവിട്ട തുകകളും നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
നവകേരള സദസ്സ് പരിപാടി നാടിനു വേണ്ടിയാണ്, നാടിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയാണ് എന്ന് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സാധാരണക്കാര്‍ക്ക് ബോധ്യമായതിന്റെ തെളിവാണ് മഞ്ചേശ്വരത്തു തടിച്ചുകൂടിയ വന്‍ ജനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിച്ചു. തുറമുഖം മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി അഡ്വ. കെ ആന്റണി രാജു എന്നിവര്‍ സംസാരിച്ചു. ദേവസ്വം, പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, വ്യവസായം, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്, മൃഗസംരക്ഷണ ഡയറി വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, സഹകരണം, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, നിയമം, മത്സ്യവിഭവ, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, തദ്ദേശസ്വംയഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്, ഭക്ഷ്യ പൊതുവിതരണം ലീഗല്‍ മെട്രോളജി ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു, ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്, കായിക,വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, പിആന്‍ടി, റെയില്‍വേ വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍, ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ, സി എച്ച് കുഞ്ഞമ്പു എം.എല്‍.എ, എം രാജഗോപാലാന്‍ എം.എല്‍.എ, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, കേരള തുളു അക്കാദമി ചെയര്‍മാന്‍ കെ ആര്‍ ജയാനന്ദ, സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായ വി വി രാജന്‍, രഘുദേവ് മാസ്റ്റര്‍, സംഘാടക സമിതി കണ്‍വീനറായ ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ്, പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ, പൈവളികെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയന്തി, വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഭാരതി, മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആര്‍ ഷെട്ടി , മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന മൊന്തേറൊ, മുന്‍ മന്ത്രി ഇ പി ജയരാജന്‍, മുന്‍ പാര്‍ലമെന്റ് അംഗങ്ങളായ പി കെ ശ്രീമതി ടീച്ചര്‍, പി കരുണാകരന്‍, പ്രശസ്ത കലാകാരന്മാരായ രഘു ഭട്ട്, സന്തോഷ്, ഉദ്യോഗസ്ഥര്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ചീഫ് സെക്രട്ടറി ഡോ.വി. വേണു സ്വാഗതവും ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it