വനിത-സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ കെട്ടിടവും ടര്‍ഫും ഉദ്ഘാടനം ചെയ്തു

ജില്ലാ പൊലീസ് ആസ്ഥാനത്ത് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ കെട്ടിടം കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി യതീഷ്ചന്ദ്ര തുറന്നുകൊടുക്കുന്നു
കാസര്‍കോട്: ജില്ലാ പൊലീസ് ആസ്ഥാനമായ പാറക്കട്ടയില്‍ പുതുതായി നിര്‍മ്മിച്ച വനിത-സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ കെട്ടിടവും ബേക്കല്‍ ഡിവിഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂമിനായി പെരിയാട്ടടുക്കം നിര്‍മ്മിച്ച കെട്ടിടവും പൊലീസ് ടര്‍ഫ് കോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി യതീഷ്ചന്ദ്ര, ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തില്‍, ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ, അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ജില്ലാ പഞ്ചായത്തംഗം ജാസ്മിന്‍ കബീര്‍, നഗരസഭാ കൗണ്‍സിലര്‍ പി. രമേശ്, കെ.പി.എ ജില്ലാ സെക്രട്ടറി രാജ്കുമാര്‍ ബാവിക്കര തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന വനിതാ പൊലീസ് സ്റ്റേഷനും ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്.
ഫുട്ബോളും ക്രിക്കറ്റും കളിക്കാനുള്ള ഏറ്റവും വലിയ ടര്‍ഫാണ് പാറക്കട്ടയിലെ പൊലീസ് ആസ്ഥാനത്ത് ഒരുങ്ങിയത്. 24 മണിക്കൂറും പൊലീസിന്റെ നിരീക്ഷണമുള്ള, പൊതുജനങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കാവുന്ന കളിയിടമാണ് സജ്ജമാത്.
യുവാക്കളെ ലഹരിയില്‍ നിന്ന് അകറ്റി പോസിറ്റീവ് ലഹരി നിറയ്ക്കാനുള്ള ലക്ഷ്യത്തോടെയാണ് എ.ആര്‍ ക്യാമ്പ് വളപ്പില്‍ ടര്‍ഫ് സൗകര്യം ഒരുക്കിയത്. വിശാല സൗകര്യമുള്ള ടര്‍ഫ് ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനാവും.