കവുങ്ങുകള്‍ വെട്ടിമാറ്റിയ സംഭവം; യു.ഡി.എഫ് പ്രവര്‍ത്തകര്‍ കെ.എസ്.ഇ.ബി ഓഫീസ് മാര്‍ച്ച് നടത്തി

സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലേക്ക് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് യു.ഡി.എഫ് കണ്‍വീനര്‍ സുലൈമാന്‍ ഊജംപദവ് ഉദ്ഘാടനം ചെയ്യുന്നു
സീതാംഗോളി: പുത്തിഗെ ചക്കണിക്കെയിലെ ബാലസുബ്രഹ്മണ്യ ഭട്ടിന്റെ കായ്ഫലമുള്ള 30 ഓളം കവുങ്ങുകള്‍ വെട്ടി നശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പുത്തിഗെ പഞ്ചായത്ത് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലേക്ക് വെട്ടിമാറ്റിയ കവുങ്ങിന്‍ കുലകളും മണ്ടകളും കയ്യിലേന്തി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തുരുമ്പെടുത്ത സ്റ്റേവയര്‍ മാറ്റുന്നതിന് പകരം യാതൊരു മുന്നറിയിപ്പുമില്ലാതെ കവുങ്ങുകള്‍ വെട്ടി മാറ്റിയ സംഭവത്തില്‍ പ്രതിഷേധമിരമ്പി. മാര്‍ച്ച് കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ കുമ്പള സി.ഐ. കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി.
യു.ഡി.എഫ് പുത്തിഗെ പഞ്ചായത്ത് ചെയര്‍മാന്‍ അബ്ദുല്ല കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനറും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ സുലൈമാന്‍ ഊജംപദവ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഷാനിദ് കയ്യംകൂടല്‍, ജുനൈദ് ഉറുമി, ഷുക്കൂര്‍ കാണാജെ, അയ്യൂബ് ഉറുമി, സലീം പുത്തിഗെ, ബാല സുബ്രഹ്മണ്യ ഭട്ട്, എസ്.എന്‍. റാവു, എസ്.ആര്‍. കേശവ, ഖമറുദ്ദീന്‍ പാടലടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.