എ.എസ് മുഹമ്മദ്കുഞ്ഞിയുടെ രണ്ടു കുറുങ്കഥാ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തു
കാസര്‍കോട്: എ.എസ് മുഹമ്മദ്കുഞ്ഞിയുടെ രണ്ടു കുറുങ്കഥാ സമാഹാരങ്ങളുടെ പ്രകാശനം നടന്നു. സൈബീരിയന്‍ കൊക്കുകള്‍ എന്ന പുസ്തകം എഴുത്തുകാരന്‍ സുറാബ്, സ്‌കൂള്‍ കലോത്സവത്തില്‍ കഥാ രചനക്ക് സംസ്ഥാന തലത്തില്‍ പുരസ്‌കാരം നേടിയ ജി.വി.എച്ച്.എസ്.എസ്. മുള്ളേരിയയിലെ വിദ്യാര്‍ത്ഥിനി ആയിഷ ഹിബക്ക് നല്‍കിയും രണ്ട് തടവ് പുള്ളികള്‍ എന്ന പുസ്തകം കെ.വി കുമാരന്‍ മാസ്റ്റര്‍ പദ്മനാഭന്‍ ബ്ലാത്തൂരിന് നല്‍കിയും പ്രകാശനം നിര്‍വ്വഹിച്ചു.
കാസര്‍കോട് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ തനിമ കലാ സാഹിത്യവേദി പ്രസിഡണ്ട് അബു ത്വാഇ അധ്യക്ഷത വഹിച്ചു. കെ.വി. മണികണ്ഠദാസ് കഥകളെ പരിചയപ്പെടുത്തി.
പല കഥകളിലും കവിതകളോളമെത്തുന്ന എ. എസ്സിന്റെ എഴുത്ത് കാലങ്ങളെ അതിജീവിക്കാന്‍ മാത്രം ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു. റഹ്മാന്‍ തായലങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.
നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍, എരിയാല്‍ അബ്ദുല്ല, പി. ദാമോദരന്‍, അഷ്റഫലി ചേരങ്കൈ, സി.എല്‍ ഹമീദ്, ബാലകൃഷ്ണന്‍ ചെര്‍ക്കള, രവീന്ദ്രന്‍ പാടി സംസാരിച്ചു.
അമീര്‍ പള്ളിയാന്‍ സ്വാഗതവും എ.എസ് മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.