വിവിധ ആവശ്യങ്ങളുന്നയിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വ്യാപാരികളുടെ പ്രതിഷേധം

കാസര്‍കോട്: ബജറ്റില്‍ ചെറുകിട വ്യാപാരികള്‍ക്ക് തൊഴില്‍ നികുതി വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, ഹരിത കര്‍മ്മസേനയുടെ സേവനം ആവശ്യം ഇല്ലാത്ത വ്യാപാരികളെ യൂസര്‍ ഫീ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് വ്യാപാര ഭവന്‍ കേന്ദ്രീകരിച്ച് വ്യാപാരികള്‍ കാസര്‍കോട് നഗരസഭ ആസ്ഥാനത്തേക്ക് പ്രകടനം നടത്തി. കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.എ ഇല്യാസിന്റെ അധ്യക്ഷതയില്‍ ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര ഉദ്ഘാടനം ചെയ്തു. എ.എ അസീസ്, നഹീം അങ്കോല, എം.എം മുനീര്‍, അജിത് കുമാര്‍, ബി.എം അബ്ദുല്‍ കബീര്‍, മുഹമ്മദ് വെല്‍ക്കം, പി.കെ രാജന്‍, നിസാര്‍ സിറ്റികൂള്‍, ചന്ദ്രമണി തുടങ്ങിയവര്‍ സംസാരിച്ചു.

കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരസഭക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ജില്ലാ പ്രസിഡണ്ട് കെ. അഹ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി.കെ ആസിഫ് അധ്യക്ഷത വഹിച്ചു.

ഐശ്വര്യ കുമാരന്‍, പി. മഹേഷ്, കെ.കെ മുനീര്‍, എം.പി അഷ്റഫ്, ശോഭന ബാലകൃഷ്ണന്‍, മുഹമ്മദ് ആസിഫ്, ഫൈസല്‍ സൂപ്പര്‍, ഗിരീഷ് നായക്, എ. ബാബുരാജ്, സി.എച്ച് ഷറഫുദ്ദീന്‍, ബി.എ ഷെരീഫ്, പി.വി അനില്‍, എച്ച്.ഇ സലാം, സമീര്‍ ഡിസൈന്‍ സംസാരിച്ചു.

ധര്‍ണക്ക് ശേഷം തദ്ദേശ സ്വയം ഭരണ സ്ഥാപന അധികൃതര്‍ക്ക് വ്യാപാരികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം കൈമാറി.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it