പൊലീസ് വേഷത്തിലെത്തി വ്യാപാരിയുടെ പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ റിമാണ്ടില്‍
സംഘത്തിലെ നാലുപേര്‍ക്കായി അന്വേഷണം
കാഞ്ഞങ്ങാട്: പൊലീസ് വേഷത്തിലെത്തി കാര്‍ തടഞ്ഞ് വ്യാപാരിയുടെ പണം തട്ടിയ കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികളെ കോടതി റിമാണ്ട് ചെയ്തു. നോര്‍ത്ത് കോട്ടച്ചേരിയിലെ വ്യാപാരി പള്ളിക്കരയിലെ സനാ ഷംസുവിന്റെ കാര്‍ തടഞ്ഞ് 1.75 ലക്ഷം രൂപ തട്ടിയ മീനാപ്പീസിലെ മുഹമ്മദ് ഷിനാന്‍(19), ഏഴാംമൈലിലെ കെ. തൗസീഫ്(30), കായലടുക്കത്തെ റംഷീദ്(31) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതി റിമാണ്ട് ചെയ്തത്. ബേക്കല്‍ ഇന്‍സ്പെക്ടര്‍ കെ.പി ഷൈനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നാലുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ 16ന് രാവിലെയാണ് സംഭവം. കടയിലേക്ക് വരുന്നതിനിടെ ചിത്താരി പാലത്തിന് സമീപത്ത് വെച്ചാണ് പൊലീസ് ചമഞ്ഞ് സംഘം വാഹനം തടഞ്ഞത്. പരിശോധനയെന്ന പേരിലാണ് പണം തട്ടിയത്. പിന്നീട് സ്വന്തം കാറില്‍ ഷംസുവിനോട് കടയിലേക്ക് പോകാന്‍ പറഞ്ഞു. കടയിലും പരിശോധിക്കാനുണ്ടെന്ന് പറഞ്ഞാണ് ഷംസുവിനെ പറഞ്ഞയച്ചത്. എന്നാല്‍ കടയില്‍ പരിശോധിക്കാന്‍ ആരുമെത്താത്തതിനെ തുടര്‍ന്ന് സംശയമുയര്‍ന്നതോടെയാണ് പൊലീസില്‍ വിവരമറിയിച്ചത്. ഷംസു പൊലീസിന് നല്‍കിയ കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ തലനാരിഴ കീറി പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. 300 ലേറെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു. റംഷീദ് ആണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് വിവരം. തൃശ്ശൂര്‍ ജയിലില്‍ കഴിയുമ്പോഴാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഇവിടെ വെച്ച് പരിചയപ്പെട്ട ഒരാളുമായി ചേര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. അന്വേഷണ സംഘത്തില്‍ എസ്.ഐമാരായ അന്‍സാര്‍, കെ.വി രാജന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ. സുഭാഷ്, കെ. വിനീഷ്, സജിത്ത് എന്നിവരുമുണ്ടായിരുന്നു.