ചൂട് കനത്ത് തുടങ്ങി; ദേശീയപാതയോരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യം

മൊഗ്രാല്‍: നേരത്തെ ഉണ്ടായിരുന്ന തണല്‍ മരങ്ങളൊക്കെ വെട്ടിമാറ്റിയത് മൂലം ദേശീയ പാതയോരത്ത് ബസ് കാത്തിരിപ്പ് ഇപ്പോള്‍ ദുരിതമാവുന്നു. ചൂട് കനത്തതോടെയാണ് യാത്രക്കാര്‍ക്ക് ദുരിതം വര്‍ദ്ധിച്ചത്. സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളുമാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.

ദേശീയപാതയിലെ ആറുവരിപ്പാത നിര്‍മ്മാണം 80 ശതമാനത്തിലേറെ പൂര്‍ത്തിയായിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും ബസ് കാത്തിരിപ്പ് കേന്ദ്രമടക്കമുള്ളവരുടെ നിര്‍മ്മാണം വൈകുകയാണ്. ചൂട് കടുത്ത സാഹചര്യത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞമാസം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ യു.എല്‍.സി.സി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഉടന്‍ തന്നെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ പകുതി പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. അതിനിടെ കുമ്പളയില്‍ യു.എല്‍.സി.സി ഓഫീസിന് മുന്‍വശം മാത്രമാണ് നിലവില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.

യാത്രക്കാരുടെ പ്രയാസം മനസ്സിലാക്കി അടിയന്തരമായി ബസ് കാത്തിരിപ്പ് കേന്ദ്രം പുനഃസ്ഥാപിക്കാനും സ്ഥലമുള്ളിടത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it