കസ്റ്റഡിയിലെടുക്കുന്നതിനിടെ യുവാവ് പൊലീസിനെ അക്രമിച്ചു; പരിശോധനയില്‍ എം.ഡി.എം.എ കണ്ടെടുത്തു

ബദിയടുക്ക: അക്രമാസക്തനായ യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസിനെ അക്രമിച്ചു. തുടര്‍ന്ന് യുവാവിനെ പൊലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി പരിശോധന നടത്തിയപ്പോള്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ കണ്ടെടുത്തു. എം.ഡി.എം.എ കൈവശം വെച്ചതിനും പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ സാദത്ത് പാലേത്തില്‍ മുഹമ്മദ് യാസറിനെ(25)തിരെ ബദിയടുക്ക പൊലീസ് കേസെടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ കുക്കംകൂടല്‍ ഗ്യാസ് ഗോഡൗണിന് സമീപം പ്രശ്നം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘമെത്തിയത്. മുഹമ്മദ് യാസറിനെ പൊലീസ് വാഹനത്തിലേക്ക് കയറ്റുമ്പോള്‍ പ്രതി അക്രമാസക്തനാവുകയും ഒരു പൊലീസുകാരന്റെ കഴുത്തിന് പിടിക്കുകയും ചെയ്തു. പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച മുഹമ്മദ് യാസറിനെ പൊലീസ് കീഴ്പ്പെടുത്തി പരിശോധിച്ചപ്പോള്‍ പാന്റിന്റെ പോക്കറ്റില്‍ ബ്രൗണ്‍കവറില്‍ സൂക്ഷിച്ച 0.36 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.