എരിഞ്ഞിപ്പുഴ കാലിപ്പള്ളത്ത് പുലിയുടെ കാല്‍പ്പാടുകള്‍; നായയെ കാണാതായി




മുള്ളേരിയ: എരിഞ്ഞിപ്പുഴ കാലിപ്പള്ളത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഈ ഭാഗത്ത് സ്ഥിരമായി കാണാറുള്ള നായയെ കൂടി കാണാതായതോടെ പുലിയുടെ സാന്നിധ്യം നാട്ടുകാര്‍ ഉറപ്പിച്ചു. നായയെ വലിച്ചിഴിച്ച് കൊണ്ടുപോയതിന്റെ പാടും പുലിയുടെ കാല്‍പ്പാടുകളും കണ്ടതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

നേരത്തെ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പധികൃതര്‍ കൂട് സ്ഥാപിച്ചിരുന്നു. ഈ കൂട് മാറ്റി അടുക്കത്തൊട്ടിയില്‍ സ്ഥാപിച്ചിരിക്കുകയാണ്. അതിനിടെയാണ് ഇന്നലെ രാവിലെ ഇരിയണ്ണിയില്‍ പുലിയെ വീണ്ടും കണ്ടത്. ഇതോടെ ഇരിയണ്ണിയില്‍ നിന്ന് കൂട് മാറ്റിയതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായി. ഈ ഭാഗത്ത് ക്യാമറ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. മുളിയാര്‍ പഞ്ചായത്തിലെ പല റോഡുകളും കടന്നുപോകുന്നത് സംരക്ഷിത വനമേഖലയിലൂടെയാണ്. രാവിലെ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നവരും ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളുമടക്കം ഈ റോഡുകളിലൂടെ നടന്നുപോകുന്നുണ്ട്. പുലിയുടെ സാന്നിധ്യം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഭീഷണിയാവുകയാണ്. വന്യമൃഗഭീഷണിയില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കാറഡുക്ക പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ ഡി.എഫ്.ഒക്ക് പരാതി നല്‍കി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it