കവര്‍ച്ചാ മുതലുമായി ഒരു കാര്‍ കടന്നത് കാസര്‍കോട് ഭാഗത്തേക്ക്
അന്വേഷണം ജില്ലയിലേക്കും
ഉള്ളാല്‍: ഇന്നലെ ഉച്ചയ്ക്ക് കെ.സി. റോഡിലെ സഹകരണ ബാങ്കില്‍ നിന്ന് മുഖംമൂടി സംഘം തോക്ക് ചൂണ്ടി സ്വര്‍ണ്ണവും പണവും അടക്കം ആറ് കോടിയോളം രൂപയുടെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണം കാസര്‍കോട് ജില്ലയിലേക്കും വ്യാപിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 12.20നാണ് തലപ്പാടി കെ.സി.റോഡിലെ സഹകരണബാങ്ക് കോട്ടക്കാര്‍ ശാഖയില്‍ മൂന്ന് കാറുകളിലായി മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി സ്വര്‍ണ്ണാഭരണങ്ങളും പണവും കൊളളയടിച്ചത്. ഫോര്‍ച്യൂണര്‍, ഫിയറ്റ് എന്നീ വാഹനങ്ങളിലും മറ്റൊരു കാറിലുമെത്തിയ സംഘം കോട്ടക്കാറില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലേക്ക് ഇടിച്ച് കയറി ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും കൊള്ളയടിച്ചതിന് ശേഷം സംഘം മൂന്ന് കാറുകളിലായി രക്ഷപ്പെടുകയായിരുന്നു. തലപ്പാടി ടോള്‍ ബൂത്ത് കടന്ന് മൂന്ന് കാറുകളും കടന്നു പോകുന്ന ദൃശ്യങ്ങള്‍ ഉള്ളാള്‍ പൊലീസിന് ലഭിച്ചു.
ഇതില്‍ ഫിയറ്റ് കാര്‍ മാത്രം കേരള അതിര്‍ത്തില്‍ കൂടി കടന്നു പോയതായി പൊലീസിന് സൂചന ലഭിച്ചു. മറ്റ് രണ്ട് കാറുകള്‍ ടോള്‍ ബൂത്ത് കടന്നതിന് ശേഷം പോക്കറ്റ് റോഡില്‍ കൂടി കര്‍ണ്ണാടകയിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം.
കെ.സി റോഡിലും കോട്ടക്കാറിലും വെള്ളിയാഴ്ച ആളുകള്‍ ജുമാ നിസ്‌കാരത്തിന് പോയ സമയമായതിനാല്‍ പരിസരങ്ങള്‍ ശൂന്യമായിരുന്നു. ബാങ്ക് ജീവനക്കാര്‍ പലരും പുറത്ത് പോയാണ് ഉച്ചഭക്ഷണം കഴിക്കാറുള്ളത്. ഈ അവസരം മുതലെടുത്താണ് കൊള്ളസംഘം പദ്ധതി നടപ്പാക്കിയത്.
ലോക്കറില്‍ സൂക്ഷിച്ച പണവും സ്വര്‍ണ്ണാഭരണങ്ങളും ഒരു പ്ലാസ്റ്റിക്ക് ചാക്കില്‍ കെട്ടി കാറില്‍ കയറ്റുന്നത് സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
സംഘത്തിലെ നാലുപേര്‍ മങ്കി ക്യാപ്പും കാറിലെ ഡ്രൈവര്‍ മാസ്‌ക്കും ധരിച്ചിട്ടുണ്ട്.
സംഘം തോക്ക് ചൂണ്ടി ശബ്ദിച്ചാല്‍ കൊന്നുകളയുമെന്ന് ഹിന്ദിയിലാണ് പറഞ്ഞത്. മഞ്ചേശ്വരം ഭാഗത്തേക്ക് കടന്നുപോയ ഫിയറ്റ് കാറിന് വേണ്ടി കര്‍ണ്ണാടക പൊലീസ് പൈവളിഗെ, ബായാര്‍, മുളിഗദ്ദെ, ഉപ്പള, ചിപ്പാര്‍ എന്നീ പ്രദേശങ്ങളില്‍ ഇന്ന് പുലര്‍ച്ചെ വരെ പരിശോധന നടത്തി.