ഹജ്ജ് തീര്‍ത്ഥാടകരുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറേറ്റില്‍ ക്യാമ്പ് നടത്തുമെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലനത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നിര്‍വഹിക്കുന്നു
കാസര്‍കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പരിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലനത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം വിദ്യാനഗര്‍ റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നിര്‍വഹിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ശംസുദ്ദീന്‍ അരിഞ്ചിറ, ഒ.വി. ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരുടെ പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഈ മാസം 17ന് കാസര്‍കോട് കലക്ടറേറ്റില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള അമിതമായ വിമാന ചാര്‍ജ് കുറക്കുന്നതിന് വീണ്ടും കേന്ദ്രമന്ത്രിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അബ്ജുല്‍ കരീം ഹാജി സിറ്റി ഗോള്‍ഡ്, റോയല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എം.എ. ബഷീര്‍ ഹാജി, ചെങ്കള ഗ്രാമപഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി കടവത്ത്, ഹജ്ജ് കമ്മിറ്റി മുന്‍ ജില്ലാ ട്രെയിനര്‍ എന്‍.കെ. അമാനുല്ല, ഹജ്ജ് കമ്മിറ്റി മുന്‍ കോഓര്‍ഡിനേറ്റര്‍ അഷ്‌റഫ് അരയങ്കോട് സംബന്ധിച്ചു.
ഹജ്ജ് പരിശീലനത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫാക്കല്‍റ്റിമാരായ എന്‍.പി. സൈനുദ്ദീന്‍, മുഹമ്മദ് സലീം കെ.എ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ ട്രെയിനിംഗ് ഓര്‍ഗനൈസര്‍ മുഹമ്മദ് സലീം കെ.എ സ്വാഗതവും ഹജ്ജ് കമ്മിറ്റി ട്രെയിനര്‍ സിറാജുദ്ദീന്‍ തെക്കില്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനെയും അംഗങ്ങളെയും കാസര്‍കോട് ട്രെയിനേഴ്സ് ടീം ആദരിച്ചു. 700 ഹാജിമാരും ബന്ധുക്കളും സംബന്ധിച്ചു.
കാഞ്ഞങ്ങാട് ഏരിയയിലുള്ള തീര്‍ത്ഥാടകര്‍ക്കുള്ള പരിശീലന ക്ലാസ് നാളെ കാഞ്ഞങ്ങാട് ബിഗ് മാളില്‍ വെച്ചും തൃക്കരിപ്പൂര്‍ ഏരിയയിലുള്ള തീര്‍ത്ഥാടകര്‍ക്കുള്ള പരിശീലന ക്ലാസ് 23ന് ആര്‍ക്കോ വില്ലേജ് ഹെറിറ്റേജ് എടച്ചാക്കൈ പടന്നയില്‍ വെച്ചും നടക്കും.