വ്യാവസായിക, വിനോദ സഞ്ചാര മേഖലയില്‍ ജില്ലയില്‍ വികസന സാധ്യതകളേറെ-കലക്ടര്‍

സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറവും നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് കാസര്‍കോട് ചാപ്റ്ററും സംയുക്തമായി പ്രസ് ക്ലബ്ബ് ലൈബ്രറി ഹാളില്‍ നടത്തിയ സെമിനാര്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: വ്യാവസായിക, വിനോദ സഞ്ചാര മേഖലകളില്‍ കാസര്‍കോട് ജില്ലയില്‍ വികസന സാധ്യത ഏറെയെന്ന് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരന്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും സര്‍ക്കാറും ഈ മേഖലയില്‍ വികസന മുന്നേറ്റത്തിന് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറവും നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് കാസര്‍കോട് ചാപ്റ്ററും സംയുക്തമായി പ്രസ്‌ക്ലബ്ബ് ലൈബ്രറി ഹാളില്‍ നടത്തിയ കാസര്‍കോട് ജില്ലയുടെ 40 വര്‍ഷം-നേട്ടങ്ങളും സാധ്യതകളും എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ വ്യവസായ സംരംഭങ്ങളും ടൂറിസം പ്രോജക്ടുകളും ജില്ലയില്‍ വരും. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് രണ്ട് പ്ലാന്റുകള്‍ മഞ്ചേശ്വരത്തും ചെറുവത്തൂരിലും ആരംഭിക്കും. വ്യാവസായ വികസനത്തിന് ആവശ്യമായ ഭൂമിയും പശ്ചാത്തല സൗകര്യവും ജില്ലയിലുണ്ട്. ധാരാളം പേര്‍ നിക്ഷേപത്തിന്ന് തയ്യാറാകുന്നുണ്ട്. മംഗളൂരു, മടിക്കേരി, തലക്കാവേരി, റാണിപുരം, ബേക്കല്‍, കാസര്‍കോട് എന്നിവയെ ബന്ധപ്പെടുത്തി സര്‍ക്യൂട്ട് ടൂറിസം പരിഗണനയിലാണെന്നും ഇതിന് കര്‍ണാടക സര്‍ക്കാറിന്റെ പിന്തുണ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീനിയര്‍ ജോര്‍ണലിസ്റ്റ് ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ. സി. ബാലന്‍ (കാസര്‍കോടിന്റെ ചരിത്രം), ഡോ. സി. തമ്പാന്‍ (കാര്‍ഷിക മേഖല), കെ. സുജിത് കുമാര്‍ (വ്യവസായ വികസനം), മണി മാധവന്‍ നമ്പ്യാര്‍ (ടൂറിസം വികസനം) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ എ.കെ ശ്യാംപ്രസാദ് മോഡറേറ്ററായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ രണ്ട് പുരസ്‌കാരങ്ങള്‍ നേടിയ കലക്ടര്‍ കെ. ഇമ്പശേഖറിനെ ചടങ്ങില്‍ ആദരിച്ചു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ജില്ലാ കണ്‍വീനര്‍ പ്രസാദ് എം.എന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി പ്രദീപ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പി. ചന്ദ്രമോഹന്‍ സ്വാഗതവും എന്‍. ഗംഗാധരന്‍ നന്ദിയും പറഞ്ഞു.