ജില്ലാ പഞ്ചായത്തിന്റെ അനക്‌സ് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് കെട്ടിടത്തോട് ചേര്‍ന്നുള്ള മൂന്നുനില പുതിയ അനക്സ് കെട്ടിടം നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
5.3 കോടി രൂപ ചെലവിലാണ് 14,795 ചരുരശ്ര അടിയില്‍ കെട്ടിടം പണിതത്. ജില്ലാ പഞ്ചായത്ത് ഘടക സ്ഥാപനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ പറ്റുന്ന വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, മീറ്റിങ് ഹാള്‍, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സ്ഥിരം സമിതി അംഗങ്ങള്‍ എന്നിവരുടെ ഓഫീസ്, അംഗങ്ങളുടെ ലോഞ്ച് എന്നിവയും കെട്ടിടത്തിലുണ്ടാകും. പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തില്‍ നിര്‍മിച്ച കെട്ടിടം തിരുവനന്തപുരം ഹാബിറ്റാറ്റ് ഗ്രൂപ്പാണ് പണിതത്. ഇതിന് സമീപത്തായി കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സ്മാരക പ്രതിമയുമുണ്ട്.
ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ഡോ. ജി. ശങ്കര്‍, ശില്പി കാനായി കുഞ്ഞിരാമന്‍ എന്നിവരെ മുഖ്യമന്ത്രി ആദരിക്കും. എം.പി., എം.എല്‍.എ.മാര്‍, തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീറാം സാംബശിവ റാവു എന്നിവരും പങ്കെടുക്കും.
അംഗീകൃത ലൈബ്രറികള്‍ക്ക് പുസ്തകം, ഫര്‍ണിച്ചര്‍ എന്നിവ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. വിതരണം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ ദര്‍പ്പണം പദ്ധതിയിലൂടെ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവര്‍ക്കും പ്ലസ്ടു തുല്യതാ പരീക്ഷ ജയിച്ചവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. വിതരണം ചെയ്യും.
പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ കാല്‍നൂറ്റാണ്ട് എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിന്റെ ജൈവവൈവിധ്യ അവാര്‍ഡുകളും വിതരണം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍. സരിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷിനോജ് ചാക്കോ, ഗോള്‍ഡന്‍ റഹ്മാന്‍, സെക്രട്ടറി എസ്. ശ്യാമലക്ഷ്മി, ഫിനാന്‍സ് ഓഫീസര്‍ എം.എസ്. ശബരീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.