കലാവിരുന്നൊരുക്കി സവാക്ക് ജില്ലാ സമ്മേളനം

കാസര്‍കോട്: സ്റ്റേജ് ആര്‍ട്ടിസ്റ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ (സവാക്ക്) ജില്ലാ സമ്മേളനം കാസര്‍കോട് ഉഡുപ്പി ഗാര്‍ഡനില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍ വര്‍ണ്ണം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഉമേശ് എം. സാലിയാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി വിനോദ് അജുംബിത സംഘടനാ റിപ്പോര്‍ട്ട് ചെയ്തു.

കേരള സംഗീത നാടക അക്കാദമി മെമ്പര്‍ ഉദയന്‍ കുണ്ടംകുഴി, നഗരസഭാംഗം വരപ്രസാദ് കോട്ടക്കണി മുഖ്യാഥിതികളായി. മുതിര്‍ന്ന കലാകാരന്‍ ടി.വി. ഗംഗാധരന്‍, തിടമ്പുനൃത്ത കലാകാരന്‍ ലക്ഷ്മീകാന്ത് അഗിത്തായ, കഥാകൃത്തും വിവിധ അവാര്‍ഡ് ജേതാവുമായ അനില്‍ നീലാംബരി തുടങ്ങിയവരെ തുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍. ജയാനന്ദ ആദരിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. വിജയന്‍ വിശിഷ്ടാതിഥിയായി. സംസ്ഥാന നേതാക്കളായ ജീന്‍ ലെവിനോ മൊന്തേരോ, നരസിംഹ ബള്ളാല്‍ സംസാരിച്ചു. സവാക്ക് ജില്ലാ സെക്രട്ടറി എം.എം. ഗംഗാധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ചന്ദ്രഹാസ കയ്യാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ദിവാകര പി. സ്വാഗതവും ദയ പുലിക്കുഞ്ചെ നന്ദിയും പറഞ്ഞു.

നിരവധി കലാകാരന്മാരുടെ നാടന്‍പാട്ടും നൃത്തനൃത്ത്യങ്ങളും കാറഡുക്ക ബ്ലോക്കിലെ കലാകാരന്മാരുടെ ചെറുനാടകവും അരങ്ങേറി. 60 വയസ്സ് പൂര്‍ത്തിയായ കലാകാരന്മാര്‍ക്ക് ക്ഷേമനിധിയില്‍ ചേരാന്‍ ഒരു അവസരം കൂടി നല്‍കുക, 10 മണിക്ക് ശേഷം കലാ പരിപാടികള്‍ അവതരിപ്പിക്കാന്‍ മൈക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം എടുത്തു കളയുക, പെന്‍ഷന്‍ തുക 5,000 രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയം അംഗീകരിച്ചു.

ഭാരവാഹികള്‍: ഉമേശ് എം. സാലിയാന്‍ (പ്രസി.), എം.എം ഗംഗാധരന്‍ (ജന.സെക്രട്ട.), ചന്ദ്രഹാസ കയ്യാര്‍ (ട്രഷ.), ജീന്‍ ലെവിനോ മൊന്തേരോ, ദിവാകര പി., നരസിംഹ ബള്ളാല്‍, ഭാരതി ബാബു (വൈ.പ്രസി.), മോഹിനി ഉപ്പള, സുജാത ഷെട്ടി, ദയാ പുലിക്കുഞ്ചെ, ഷൈജു ബേക്കല്‍ (സെക്ര.).


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it