കവി നിര്‍മ്മല്‍ കുമാറിന് വസതിയിലെത്തി സാഹിത്യവേദിയുടെ ആദരം

കാസര്‍കോട്: കവി എം. നിര്‍മ്മല്‍ കുമാറിനെ കാസര്‍കോട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. കാസര്‍കോടിനടുത്ത മന്നിപ്പാടിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന നിര്‍മ്മല്‍ കുമാറിന് ശാരീരിക അവശതകള്‍ മൂലം യാത്ര ചെയ്യാന്‍ പറ്റില്ലെങ്കിലും മനസ് കൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വീട്ടുമുറ്റത്ത് ചേര്‍ന്ന ചടങ്ങില്‍ കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞി ഷാള്‍ അണിയിച്ചും ഉപഹാരം നല്‍കിയും ആദരിച്ചു. വൈസ് പ്രസിഡണ്ട് ഷാഫി എ. നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. തുളു അക്കാദമി അംഗം കെ. ഭുജംഗ ഷെട്ടി, സി.പി.എം മധൂര്‍ ലോക്കല്‍ സെക്രട്ടറി കെ. ജയചന്ദ്രന്‍, സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം.കെ. രവീന്ദ്രന്‍ തുടങ്ങിയവര്‍ സാഹിത്യവേദി അംഗങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നു. നിര്‍മ്മല്‍ കുമാറിന്റെ രചനകളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ കവി രവീന്ദ്രന്‍ പാടിയും എഴുത്തുകാരന്‍ കെ.എം. ബാലകൃഷ്ണന്‍ ചെര്‍ക്കളയും പ്രസംഗിച്ചു. തറവാടും തായ്‌വഴികളും കടത്തുവഞ്ചി എന്നീ കവിതാ സമാഹാരങ്ങളിലെ പദസമ്പത്തുകളെക്കുറിച്ച് ഇരുവരും പറഞ്ഞു. കവിതാ സമാഹാരത്തില്‍ നിന്നുള്ള കവിതകള്‍ രവീന്ദ്രന്‍ പാടി, ജില്‍ജില്‍, രേഖാകൃഷ്ണന്‍ എന്നിവര്‍ ആലപിച്ചു. റഹ്മാന്‍ മുട്ടത്തൊടി ശാസ്ത്രസഹിത്യപരിഷത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. രാഘവന്‍ ബെള്ളിപ്പാടി, അമീര്‍ പള്ളിയാന്‍, വേണു കണ്ണന്‍, കെ.പി.എസ്. വിദ്യാനഗര്‍, റഹീം ചൂരി, കെ.പി. അജയകുമാര്‍, എം.ബി. രാജശ്രീ, ബബിത വേണു കണ്ണന്‍, വത്സരാജന്‍ കണ്ണപുരം സംസാരിച്ചു. കാസര്‍കോട്ടെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയിലൂടെ നാടിനെ നന്മയിലേക്ക് വഴിതെളിയിക്കാന്‍ സാധിക്കുമെന്ന് നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു. പോയകാലം തിരിച്ചു കിട്ടിയ സന്തോഷം അദ്ദേഹം പങ്കുവെച്ചു. സാഹിത്യവേദി സെക്രട്ടറി എം.വി. സന്തോഷ് സ്വാഗതവും കെ.പി. വിജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it