കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴി; സര്‍വെ നടത്തി യൂത്ത് ലീഗ് പ്രതിഷേധം

ചന്ദ്രഗിരി പാലം മുതല്‍ ചളിയംകോട് പാലം വരെ 136 കുഴികള്‍

ചെമ്മനാട്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ യാത്രാദുരിതം വിതച്ച് നിരവധി കുഴികളാണ് രൂപപ്പെട്ട് കൊണ്ടിരിക്കുന്നത്. വാഹനങ്ങള്‍ കുഴികളില്‍ വീണ് നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റുകയും വാഹനത്തിന്റെ ടയര്‍ പൊട്ടുകയും മറ്റു തകരാറുകള്‍ സംഭവിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. കെ.എസ്.ടി.പി റോഡിലെ കുഴികളില്‍ വീണുണ്ടായ അപകടത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഈ റോഡ് നന്നക്കാതെ പൊതുമരാമത്ത് വകുപ്പ് അനാസ്ഥ തുടരുന്ന സാഹചര്യത്തില്‍ വ്യത്യസ്തമായ സമര പരിപാടിയായി മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് ശാഖാ കമ്മിറ്റി മുന്നോട്ട് വന്നു. റോഡിലെ കുഴികള്‍ എണ്ണിക്കൊണ്ട് കുഴി സര്‍വെ എന്ന പേരിലാണ് യൂത്ത് ലീഗ് പ്രതിഷേധ യാത്ര സംഘടിപ്പിച്ചത്. ചെമ്മനാട് ചന്ദ്രഗിരി പാലം മുതല്‍ ചളിയംകോട് പാലം വരെയുള്ള 1.3 കിലോ മീറ്ററിനിടയില്‍ മാത്രം 33 വലിയ പാതാളക്കുഴികളും 103 ചെറിയ കുഴികളുമടക്കം 136 കുഴികള്‍ ഉണ്ടെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഏറെ പ്രതിഷേധം ഉയര്‍ന്നിട്ടും കണ്ണു തുറക്കാത്ത അധികൃതരുടെ നിലപാടിനെതിരെ സമരം ശക്തമാക്കാനാണ് തീരുമാനം.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it