പെരിയ കേസ്: രേഖകള്‍ നേരത്തെ കണ്ടിട്ടില്ല, ആരോപണം തള്ളി അഡ്വ. സി.കെ ശ്രീധരന്‍

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ കുറ്റക്കാരെന്ന് സി.ബി.ഐ കോടതി കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ആരോപണ-പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നു.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ താന്‍ നേരത്തെ കണ്ടിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. സി.കെ ശ്രീധരന്‍. താന്‍ നേരത്തെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈക്കലാക്കി എന്ന ആരോപണങ്ങള്‍ നിഷേധിച്ചാണ് സി.കെ ശ്രീധരന്‍ രംഗത്തെത്തിയത്.

ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും എന്തെങ്കിലും രേഖകള്‍ താന്‍ കോണ്‍ഗ്രസില്‍ ഉള്ളപ്പോള്‍ കണ്ടിരുന്നെങ്കില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലായിരുന്നെന്നും അദ്ദേഹം ഒരു ചാനലിനോട് വ്യക്തമാക്കി.

പെരിയയിലെ കൊലപാതകവുമായി ബന്ധപ്പെട്ട്, യാതൊരു വിധ പ്രൊസിക്യൂഷനുമായി ബന്ധപ്പെടുന്ന രേഖകള്‍ എന്റെ മുമ്പാകെ എത്തുകയോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ അല്ലെങ്കില്‍ ആ കുടുംബത്തിലെയോ ആരെങ്കിലും തന്നെ നേരിട്ട് സമീപിച്ച് ഈ കാര്യത്തില്‍ എന്തെങ്കിലും നിയമപരമായി ഒരു സംഗതിയും നടത്താന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. സ്വാഭാവികമായും രാഷ്ട്രീയമായ കാരണങ്ങള്‍ ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലുണ്ട്. ആ രേഖകള്‍ ഞാന്‍ കണ്ടിട്ടു കൂടിയില്ല. ഉണ്ടെങ്കില്‍, ഞാന്‍ തറപ്പിച്ച് പറയുന്നു, ഞാനെന്തെങ്കിലും രേഖകള്‍ കാണുകയോ ആ കേസുമായി ബന്ധപ്പെട്ട് അതില്‍ പ്രോസിക്യൂഷന് വേണ്ടിയുള്ള എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ ഏല്‍പ്പിക്കുകയോ ഞാന്‍ ഏറ്റെടുക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഒരു കാരണവശാലും ഞാന്‍ ഈ കേസിലെ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുമായിരുന്നില്ല.

സംഭവം നടക്കുന്ന സമയത്ത് ഞാന്‍ കോണ്‍ഗ്രസുകാരനാണ്-അഡ്വ. സി.കെ ശ്രീധരന്‍ വ്യക്തമാക്കി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it