ഇത് തന്നെ ഞങ്ങടെ ദുരിതം സാറേ...
സമരക്കാരെ അറസ്റ്റുചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് ഏഴ് കിലോമീറ്ററോളം ചുറ്റിക്കറങ്ങി

നുള്ളിപ്പാടിയില്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി തടസപ്പെടുത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്തപ്പോള്‍
കാസര്‍കോട്: കാസര്‍കോട് നഗരത്തിന്റെ ഭാഗമായ നുള്ളിപ്പാടിയില്‍ നിന്ന് കേവലം ഒന്നര കിലോമീറ്റര്‍ ദൂരത്താണ് കാസര്‍കോട് പൊലീസ് സ്റ്റേഷന്‍. നുള്ളിപ്പാടിയില്‍ അടിപ്പാത ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയപാത നിര്‍മ്മാണ പ്രവൃത്തി തടഞ്ഞ സമരക്കാരെ അറസ്റ്റുചെയ്ത് കൊണ്ടുപോകുമ്പോള്‍ കാസര്‍കോട് പൊലീസിനുമറിഞ്ഞു പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതാവസ്ഥ. അറസ്റ്റുചെയ്ത പ്രതിഷേധക്കാരെ പൊലീസ് ബസില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയത് ഏഴ് കിലോമീറ്ററോളം ചുറ്റിക്കറങ്ങി. നുള്ളിപ്പാടിയില്‍ നിന്ന് വിദ്യാനഗര്‍ ഭാഗത്തേക്ക് പൊലീസ് ബസ് തിരിക്കുമ്പോള്‍ 'തങ്ങളെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലേക്കല്ല കൊണ്ടുപോകേണ്ടത്' എന്ന് സമരക്കാര്‍ പറയുന്നുണ്ടായിരുന്നു. ബസ് തിരിക്കാന്‍ സ്ഥലം വേണ്ടേ എന്നായിരുന്നു പൊലീസുകാരുടെ മറുപടി. ഇതാണ് ഞങ്ങള്‍ അനുഭവിക്കുന്ന ദുരിതം എന്നും പൊലീസിനോട് പ്രതിഷേധമില്ലെന്നും സമരക്കാര്‍ പറയുന്നുണ്ടായിരുന്നു.
അതേസമയം നിര്‍മ്മാണ പ്രവൃത്തി തടഞ്ഞ് പ്രതിഷേധം നടത്തിയതിന് ഏഴുപേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.
സമര സമിതി പ്രവര്‍ത്തകരായ അനില്‍ ചെന്നിക്കര, വരപ്രസാദ്, ഹാരിസ്, സൂരജ്, ശശിധരന്‍, ലളിത, ഹാജറ എന്നിവര്‍ക്കെതിരെയാണ് കേസ്.
അടിപ്പാത ആവശ്യപ്പെട്ട് ഒരുവര്‍ഷത്തിലേറെയായി നുള്ളിപ്പാടിയില്‍ സ്ത്രീകളടക്കമുള്ളവര്‍ സമരം നടത്തിവരികയാണ്.