ദേശീയപാത നിര്‍മ്മാണം: അയ്യപ്പഭക്തരുടെ കാല്‍നടയാത്ര അത്ര സുരക്ഷിതമല്ല

മൊഗ്രാല്‍: ശബരിമല തീര്‍ത്ഥാടകരുടെ കാല്‍നടയായിട്ടുള്ള യാത്ര നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍ അത്ര സുരക്ഷിതമല്ലെന്ന് അയ്യപ്പഭക്തര്‍ തന്നെ പറയുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് കാല്‍നടയായി വരുന്ന നൂറുകണക്കിന് അയ്യപ്പഭക്തര്‍ക്കാണ് തലപ്പാടി തൊട്ട് ഇങ്ങോട്ട് കേരളത്തില്‍ എത്തിയാല്‍ ദേശീയപാത നിര്‍മ്മാണം മൂലം റോഡുകള്‍ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ദുരിതം നേരിടേണ്ടിവരുന്നത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗോവ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന നൂറുകണക്കിന് അയ്യപ്പഭക്തരാണ് കാല്‍നടയായി ശബരിമല ശ്രീ അയ്യപ്പ സന്നിധാനത്തിലേക്ക് പോകുന്നത്. കാല്‍നടയായി സന്നിധാനത്തിലേക്ക് പോകാന്‍ നേര്‍ച്ചകള്‍ നേര്‍ന്നവരാണ് ഇത്തരത്തില്‍ യാത്രയായി തിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ വാഹനങ്ങളില്‍ പോകുന്ന അയ്യപ്പഭക്തര്‍ക്ക് സുഗമവും സുരക്ഷിതവുമായ ഗതാഗത സൗകര്യം ഒരുക്കാന്‍ ഇതിനകം ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയായി കിടക്കുന്ന ആറുവരി പാതകളിലൂടെയല്ല അയ്യപ്പ ഭക്തര്‍ കാല്‍നടയായി സഞ്ചരിക്കുന്നത്. ഇടുങ്ങിയ സര്‍വീസ് റോഡ് ആണ് അയ്യപ്പഭക്തര്‍ ആശ്രയിക്കുന്നത്. ഇത് അയ്യപ്പഭക്തരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറയപ്പെടുന്നുണ്ട്. കാല്‍നടയായി വരുന്ന അയ്യപ്പഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് അയ്യപ്പഭക്തരുടെ ആവശ്യം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it