നാല് വിദ്യാര്‍ത്ഥികളില്‍ നിന്ന് കഞ്ചാവ് പിടിച്ചു; എത്തിച്ചയാള്‍ പൊലീസുകാരനെ അക്രമിച്ച കേസില്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ നാല് വിദ്യാര്‍ത്ഥികളില്‍ നിന്നും കഞ്ചാവ് പിടികൂടി. പതിനഞ്ചും പതിനാറും വയസുള്ള നാല് വിദ്യാര്‍ത്ഥികളെ പൊലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഒരു വിദ്യാര്‍ത്ഥിയുടെ പോക്കറ്റില്‍ നിന്ന് 12.06 ഗ്രാം കഞ്ചാവ് പിടികൂടി.
രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് എസ്.ഐ എം.പി പ്രദീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ഉച്ചയോടെയാണ് സ്‌കൂളിലെത്തിയത്. ഈ സമയം സ്‌കൂളില്‍ പത്താംതരം വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ചടങ്ങ് നടക്കുകയായിരുന്നു. പരിപാടി നടന്ന സ്റ്റേജിന് പിറകുവശത്ത് നില്‍ക്കുകയായിരുന്ന നാല് വിദ്യാര്‍ത്ഥികളെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്താനായത്. കളനാട് സ്വദേശിയായ സെമീറാണ് കഞ്ചാവ് എത്തിച്ചുനല്‍കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അതിനിടെ സമീര്‍ പൊലീസിനെ ആക്രമിച്ച കേസില്‍ മേല്‍പ്പറമ്പ് പൊലീസിന്റെ പിടിയിലായി. കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയ കേസില്‍ അന്വേഷണത്തിനായി കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കളനാട്ട് പോയിരുന്നു. കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് പ്രതി പൊലീസുകാരനെ അക്രമിച്ചത്. ഇത് സംബന്ധിച്ച് സമീറിനെതിരെ മേല്‍ പ്പറമ്പ് പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാകുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലെത്തിച്ച് രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും അവര്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു.