കുമ്പള കളറാവുന്നു, മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം പുരോഗമിക്കുന്നു; ശൗചാലയമടക്കമുള്ള വിശ്രമകേന്ദ്രം ഒരുങ്ങി

ബസ്സ്റ്റാന്റ് നിര്‍മ്മാണം മാത്രം കൈ അകലെ

കുമ്പള: കുമ്പള പഞ്ചായത്തില്‍ മത്സ്യമാര്‍ക്കറ്റും ശൗചാലയം അടക്കമുള്ള വിശ്രമകേന്ദ്രവും യാഥാര്‍ത്ഥ്യമാവുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ഭരണസമിതി. നിലവിലെ ഭരണസമിതിയുടെ അധികാരകാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ടൗണിലെ മൂന്ന് പ്രധാന വാഗ്ദാനങ്ങളില്‍ രണ്ടെണ്ണം നടപ്പിലാക്കിയാണ് ഭരണസമിതി പടിയിറങ്ങുക. ഏറെ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. 60 ശതമാനം ജോലികള്‍ പൂര്‍ത്തിയായി. ഏറെക്കാലത്തെ മുറവിളിക്ക് ശേഷം നഗരമധ്യത്തില്‍ ശൗചാലയം ഒരുങ്ങിക്കഴിഞ്ഞു. ടൗണിന് സമീപം ബദിയടുക്ക റോഡില്‍ ശുചിമുറിയും വിശ്രമകേന്ദ്രവും അടക്കമുള്ള കെട്ടിടമാണ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുള്ളത്.

അതേസമയം, ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നു. നിലവിലെ ഭരണസമിതിയുടെ കാലയളവില്‍ ബസ്സ്റ്റാന്റ് നിര്‍മ്മാണ വാഗ്ദാനം പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നാണ് കരുതുന്നത്. നേരത്തെ ഭരിച്ച നാല് ഭരണസമിതികള്‍ക്കും ബസ്സ്റ്റാന്റ് വിഷയത്തില്‍ വാഗ്ദാനം നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കുമ്പളയില്‍ ഒരുങ്ങുന്ന വഴിയോര വിശ്രമകേന്ദ്രം 43 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. യാത്രക്കാരായ സ്ത്രീകള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങള്‍ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് മുലയൂട്ടാനും സൗകര്യമുണ്ട്. ഇതിന് പുറമെ കോഫി ഷോപ്പുമുണ്ടാകും.

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതാണ് സ്ഥലം. പ്രത്യേക അനുമതി വാങ്ങിയാണ് കുമ്പള പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് ഏജന്‍സിക്കായിരുന്നു നിര്‍മ്മാണ ചുമതല. അവസാന മിനുക്ക് പണികളായാല്‍ കെട്ടിടം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

ആധുനിക രീതിയിലുള്ള മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇറച്ചി വില്‍പനയ്ക്കും പച്ചക്കറിക്കും സൗകര്യം ഒരുക്കുന്ന വിധത്തിലാണ് നിര്‍മ്മാണം. ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് ഒരുകോടി 12 ലക്ഷം രൂപ ചെലവില്‍ മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്. ദ്രുതഗതിയില്‍ നടന്നു വരുന്ന നിര്‍മ്മാണം ഭരണസമിതിയുടെ കാലാവധി തീരുന്നതിനുമുമ്പ് തുറന്നു കൊടുക്കാനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ശോചനീയാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ചുമാറ്റിയാണ് സൗകര്യങ്ങളോട് കൂടിയുള്ള ആധുനിക മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്.

മത്സ്യമാര്‍ക്കറ്റില്ലാത്തത് മൂലം കുമ്പളയില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലെ മത്സ്യ വില്‍പന പഞ്ചായത്ത് ഭരണസമിതിക്കെതിരെ വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. മത്സ്യ വില്‍പന തൊഴിലാളികളും വ്യാപാരികളും തര്‍ക്കവും പതിവായിരുന്നു. കെട്ടിടം പൂര്‍ത്തിയാകുന്നതോടെ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it